ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. മുസ്ലീം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയിലേക്ക് (Mecca) ഹജ്ജ് (Hajj) കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍റെ യാത്ര. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാട്ടുകാരില്‍ പലരും നിനക്ക് പ്രാന്താണോ ? എന്ന് ചോദിച്ചപ്പോള്‍ ഇനി പിന്നോട്ടില്ല, പടച്ചോന്‍റെ കൃപയുണ്ടെങ്കില്‍ യാത്ര വിജയിക്കുമെന്ന് ശിഹാബ് മറുപടി നല്‍കി. ഉമ്മ സൈനബയും ഭാര്യ ഷബ്നയും ശിഹാബിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഒന്‍പത് മാസത്തെ ആലോചനയിലൂടെയാണ് യാത്ര ആസുത്രണം ചെയ്തത്.
വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കി. 280 ദിവസം വരുന്ന കാൽനടയാത്ര ജൂൺ രണ്ടിന് തുടങ്ങും.
‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’- ശിഹാബ് പറഞ്ഞു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെയും കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
മണിക്കൂറിൽ 7 കിലോമീറ്റർ വരെ നടക്കാനാകുമെന്ന് ശിഹാബ് ഉറപ്പുവരുത്തി. ഒരു വർഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സൗദിയിൽ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.
പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്ത ശിഹാബ് അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി.പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയിൽ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങൾ, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങൾമാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കാണ് തീരുമാനം.
ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി
ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിനായി എത്തുന്ന ഇന്ത്യൻ ഹാജിമാർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിൽ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി (Central Hajj Committee Chairman AP Abdullakutty) അറിയിച്ചു. ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ വിലയിരുത്താനായി സൗദിയിലെത്തിയ അദ്ദേഹം ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്രാവശ്യത്തെ ഹജ്ജ് നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ നിന്നും ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.