• HOME
  • »
  • NEWS
  • »
  • kerala
  • »
  • കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; ഇപി ജയരാജനെതിരെ ഡിജിപിക്ക് പരാതി

കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; ഇപി ജയരാജനെതിരെ ഡിജിപിക്ക് പരാതി

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്

  • Share this:
    യൂത്ത് കോൺഗ്രസ് (Youth Congress) പ്രവർത്തകരെ വിമാനത്തില്‍ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ  എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍ (E.P Jayarajan) ശ്രമിച്ചതായി പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

    ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപിക്കു നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.



    തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജൻ എന്നയാൾ മേൽ വിവരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവർത്തി മൂലം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുള്ളതാണ്’ – യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.

    Also Read- മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

    ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാത്തത് കൃത്യവിലോപവും നിയമവിരുദ്ധവുമാണന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ കളവായി ആരോപിച്ച് കേസെടുത്തെന്നും പരാതിയിലുണ്ട്.

    'അക്രമത്തെ പ്രതിരോധിക്കുകയാണ് ചെയ്തത്, വിമാനക്കമ്പനി ഇങ്ങോട്ട് നന്ദി പറയണം'; ഇ.പി ജയരാജന്‍


    വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ താൻ അതിനെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും അതിന് വിമാനക്കമ്പനി തന്നോട് ഇങ്ങോട്ട് നന്ദി പറയണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാനത്ത് അപകടകരമാം വിധത്തിലുള്ള സംഘർഷത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നുവെന്ന പ്രസ്താവനയും അദ്ദേഹം തിരുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

     Also Read- പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് DYFI പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി; പൊലീസ് പുറത്താക്കി

    മെഡിക്കൽ റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ച കാര്യം പറയുന്നില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കള്ള് കുടിക്കാത്തതാണോ പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിമാനത്തിനുള്ളിൽ അവർ പെരുമാറിയത് കണ്ടാൽ ആർക്കും അങ്ങനെ തോന്നിപ്പോകും. തനിക്ക് തോന്നിയതാണ് പറഞ്ഞതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

    വി.ഡി സതീശനും കെ.സുധാകരനും ചേർന്നാണ് അക്രമികളെ വിമാനത്തിൽ കയറ്റിവിട്ടത്. സാമാന്യ ബോധമുള്ള ഒരാളും ചെയ്യുന്ന പ്രവർത്തിയല്ല അവർ ചെയ്തത്, ജയിലിൽ കിടന്ന സ്വപ്നയാണ് നിലവിൽ യുഡിഎഫിന്റെ പ്രധാന സംരക്ഷകയെന്നും ഗാന്ധിസവും നെഹ്‌റുയിസവുമൊക്കെ വിട്ട് കോൺഗ്രസ് ഇപ്പോൾ മറ്റ് ചില ഇസങ്ങൾക്ക് പുറകെയാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
    Published by:Arun krishna
    First published: