HOME /NEWS /Kerala / കൊതുകിനെ കൊല്ലൂ, പണം നേടൂ; ഒരു കൊതുകിന് 5 പൈസ, ഓഫർ പരിമിത കാലത്തേക്ക് മാത്രം

കൊതുകിനെ കൊല്ലൂ, പണം നേടൂ; ഒരു കൊതുകിന് 5 പൈസ, ഓഫർ പരിമിത കാലത്തേക്ക് മാത്രം

പിടിച്ച കൊതുകിനെ എണ്ണുന്ന പ്രവർത്തകർ

പിടിച്ച കൊതുകിനെ എണ്ണുന്ന പ്രവർത്തകർ

കൊച്ചിയിലെ കൊതുക് ശല്യം ഇല്ലായ്മ ചെയ്യാൻ റെഡിയെങ്കിൽ യൂത്ത് കോൺഗ്രസിനെ സമീപിക്കാം

  • Share this:

    കൊച്ചി: കൊതുകിനെ കൊന്ന്,  അതിനുള്ള 'തെളിവുമായി' എത്തിയാൽ പണവുമായി മടങ്ങാം. ഒരു കൊതുകിന്  അഞ്ച് പൈസയാണ് പാരിതോഷികം. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ്.  അങ്ങനെയെങ്കിലും കൊച്ചിയിലെ കൊതുക് ശല്യം ഇല്ലായ്മ ചെയ്യാൻ  കഴിയുമോ എന്ന് പരിശ്രമിക്കുകയാണ് യൂത്ത് കോൺഗ്രസ്. കൊതുക് നശീകരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഈ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

    കൊതുകിനെ കൊന്ന് പ്ലാസ്റ്റിക് കുപ്പികളിലാക്കി എത്തിയവർ അത് മേശപ്പുറത്ത് നിരത്തി. നേതാക്കൾ വട്ടം കൂടി വില നിശ്ചയിച്ചു. പിന്നെ അത്  ഉദ്ഘാടകനായ എം.എല്‍.എ. ടി.ജെ. വിനോദ് വിതരണം ചെയ്തു.

    കൊതുക് ശല്യത്തിനെതിരെ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ മേയറെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. മുന്‍പ് കോര്‍പ്പറേഷന് മുന്‍പില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊതുക് ബാറ്റ് ഉപയോഗിച്ച് തിരുവാതിര കളിച്ച് പ്രതിഷേധിച്ചിരുന്നു.

    അതേസമയം, കൊച്ചി നഗരത്തിൽ കോർപ്പറേഷൻ അധികൃതർ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. ഇതിനായി കർമ്മ പദ്ധതി രൂപീകരിച്ചു. കഴിഞ്ഞ കോർപ്പറേഷൻ കൗണ്‍സിലില്‍ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് ഒരു കര്‍മ്മപദ്ധതി അവതരിപ്പിച്ചിരുന്നു. ഇത് പ്രകാരമാണ് നഗരസഭയുടെ പ്രവർത്തനങ്ങൾ.

    കിഴക്കന്‍ മേഖലയില്‍ ആറു വാഹനങ്ങളിലും, പടിഞ്ഞാറന്‍ മേഖലയില്‍ നാല് വാഹനങ്ങളിലുമായി ഫോഗിംഗും പവര്‍ സ്പ്രേയിംഗും ആരംഭിച്ചു. രാവിലെ 5 മണി മുതല്‍ 7 മണിവരെ ഫോഗിംഗ് ആണ്. 7.30 മുതല്‍ 12 മണിവരെ ഇവിടെ പവര്‍സ്പ്രേയിംഗും നടത്തും. ഇതു കൂടാതെ വൈകിട്ട് 6 മണിമുതല്‍ 7.30 വരെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ചതുപ്പ് പ്രദേശങ്ങളിലുള്‍പ്പെടെ ഹീല്‍ പദ്ധതി പ്രകാരം നിയോഗിച്ച തൊഴിലാളികള്‍ ഹാന്‍റ് സ്പ്രേയിംഗും നടത്തുമെന്നും മേയർ എം. അനിൽകുമാർ അറിയിച്ചു. നഗരത്തില്‍ സാധാരണ നടന്നു വരുന്ന വലിയ വാഹനത്തിലുളള ഫോഗിംഗും തടസ്സം കൂടാതെ നടക്കും.

    കൊതുക് നശീകരണത്തിന് മാസ് വര്‍ക്ക് ആരംഭിച്ചിരുന്നതായാണ് നഗരസഭ വ്യക്തമാക്കുന്നത്. ഹീല്‍ പദ്ധതിയുടെ ഭാഗമായി ഓരോ ഡിവിഷനിലും മൂന്ന് ജീവനക്കാരെ വീതം കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയുമുണ്ടായി. അവര്‍ക്കാവശ്യമായ ഫോഗിംഗ് മെഷീന്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം വാങ്ങി നല്‍കി. സംസ്ഥാനത്തെ ഫൈലേറിയ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുളള പരിശീലനവും ഈ തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു.

    കെതുക് വളരുന്ന ഇടങ്ങളില്‍ കൃത്യം ഏഴു ദിവസത്തെ ഇടവേളയില്‍ മരുന്ന് സ്പ്രേ ചെയ്യുന്നതായിരുന്നു അന്ന് സ്വീകരിച്ചിരുന്ന രീതി. അതിനാല്‍ തന്നെ ആ സന്ദര്‍ശഭത്തില്‍ കൊതുക് ശല്യം നല്ല രീതിയില്‍ കുറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ കൊതുക് ശല്യം വര്‍ദ്ധിച്ചതായി വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെയെല്ലാം നഗരസഭ ഗൗരവത്തോടെയാണ് കാണുന്നതെന്നും മേയർ എം. അനിൽകുമാർ  പറഞ്ഞു.

    കൊതുക് ശല്യം പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടണമെങ്കില്‍ നഗരത്തില്‍ സ്വീവേജ് പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണ്. സെപ്ടിക് ടാങ്കുകളും വെന്‍റ് പൈപ്പുകളുമാണ് കൊതുക് ഉത്പാദനത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത്. മാത്രമല്ല, സ്ഥാപനങ്ങളിലും വീടുകളിലും കെട്ടിക്കിടക്കുന്ന ജലവും കൊതുകിന്‍റെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. അതിനാല്‍ പൊതുജന പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നണ് നഗരസഭ ആഗ്രഹിക്കുന്നതെന്നും അനിൽ കുമാർ വ്യക്തമാക്കി

    First published:

    Tags: Kochi Corporation