ഇന്റർഫേസ് /വാർത്ത /Kerala / മതപരമായ അസഹിഷ്ണുത പ്രകടമായ വർഷം

മതപരമായ അസഹിഷ്ണുത പ്രകടമായ വർഷം

news18

news18

  • Share this:

    രാജേഷ് വെമ്പായം

    കേരളത്തെ സംബന്ധിച്ചിടത്തോളം മതപരമായ അസഹിഷ്ണുത ഏറ്റവും അധികം പ്രകടമായ വർഷമായിരുന്നു 2018. മതവും ജാതിയും അതിന്റെ പേരിലുള്ള പോർവിളികളും അവകാശവാദങ്ങളും വാദപ്രതിവാദങ്ങളും സജീവമായിരുന്നു. അതിന് കാരണമായ ചില വിഷയങ്ങളും വന്നുചേർന്നുവെന്ന് പറയാം. പുതുവർഷത്തിലേക്ക് കടക്കുമ്പോഴും അവയിൽ പലതും സജീവമായി നിൽക്കുകയാണ്. മതവും ജാതിയും ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമെല്ലാം കേരളീയ സമൂഹത്തിൽ യാഥാർത്ഥ്യാണെങ്കിലും അവ ഇത്രയേറെ മറനീക്കി പുറത്തുവന്ന മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ലെന്ന് പറയാം. വെറുപ്പിന്റെയും അസഹിഷ്ണുതാ പ്രകടനത്തിന്റെയും വേദികളായി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ മാറിയെന്നതാണ് നിർഭാഗ്യകരം.

    മീശ നോവൽ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    എസ്. ഹരീഷിന്റെ മീശ എന്ന നോവൽ നേരിട്ടത് സമാനതകളില്ലാത്ത ആക്രമണമായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ ഖണ്ഡശയായി തുടങ്ങിയ മീശ നോവൽ മൂന്നാം ലക്കമായപ്പോഴേക്കും ഒരുവിഭാഗം വിശ്വാസികളുടെ വിശ്വാസത്തെ ഹനിച്ചെന്ന ആക്ഷേപം ഉയർന്നു. സോഷ്യൽമീഡിയയിലടക്കം നോവലിസ്റ്റിനെതിരെ തെറിയഭിഷേകവും വധഭീഷണികളും ഉയർന്നു. എഴുത്തുകാരന്റെ കുടുംബത്തെ വരെ സമൂഹമാധ്യമങ്ങളിലൂടെ തരംതാണരീതിയിൽ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യ സാംസ്കാരിക നായകന്മാരും പൊതുസമൂഹത്തിലെ വലിയൊരുവിഭാഗവും ഹരീഷിന് പിന്തുണയുമായി വന്നെങ്കിലും ആഴ്ചപതിപ്പിലെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടിവന്നു. ആഴ്ചപ്പതിപ്പിൽ ജൂലൈ 15നു പുറത്തിറങ്ങിയ നോവലിന്‍റെ മൂന്നാം ഭാഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. മലയാളി സമൂഹത്തിന്‍റെ മനസ് നോവല്‍ വായിക്കാന്‍ തക്ക പക്വത ആർജിക്കുമ്പോള്‍ പ്രസിദ്ധീകരിക്കാം എന്നായിരുന്നു നോവലിസ്റ്റ് പറഞ്ഞത്. എന്നാൽ‌ നോവൽ പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സ് മുന്നോട്ടുവരികയും പത്തു ദിവസത്തിനുള്ളിൽ നോവൽ പൂർ‌ണ രൂപത്തിൽ‌ പ്രസിദ്ധീകരിച്ച് വിപണിയിൽ എത്തിക്കുകയും ആയിരുന്നു. നോവലിനെ എതിർത്തും അനുകൂലിച്ചും സോഷ്യൽമീഡിയയിൽ അടക്കം നടന്ന ചർ‌ച്ചകൾ പലതും സഭ്യതയുടെ സകലസീമകളും ലംഘിക്കുന്നതരത്തിലായിരുന്നു.

