• HOME
  • »
  • NEWS
  • »
  • kerala
  • »
  • Youth Congress | ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പ്രശംസിച്ച കെ സുധാകരനെ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ്

Youth Congress | ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പ്രശംസിച്ച കെ സുധാകരനെ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ്

'പൊതിച്ചോറിന്റെ രാഷ്ട്രീയം- കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണ്'

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: ഡിവൈഎഫ്‌യുടെ(DYFI) പൊതിച്ചോര്‍ വിതരണത്തെ പുകഴ്ത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ(K Sudhakaran) തള്ളി യൂത്ത് കോണ്‍ഗ്രസ്(Youth Congress) നേതാവ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. ഇതിനെതിരെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ രംഗത്തെത്തിയത്.

കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണെന്നായിരുന്നു ദുല്‍ഖിഫിലിന്റെ വിമര്‍ശനം. ശരത്ത് ലാല്‍ കൃപേഷ് ഷുഹൈബ് ഈ കൊലപാതകകേസുകളില്‍ ഒക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഉള്ളവരോ ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ഉള്ളവരോ ഉണ്ട്. ഈ ഡി.വൈ.എഫ്.ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടതെന്ന് ദുല്‍ഖിഫില്‍ ചോദിക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അച്ചടക്കം വേണം. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നവര്‍ യൂണിറ്റ് കമ്മിറ്റിയുടെ നിലവാരമെങ്കിലും പ്രസ്താവന ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലതെന്ന് ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡി.വൈ.എഫ്. ഐ പോലുള്ള സംഘടനയെ പുകഴ്ത്തുന്നതിനു മുന്‍പ് അതിനുള്ളിലൊളിഞ്ഞിരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തുറന്ന് കാണിക്കാനാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് ദുല്‍ഖിഫില്‍ പറയുന്നു.

Also Read-DYFI യുടെ 'പൊതിച്ചോറ് വിതരണം' മാതൃകയാക്കണമെന്ന് KPCC പ്രസിഡന്‍റ് കെ.സുധാകരന്‍

ദുല്‍ഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, 'ഞാന്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തില്‍ പ്രധാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമല്ല, പട്ടിണി മാറ്റലല്ല, തൊഴില്‍ സൃഷ്ടിക്കലല്ല, പകരം അത് ഒരോ വ്യക്തിയെയും ബോധ്യപ്പെടുത്തണം അവന്റെ വിധിയുടെ യജമാനന്‍ അവന്‍ തന്നെയാണെന്ന്'

'പൊതിച്ചോറിന്റെ രാഷ്ട്രീയം '- കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണ്. ശരത്ത് ലാല്‍ കൃപേഷ് ഷുഹൈബ് ഈ കൊലപാതകകേസുകളില്‍ ഒക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഉള്ളവരോ ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ഉള്ളവരോ ഉണ്ട്. ഈ ഡി.വൈ.എഫ്.ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടത്? കൃപേഷ് ശരത്ത് ലാല്‍ വധക്കേസിലെ പാര്‍ട്ടിക്കാരായ പ്രതികളെയോ ഷുഹൈബ് വധക്കേസിലെ പ്രതികളെയോ ഈ സമയം വരെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞിട്ടില്ല.

ഇതേ ഡി.വൈ.എഫ്.ഐ, സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വലിയ മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപക പ്രചരണം നല്‍കി നടത്തുന്ന ഭക്ഷണ വിതരണത്തെ മാതൃകയാക്കാന്‍ പറയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ സാധിക്കില്ല.

സി.എച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകള്‍ വര്‍ഷങ്ങളായി യാതൊരു പ്രചാരണവും നല്‍കാതെ അനേകായിരം രോഗികള്‍ക്ക് ദിവസേന മരുന്നും ഭക്ഷണവും നല്‍കി കരുതലേകുന്നുണ്ട് നമ്മുടെ കേരളത്തില്‍. അവിടെയാണ് കേരളത്തില്‍ വ്യാപക അക്രമങ്ങള്‍ക്കും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും സ്വര്‍ണക്കടത്തുകാരെയും ലഹരി മാഫിയക്കാരെയും സംരക്ഷിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി പബ്ലിസിറ്റി സ്റ്റണ്ട് എന്നോണം നടത്തുന്ന പൊതിച്ചോറിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പുകഴ്ത്തി പാടുമ്പോള്‍ അതിനോട് ശക്തമായി വിയോജിക്കേണ്ടി വരുന്നത്.

