തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Rain Alert) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കൊല്ലം(Kollam) , പത്തനംതിട്ട (Pathanamthitta) ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾകടലിൽ (Bay of Bengal) ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുന മർദ്ദം ശക്തി പ്രാപിച്ചു മാർച്ച് 21 ഓടെ ആന്തമാൻ തീരത്തിനു സമീപത്തു വച്ചു ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
മാർച്ച് 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് വെച്ച് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. അതേസമയം ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിനു പ്രത്യക്ഷത്തില്‍ ഭീഷണിയാകില്ല എന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരളത്തിൽ ഒറ്റപെട്ട വേനൽ മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ചൂടിന് നേരിയ ശമനം ഉണ്ടാകും.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും ശരാശരി മഴ തുടരും. മഴ കിട്ടിതുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കൊടും ചൂട് രേഖപ്പെടുത്തിയ പുനലൂരിടക്കം ഉയർന്ന താപനില സാധാരണനിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ്. 37.2 ഡിഗ്രി സെൽഷ്യസ്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16-03-2022 & 17-03-2022: തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
18-03-2022: തെക്ക് ആൻഡമാൻ കടലിലും തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19 -03-2022: തെക്ക് ആൻഡമാൻ കടലിലും തെക്ക് - കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
20-03-2022: തെക്ക് ആൻഡമാൻ കടലിലും വടക്ക് ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.