തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാന്‍ നിര്‍ദേശിച്ച എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. മെയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. രണ്ടു ദിവസത്തെ പ്രവചന മാതൃകാ വ്യതിയാനം പരിഗണിച്ചാല്‍ മെയ് 26 നും 30 നും ഇടയില്‍ കേരളത്തില്‍ മണ്‍സൂണെത്തും. 2019 ലും 2020 ലും മണ്‍സൂണ്‍ എപ്പോഴെത്തുമെന്ന് മെയ് രണ്ടാം വാരത്തില്‍ കൃത്യമായി മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചിരുന്നു.
2019 ല്‍ ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തുമെന്നായിരുന്നു പ്രവചനം. ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തിയതായി ഒടുവില്‍ സ്ഥിരീകരണം ഉണ്ടായി. 2020 ല്‍ ജൂണ്‍ രണ്ടി നായിരുന്നു രണ്ട് ദിവസത്തെ മോഡല്‍ വ്യതിയാന പ്രകാരമുള്ള പ്രവചനം. നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജൂണ്‍ ഒന്നി ന് തന്നെ കാലവര്‍ഷം എത്തുകയും ചെയ്തു.
കാലവര്‍ഷ മാനദണ്ഡ പ്രകാരം പടിഞ്ഞാറന്‍ കാറ്റ് 4.2 കി.മി ഉയരം വരെ വ്യാപിക്കണം. 600 മീറ്റര്‍ ഉയരത്തില്‍ കാറ്റിന് 15 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയും വേണം. 27 ന് തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ഈ അന്തരീക്ഷ ഉയരത്തില്‍ കാറ്റിന്റെ വേഗത 20 നോട്ടിക്കല്‍ മൈലിന് മുകളിലാകും എന്നാണ് നിരീക്ഷണം. മെയ് 10 ന് ശേഷം മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കുഡ്ലു, മംഗലാപുരം തുടങ്ങിയ വെതര്‍ സ്റ്റേഷനുകളില്‍ 60 ശതമാനത്തിലും തുടര്‍ച്ചയായ രണ്ടു ദിവസം 2.5 എം.എം മഴ ലഭിക്കണമെന്ന മാനദണ്ഡവും മെയ് 28 നകം പൂര്‍ത്തിയാകുമെന്നാണ് അന്തരീക്ഷ സ്ഥിതി അവലോകനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone, Kerala rain, Kerala Rain Alert