ഇതിനെ വലിയ കാര്യം ആയി ചിത്രീകരിച്ച നേതാക്കന്മാരോട് ഞങ്ങള്‍ക്ക് ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ. ഡിവൈഎഫ്‌ഐ ലക്ഷക്കണക്കിന് പൊതിച്ചോറ് കൊടുത്താല്‍ കേരളത്തിലെ ഡി.വൈ.എഫ്.ഐയുടെയും സിപിഎമ്മിന്റെയും ക്രിമിനലുകള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകൊണ്ട് ഗൂഢാലോചന നടത്തി കൊന്ന ചെറുപ്പക്കാരുടെ ജീവന്‍ തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ? അമ്മമാര്‍ക്ക് ഉമ്മമാര്‍ക്ക് അവരുടെ മക്കളെ തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ?

രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അച്ചടക്കം വേണം. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നവര്‍ യൂണിറ്റ് കമ്മിറ്റിയുടെ നിലവാരമെങ്കിലും പ്രസ്താവന ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലത്. ഈ വിഷയത്തില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിപ്രായം എന്താണ് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

ആര്‍.എസ്.എസ്സും, എസ്.ഡി.പി.ഐ യും പോലെയുള്ള സംഘടനകള്‍ കാല കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. സന്നദ്ധ സേവനത്തിന്റെ മറപിടിച്ചുള്ള അക്രമങ്ങള്‍. ഈ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി മാനവികതയുടെ മുഖം നല്‍കി ഡി.വൈ.എഫ്.ഐ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഡി.വൈ.എഫ്.ഐ നടത്തുന്ന എല്ലാ അക്രമ പ്രവര്‍ത്തനങ്ങളും മറച്ച് പിടിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തിയായി മാത്രമേ പൊതിച്ചോര്‍ വിതരണത്തെ കാണാന്‍ സാധിക്കൂ.

ഒരു കാര്യം നേതാക്കന്മാരോട് സൂചിപ്പിക്കുന്നു. കേരളത്തിലെ ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളം ഭരിച്ച കാലത്ത് ഒരു കാലഘട്ടത്തിലും കാണാന്‍ സാധിക്കാത്ത രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടുണ്ട്. കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും അതിന്റെ ഗുണ ഫലം അനുഭവിച്ചവരുമാണ്. അന്ന് അതിനെയൊക്ക രാഷ്ട്രീയമായി ആക്രമിക്കുകയും അപഹസിക്കുകയും ചെയ്തവരാണ് കേരളത്തിലെ ഇടതുപക്ഷം.

അത്രയൊക്കെ ചെയ്തിട്ടും ആ തിരഞ്ഞെടുപ്പില്‍ നമ്മള്‍ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. രാഷ്ട്രീയം ആണ് എപ്പോഴും എവിടെയും ചര്‍ച്ചയാവുന്നത്. ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെ മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന നന്മയായാണ് ഭൂരിപക്ഷവും കണക്കാക്കുന്നത്. അതുകൊണ്ട് ചാരിറ്റി വേറെ രാഷ്ട്രീയ പ്രവര്‍ത്തനം വേറേ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.


ഡി.വൈ.എഫ്. ഐ പോലുള്ള സംഘടനയെ പുകഴ്ത്തുന്നതിനു മുന്‍പ് അതിനുള്ളിലൊളിഞ്ഞിരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തുറന്ന് കാണിക്കാനാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ സര്‍ക്കാര്‍ സ്ഥാപങ്ങളെ രാഷ്ട്രിയ പ്രചരണത്തിന്റെ വേദികളാക്കാന്‍ ശ്രമിക്കുന്നത്തിനെതിരെ കെ.പി.സി.സി നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

NB: കെ റെയിലിനു അറുപത്തിനാലായിരം കോടി വകയിരുത്തുന്ന സര്‍ക്കാര്‍ അതില്‍ നിന്ന് ഒരു ആയിരം കോടി മാറ്റി വെച്ച് ഫിക്‌സിഡ് ഡെപ്പോസിറ്റ് ഇട്ടാല്‍ അതിന്റെ പലിശകൊണ്ട് കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ തലത്തില്‍ സൗജന്യ ഭക്ഷണ വിതരണം നടത്താം.
Published by:Jayesh Krishnan
First published: