• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട'; വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

'ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട'; വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി

rahul mamkootathil

rahul mamkootathil

  • Share this:
    തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ''ഡാന്‍സൊക്കെ കൊള്ളാം അത് നിയമസഭയില്‍ വേണ്ട കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കുക' രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി.


    സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എം എല്‍ എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

    Also Read-Assembly Ruckus Case Verdict: 2015 മാര്‍ച്ച് 13 ലെ കേരള നിയമസഭയിലെ സംഭവങ്ങള്‍ എന്തുകൊണ്ട് സുപ്രീംകോടതിയിലെത്തി?

    സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

    യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ 13ാം ബജറ്റ് അവതരണ ദിനത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെയായിരുന്നു പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തിയത്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
    Published by:Jayesh Krishnan
    First published: