തൃശൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാത്ത സാംസ്കാരിക നായകർക്ക് വാഴപ്പിണ്ടി സമർപ്പിച്ച് തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കേരള സാഹിത്യ അക്കാദമിയിലേക്ക് പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തിൽ വാഴപ്പിണ്ടി സമർപ്പിച്ചു. 'സാംസ്കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ' എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടികൊന്ന സംഭവത്തില്‍ സാഹിത്യകാരന്മാര് മൗനം പാലിക്കുന്നുവെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു വിമർശനം ഉന്നയിച്ചിരുന്നു. 'കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന് എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുക?'- ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.