പി.വി അൻവർ എം.എൽ.എയെ ഒരു മാസത്തിലധികമായി കാണാനില്ല; പൊലീസിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്
പി.വി അൻവർ എം.എൽ.എയെ ഒരു മാസത്തിലധികമായി കാണാനില്ല; പൊലീസിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്
നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്വറിനെകാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പൊലീസില്‍ പരാതി നല്കി. എന്നാൽ പരാതി സ്വീകരിക്കാൻ നിലമ്പൂര്‍ പൊലീസ് തയാറാകാത്തതിനാൽ ഇ-മെയിലായാണ് പരാതി നല്‍കിയത്. ഒരു മാസത്തിലധികമായി എം.എല്‍.എയെ കാണാനില്ലെന്നും യാതൊരു വിവരമില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. നിയമസഭാ സമ്മേളനത്തിലും എം.എൽ.എ പങ്കെടുത്തില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എയെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റെ മൂര്‍ഖന്‍ ഷംസുദ്ദീനാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇതനിടെ കക്കാടംപൊയിലിലെ പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആര് നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വിദഗ്ദസമിതിയെ നിയോഗിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് കോഴിക്കോട് സെന്ററിലെ ശാസ്ത്രജ്ഞന്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ദസമിതി. രണ്ടാഴ്ചക്കകം സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അനധികൃത തടയണകളും നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കണമെന്ന പരാതിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കളക്ടറുടെ നടപടി. നിയമവിരുദ്ധമായി നിര്‍മ്മിച്ച റിസോര്‍ട്ടിനും തടയണകള്‍ക്കുമെതിരെ വിവിധ വ്യക്തികള്‍ നല്കിയ പരാതിയില്‍ രണ്ടു വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ രണ്ടു മാസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.