    മീശ പിരിച്ച് കേരളം; ഹരീഷിന് പിന്തുണ

    കിത്താബ് നാടകം

    കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള പുരസ്കാരവും നേടിയ നാടകം മതസംഘടനകളുടെ ആക്രമണത്തിനിരയായി പിൻവലിക്കേണ്ടിവന്നു. മേമുണ്ട സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകത്തിനാണ് സംഘടിതമായ ആക്രമണം നേരിടേണ്ടിവന്നത്. തുടർന്ന് സംസ്ഥാനതലത്തിലേക്ക് നാടകം അയക്കേണ്ടെന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചു. ഉണ്ണി. ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടക ആവിഷ്‌കാരമായിട്ടായിരുന്നു കിത്താബ് അവതരിപ്പിച്ചതെന്നാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ച റഫീഖ് മംഗലശ്ശേരി അറിയിച്ചിരുന്നത്. നാടകത്തിനെതിരെ ചില മുസ്ലിം സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ അത് തന്റേതല്ലെന്ന് വിശദീകരിച്ച് കഥാകൃത്ത് ഉണ്ണി.ആർ രംഗത്തെത്തി. പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂറികൾ ഉള്ളപ്പോൾ സ്ത്രീകൾക്ക് ഹൂറന്മാർ ഇല്ലാത്തതെന്തെന്ന് നാടകത്തിലെ സ്ത്രീ കഥാപാത്രം ചോദിക്കുന്നുണ്ട്. പുരുഷന്മാരുടെ പകുതി ബുദ്ധിയേ സ്ത്രീകൾക്കുള്ളൂ എങ്കിൽ പുരുഷന്മാരുടെ പകുതി വസ്ത്രം സ്ത്രീകൾ ധരിച്ചാൽ പോരേ എന്നും ചോദ്യം ഉയർത്തുന്നുണ്ട്.പള്ളിയിൽ സ്ത്രീകൾ ഒരുമിച്ച് വാങ്ക് കൊടുക്കുന്ന രംഗത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഇത് ഇസ്ലാംമതത്തിനെതിരാണെന്ന് ആരോപിച്ച് സ്കൂളിന് നേരെ പ്രതിഷേധങ്ങളുയർന്നു. സമ്മർദം ശക്തമായതോടെ നാടകം പിൻവലിക്കേണ്ടിയുംവന്നു. ഇതിനിടെ നാടകത്തിന്റെ ശരിതെറ്റുകളെ കുറിച്ച് ചൂടേറിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നു.

    ആവിഷ്‌കാര സ്വാതന്ത്ര്യവാദികളും പിന്തുണച്ചില്ല; 'കിത്താബ്' പിന്‍വലിച്ച് സ്‌കൂള്‍

    ശബരിമല

    ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രവിധി വന്നത് സെപ്തംബർ 28ന്. ഇതിന് പിന്നാലെ സമീപകാലത്ത് കേരളം കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളുയർ‌ന്നു. വിധിയെ അനുകൂലിച്ചും എതിർത്തും കേരളീയസമൂഹം വിഭജിക്കപ്പെട്ടു. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്ന ശബരിമല കർമസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആവശ്യം സംസ്ഥാന സർക്കാർ തള്ളി. വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇതോടെ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനാവശ്യധൃതി കാണിക്കുന്നുവെന്നും ഇത് ഭൂരിഭാഗം വരുന്ന ഹൈന്ദവവിശ്വാസികൾക്കെതിരായ വെല്ലുവിളിയാണെന്നും ആരോപിച്ച് ബിജെപി സമരരംഗത്തിറങ്ങി. സുപ്രീംകോടതി വിധി വന്നശേഷം തുലമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറന്നപ്പോൾ ശബരിമലയും സമീപപ്രദേശങ്ങളും സംഘർഷഭൂമിയായി. നിലയ്ക്കലിലും പമ്പയിലും പ്രതിഷേധങ്ങളുണ്ടായി. പൊലീസ് നടപടികളുണ്ടായി. ശബരിമല ദർശനത്തിനെത്തിയ വനിതകളെ പ്രതിഷേധക്കാർ തടഞ്ഞു. മാധ്യമപ്രവർത്തകർക്ക് മർദനമേറ്റു. പൊലീസ് നടപടിയുടെ പേരിൽ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് ചിത്തിര ആട്ടവിശേഷത്തിനായി നവംബർ അഞ്ചിന് നട തുറന്നപ്പോഴും സമാനമായ സംഭവങ്ങളുണ്ടായി. ഇതിനിടെ എൻ.എസ്.എസ്. അടക്കമുള്ള സംഘടനകൾ സുപ്രീംകോടതിയിൽ പുനുഃപരിശോധനാ ഹർജി സമർപ്പിച്ചു. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരിയിൽ പരിഗണിക്കുമെന്ന് വ്യക്തമാക്കിയതോടെ താൽക്കാലികമായ ആശ്വാസമുണ്ടായി. എന്നാൽ മണ്ഡലകാലം തുടങ്ങിയതോടെ വീണ്ടും സ്ഥിതി മാറി. ശക്തമായ പ്രതിഷേധങ്ങളും നാമജപവും സന്നിധാനത്ത് നടന്നു. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സമരം നടന്നു. നേതാക്കൾ ജയിലിലായി. അതിന്റെ പേരിൽ ഹർത്താലുകളും ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കലുമുണ്ടായി. ശബരിമലയുടെ പേരിൽ കേരളീയ പൊതുസമൂഹം രണ്ടുതട്ടിലായി. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. സോഷ്യൽമീഡിയകളിൽ ഇതിന്റെ ചൂടും ചൂരും ദൃശ്യമായി. വർഷം അവസാനിക്കുമ്പോഴും ഇതിന്റെ പേരിലുള്ള പോരടിക്കൽ തുടരുകയാണ്.

    ശബരിമല: എന്തായിരുന്നു സര്‍ക്കാരുകളുടെ നിലപാടുകള്‍?

    പിറവം പള്ളി

    ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ധൃതി കാണിക്കുന്ന സർക്കാർ പിറവം പള്ളിയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണം ഉയർന്നു. ഏപ്രിൽ 19നാണ് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണനിർവഹണം 1934 ലെ ഭരണഘടനയനുസരിച്ച് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സുപ്രീം കോടതി വിധിച്ചത്. ആറു മാസം കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും ചെയ്തു. സമവായം അല്ല വിധി നടപ്പാക്കുകകയാണ് വേണ്ടതെന്ന് കോടതി അഡ്വക്കേറ്റ് ജനറലിനോട് പറയുകയും ചെയ്തു. ഇതോടെ യാക്കോബായ വിഭാഗം കൈവശം വച്ചിരിക്കുന്ന പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാനായി പൊലീസ് എത്തിയെങ്കിലും ആത്മഹത്യാ ഭീഷണിയുമായി സ്ത്രീകൾ അടക്കമുള്ള വിശ്വാസികൾ നിരന്നതോടെ പിൻവാങ്ങി. ഈ മാസം 10ന് വൻസംഘർഷാവസ്ഥയാണ് പള്ളിയിലും പരിസരത്തും ഉണ്ടായത്. യാക്കോബായ വിഭാഗത്തിലെ സ്ത്രീകളടക്കം ആറു പേർ ആത്മഹത്യ ഭീഷണി മുഴക്കി മണ്ണെണ്ണയും കഴുത്തിൽ കുരുക്കുമായി കെട്ടിടത്തിന്റെ മുകളിൽ നിരന്നതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് കുഴങ്ങി. തുടർന്ന് പൊലീസ് പിൻവാങ്ങി.

    പിറവം പള്ളിയിൽ സംഘർഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ

    കോതമംഗലം പള്ളി

    ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ സുപ്രീം കോടതി വിധിയോടെ നിയമപരമായി അധികാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ വിധി നടപ്പാക്കാനായിട്ടില്ല. ഇതിനിടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോടതി വിധി അനുസരിച്ച് ഈ മാസം 20ന് പ്രാര്‍ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാനെ കോതമംഗലം പള്ളിയില്‍ പ്രവേശിപ്പിക്കാതെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു.

    സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളാണ് റമ്പാനെ പ്രവേശിപ്പിക്കാതെ തടഞ്ഞത്. പൊലീസിനെയോ ഓര്‍ത്തഡോക്സ് വിഭാഗത്തെയോ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ നിലപാടെടുത്തത്. സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരില്‍ 20 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി. അറസ്റ്റ് ചെയ്തവരെ തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ട് ബാക്കിയുള്ളവര്‍ പ്രതിഷേധം കടുപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ പള്ളിക്കു മുമ്പിലെ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. 26 മണിക്കൂറിന് ശേഷം ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

    First published:

    Tags: Kithab drama, Meesha novel, Piravam church, Sabarimala Women Entry, Year Ender 2018, Year of religious intolerance, ഇയർ എൻഡർ, കിത്താബ് നാടകം, പിറവം പള്ളി, മീശ നോവൽ, ശബരിമല