ചിന്ത ജെറോമിനെതിരെ (Chintha Jerome) ലോകായുക്തയിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ തലപ്പത്തിരുന്ന് യുവജന കമ്മീഷൻ അധ്യക്ഷ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്.
ജുഡീഷ്യല്‍ പദവിയിലിരിക്കുന്ന ചിന്ത പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ‘കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവില്‍ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. 9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകള്‍ നിര്വ്വഹിക്കുമ്പോള് 1908-ലെ സിവില്‍ നടപടി നിയമസംഹിത (1908ലെ 5-ാം കേന്ദ്ര ആക്ട് ) പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷനുണ്ട്.
Also read: എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിന്; യുവജന കമ്മീഷൻ ചെയർപെഴ്സണ്‍ ശമ്പളം ഒരു ലക്ഷം; 2017ലെ കുടിശിക നല്‍കും
പരാതിയിന്മേല് ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകല്‍ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേല്‍ വിസ്തരിക്കുന്നതിനും, രേഖകള്‍ കണ്ടെടുക്കുവാനും, ഹാജരാക്കുവാന്‍ ആവശ്യപ്പെടുന്നതിനും, തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയില്‍ നിന്നോ, ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകര്‍പ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. ഈ അധികാരമൊക്കെയുള്ളപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതെന്നാണ് പരാതിയിലെ ആക്ഷേപം.
ലോകായുക്ത തിങ്കളാഴ്ച പരാതി പരിഗണിച്ചേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.