അടിമാലി: പ്രണയം പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നിരാശയിൽ ജീവനൊടുക്കാൻ പാറമുകളിൽ കയറിയ യുവതിയെ പോലീസ് അവസരോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിൽനിന്നാണ് തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയെ അടിമാലി എസ്.ഐ. കെ.എം.സന്തോഷ്കുമാറും സംഘവും യുവതിയെ രക്ഷിച്ചത്.
പ്രദേശത്തുള്ള ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ നിരാശയിലായ യുവതി ബുധനാഴ്ച പുലർച്ചെ ജീവനൊടുക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു.
അടിമാലി ടൗണിൽനിന്ന് കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടാണിത്. മഴയായതിനാൽ വഴുക്കലുള്ളതാണ് ഈ പാറക്കെട്ട്. ബുധനാഴ്ച രാവിലെ ഒരു യുവതി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന് കണ്ടു. വിവരം പോലീസിനെ അറിയിച്ചു. അടിമാലി എസ്.ഐ. കെ.എം.സന്തോഷ്, അബ്ബാസ് എന്നിവർ മലമുകളിലേക്ക് കുതിച്ചു. യുവതി നിൽക്കുന്നതിന് സമീപത്തെത്തി.
ആദ്യം തിരികെ വരാൻ യുവതി തയ്യാറായില്ല. കാരണം തിരക്കിയപ്പോഴാണ്, താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് ഇവര്‍ നിലയുറപ്പിച്ചിരുന്നത്. ഒരുമണിക്കൂറോളം പോലീസ് യുവതിയുമായി പ്രശ്നത്തെ കുറിച്ച് സംസാരിച്ചു.
യുവതി പറയുന്നതെല്ലാം ശ്രദ്ധാപൂർവം പോലീസ് കേട്ടു. ഒടുവിൽ ഇവരുടെ മാനസികസംഘർഷത്തിന് ഇളവുവരുത്തി. ഏതുപ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ, ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് ഇവരെ മാതാപിതാക്കളോടൊപ്പം അയച്ചു. യുവതി പറഞ്ഞ യുവാവിനോടും ഇരുകൂട്ടരുടെയും ബന്ധുക്കളോടും അടുത്തദിവസം സ്റ്റേഷനിലെത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.