• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂദാനത്തിന്‍റെ ഊർജ്ജസ്രോതസ്; നാടിന്‍റെ കൈ പിടിച്ച് യാസ് ക്ലബ്

ഭൂദാനത്തിന്‍റെ ഊർജ്ജസ്രോതസ്; നാടിന്‍റെ കൈ പിടിച്ച് യാസ് ക്ലബ്

രക്ഷാപ്രവ‌ർത്തനത്തിന് പൊലീസും അഗ്നിശമനസേനയും ദുരന്തനിവാരണ സേനയുമെല്ലാം എത്തിയതോടെ ക്ലബ്ബ് പതിയെ പ്രവർത്തനം മറ്റിടങ്ങളിലേക്ക് മാറ്റി

യാസ് ക്ലബ് അംഗങ്ങൾ

യാസ് ക്ലബ് അംഗങ്ങൾ

  • Last Updated :
  • Share this:
ഭൂദാനം യംഗ്സ്റ്റേഴസ് ആർട്സ് ആൻഡ് സ്പോർ​ട്സ് ക്ലബ് എന്ന യാസ് ക്ലബ്ബ് യുവാക്കളുടെ കൂട്ടായ്മയാണ്. ഓണത്തിന് ഗ്രൗണ്ടിൽ ഒത്തു ചേരാനും ക്രിസ്മസ്സിന് കരോൾ നടത്താനും വാ‌ർഷികാഘോഷങ്ങളിൽ നാടകം നടത്താനും മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച യാസ് ക്ലബ് ഇപ്പോഴും അത് തെളിയിച്ചു കൊണ്ടേയിരിക്കുന്ന ഭൂദാനത്തെ ഊ‌ർജ സ്രോതസ്സാണ്.

1988ലാണ് ക്ലബ്ബ് സ്ഥാപിതമായത്. അന്ന് തൊട്ട് ഇന്നു വരേക്കും ഭൂദാനത്തെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ യാസ് ക്ലബ്ബിന്‍റെ സ്വാധീനമോ സഹായമോ ഇല്ലാതെയിരുന്നിട്ടില്ല. ഭൂദാനത്തെ മുഴുവൻ ഇല്ലാതാക്കിയ ഇത്തവണത്തെ പ്രളയകാലത്ത് യാസ് ക്ലബ്ബ് നടത്തിയ പ്രവ‌‌ർത്തനങ്ങൾ ആ മേഖലയ്ക്ക് കുറച്ചൊന്നുമല്ല സഹായകമായിട്ടുള്ളത്.ചാലിയാറിലും കാരാടൻ പുഴയിലും വെള്ളം പ്രതീക്ഷകൾ തെറ്റിച്ച് ഉയർന്നപ്പോൾ മുതൽ യാസ് ക്ലബ്ബ് അംഗങ്ങൾ ജനങ്ങൾ‌ക്കൊപ്പമായിരുന്നു. ആദ്യം വെള്ളം കയറിയ ഇടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിരുന്നു പരിശ്രമം. അത് ഏകദേശം പൂ‌‌ർത്തിയായ സമയത്താണ് മുത്തപ്പൻ കുന്ന് ഇടിയുന്നതും ഗ്രാമം മണ്ണിനടിയിലാകുന്നതും. യാസ് ക്ലബ്ബ് ഭാരവാഹിയായ ഷാജി പറയുന്നു.

മരണങ്ങളില്‍ വിറങ്ങലിച്ചുപോയ ആ നാട്ടില്‍... 41 പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത് അശോക് കുമാറിന്റെ നേതൃത്വത്തിൽ

സത്യത്തിൽ രാത്രി എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും വ്യക്തമായില്ല. മണ്ണിടിച്ചിലാണെന്ന് മനസിലായെങ്കിലും അതിന്‍റെ വ്യാപ്തി ഇരുട്ടിൽ മനസിലായിരുന്നില്ല. പിറ്റേന്ന് രാവിലെയാണ് ശരിക്കും നടുങ്ങിയത്. മറുവശത്ത് കു​ടുങ്ങിയവരെ ഇക്കരയിലേക്ക് സുരക്ഷിതമായി എത്തിക്കാൻ ആയിരുന്നു ആദ്യശ്രമം. പനങ്കയം പാലം മൂടിയതും മറ്റെല്ലാ വഴികളും വെള്ളത്തിൽ മുങ്ങുകയും ചെയ്തതോടെ ഭൂദാനം ശരിക്കും ഒറ്റപ്പെട്ടു. പുറത്ത് നിന്നും ആർക്കും ഇവിടേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിൽ അക്ഷാർത്ഥത്തിൽ എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങി.പക്ഷേ, ജീവൻ പണയം വെച്ചെന്ന് പറയാം മറുകര കടന്ന് തെരച്ചിൽ തുടങ്ങി. തലേന്ന് വീടിനുള്ളിൽ കുടുങ്ങിപ്പോയ വിനോജിന്‍റെ മകൾ അനഖയെ ഇക്കരെ എത്തിക്കലായിരുന്നു ആദ്യശ്രമം. അതിൽ വിജയിച്ചെങ്കിലും അവളു​ടെ ജീവൻ രക്ഷിക്കാനായില്ല. ഭൂദാനത്ത് രക്ഷാപ്രവ‌ർത്തനത്തിൽ സജീവമായിരുന്ന രാജേഷിന്‍റെ ഗ‌‌ർഭിണിയായ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതും ഇവരായിരുന്നു.

രക്ഷാപ്രവ‌ർത്തനത്തിന് പൊലീസും അഗ്നിശമനസേനയും ദുരന്തനിവാരണ സേനയുമെല്ലാം എത്തിയതോടെ ക്ലബ്ബ് പതിയെ പ്രവർത്തനം മറ്റിടങ്ങളിലേക്ക് മാറ്റി. വീടുകൾ വൃത്തിയാക്കലും അവശ്യസാധനങ്ങൾ വിതരണം ചെയ്യലും തുടങ്ങി മറ്റ് ദുരിതനിവാരണ പ്രവർത്തനങ്ങളിൽ ആയിരുന്നു ക്ലബ്ബിന്‍റെ പിന്നത്തെ ശ്രദ്ധ. ഈ സമയം വരെ യാസ് ക്ലബ്ബ് വിശ്രമമില്ലാതെ ആ ദൗത്യങ്ങൾ നിർവഹിക്കുകയാണ്. തുടങ്ങിയ അന്നു മുതൽ സാമൂഹ്യസേവന പ്രവ‌ർത്തനങ്ങളിൽ മാതൃകാപരമായ സേവനമാണ് ക്ലബ്ബ് നടത്തുന്നത്. പ്രദേശത്തെ ഒരാളുടെ കരൾ മാറ്റ ശസ്ത്രക്രിയക്കുള്ള ഫണ്ട് വരെ ഇവ‌ർക്ക് കണ്ടെത്താനായി. ഇന്നും അത്തരം കാരുണ്യപ്രവൃത്തികൾ ഇവർ തുടരുന്നുണ്ട്. ഏത് ദുരന്തത്തെയും അതിജീവിക്കാനും കരകയറാനും നാടിന് സാധിക്കും. ഇതുപോലെ യുവജന കൂട്ടായ്മകളുണ്ടെങ്കിൽ.

(നവംബർ 24ന് ന്യൂസ് 18 കേരളം കോഴിക്കോട് സംഘടിപ്പിക്കുന്ന കരളുറപ്പുള്ള മലബാർ എന്ന പരിപാടിയിൽ യാസ് ക്ലബ് പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും. മേപ്പാടിയിലും ഭൂദാനത്തും നടന്ന ദുരന്തങ്ങളെ അതിജീവിച്ചവരെ ആദരിക്കാനുള്ള ഒരു വേദിയാണ് ന്യൂസ് 18 ഒരുക്കുന്നത്. പരിപാടിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, പി വി അൻവർ എം എൽ എ, സി കെ ശശീന്ദ്രൻ എം എൽ എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.)
First published: