• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ദേശീയപാതയിലെ കുഴിയിൽ ബൈക്ക് ചാടി തെറിച്ചുവീണ യുവാവ് മരിച്ചു

Accident | ദേശീയപാതയിലെ കുഴിയിൽ ബൈക്ക് ചാടി തെറിച്ചുവീണ യുവാവ് മരിച്ചു

ദേശീയ പാതയിൽ തളിക്കുളത്തിനും പത്താംകല്ലിനും ഇടയിലായിരുന്നു അപകടം. സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സനു

  • Share this:
    തൃശൂർ: ദേശീയ പാതയിലെ കുഴിയിൽ വീണ് പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. കുന്നംകുളം പഴഞ്ഞി സ്വദേശി സനു ജെയിംസാണ്(29) മരിച്ചത്. ചാവക്കാട്-കൊടുങ്ങല്ലൂർ പാതയിൽ തളിക്കുളത്തിന് അടുത്ത് ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സനു ജെയിംസ് ഇന്നലെ രാത്രിയാണ് മരിച്ചത്. ദേശീയ പാതയിൽ തളിക്കുളത്തിനും പത്താംകല്ലിനും ഇടയിലായിരുന്നു അപകടം. സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സനു. അവിവാഹിതനാണ്.

    അപകടത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധികൃതർ ഉടനടി ഇടപെട്ട് കുഴികൾ അടച്ചു. കഴിഞ്ഞ കുറച്ചുകാലമായി ചാവക്കാട്-തളിക്കുളം ഭാഗത്ത് ദേശീയപാത തകർന്ന നിലയിലാണ്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡിൽ ടൈൽ നിരത്തുന്ന ജോലികൾ തുടർന്നുവരികയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം റോഡിലെ കുഴികളിൽ വെള്ളം നിറയുന്നുണ്ട്. ഇതും അപകട കാരണമാകുന്നുണ്ട്. സനു ജെയിംസ് അപകടത്തിൽപ്പെട്ടതിനും കാരണം ഇതുതന്നെയായിരുന്നു.

    'സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നു': എൽദോസ് കുന്നപ്പള്ളിൽ MLA

    സംസ്ഥാനത്തെ റോഡുകളിലെ കുഴിയെ ചൊല്ലി നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നുവെന്നും കോൺഗ്രസ് എംൽഎ എൽദോസ് കുന്നപ്പള്ളിൽ അടിയന്തരപ്രമേയ നോട്ടീസിൽ ആഞ്ഞടിച്ചു. റോഡിലെ കുഴികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂസ് 18 നൽകിയ വാർത്ത പരാമർശിച്ചായിരുന്നു എൽദോസ് കുന്നപ്പള്ളി സർക്കാരിനെതിരെ രംഗത്തെത്തിയത്.

    അതേസമയം റോഡിലെ കുഴി പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കാലാവസ്ഥ അടക്കം ഇതിനു കാരണമാണ്. പ്രശ്നം പരിഹരിക്കാൻ മഴക്കാലത്ത് ആസൂത്രണ പ്രവർത്തനങ്ങൾ നടക്കുന്നു. ടാസ്ക് ഫോഴ്സുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കുഴി പോലും ഇല്ലാത്ത റോഡുകളായി മാറണം എന്നാണ് സർക്കാരിൻറെ ആഗ്രഹം. ഘട്ടം ഘട്ടമായി അത് കൈവരിക്കും. കഴിഞ്ഞ ജൂലൈയേക്കാൾ ഇപ്പോൾ റോഡുകളിൽ കുഴി കുറവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതികൾ സർവകാല റെക്കോർഡോടെ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

    റോഡുകളിലെ കുഴി കേരളവും കേന്ദ്രവും പരസ്പരം പഴി ചാരുന്നു ജനങ്ങളുടെ നടുവൊടിയുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ് റോഡിൽ കുഴി പെരുകാൻ കാരണമെന്നും എൽദോസ് കുന്നപ്പള്ളി ആരോപിച്ചു. കുഴികൾ എന്നല്ല മുതല കുഴികൾ എന്നാണ് പറയേണ്ടതെന്ന് എൽദോസ് കുന്നപ്പള്ളി പരിഹസിച്ചു. ഇതിൽ നിന്ന് നാടിന്റെ മോചനമാണ് ആവശ്യം. സംസ്ഥാനത്തെ മുഴുവൻ റോഡുകളും മോശം അവസ്ഥയിലേക്കാണ്. കമലേശ്വരം കല്ലാട്ടുമുക്ക് റോഡ് ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. കോവളത്തേക്കുള്ള വിനോദ സഞ്ചാരത്തെ ഇത് ബാധിക്കുന്നു. റോഡിന്റെ സ്ഥിതി മലയാളിക്ക് അപമാനമാണെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു.

    തിരുവനന്തപുരം കമലേശ്വരം റോഡിന് ഏഴ് കോടി അനുവദിച്ചുവെന്നു കഴിഞ്ഞവർഷത്തെ കുഴികൾ എല്ലാം നികത്തിയെന്നും മന്ത്രി റിയാസ് പറഞ്ഞു. സർക്കാരിനെത്തിരെ ചിലർ തുടർച്ചയായി അപവാദ പ്രചരണം നടത്തുന്നു. സംസ്ഥാനത്തിന്റെ വികസനം തടയാനും സംസ്ഥാനത്തെ ആക്ഷേപിക്കാനും ആണ് ശ്രമിക്കുന്നത് . അത് തുറന്ന് കാട്ടും. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചില കേന്ദ്രമന്ത്രിമാർ വന്നുപോകുന്നതെന്നും റിയാസ് പറഞ്ഞു.

    കേന്ദ്രമന്ത്രിമാരുമായി തമ്മിൽ തല്ലിയതല്ലെന്നു പറയേണ്ട കാര്യങ്ങൾ പറയേണ്ടേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
    നിങ്ങൾക്ക് ബിജെപി കേന്ദ്രമന്ത്രിമാരുടെ വരവിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തതല്ലല്ലോയെന്ന് മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. കോൺഗ്രസിൽ നിൽക്കുകയും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ
    ബി ജെ പി രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും റിയാസ് പറഞ്ഞു.
    Published by:Anuraj GR
    First published: