വയനാട്ടിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ട; യൂത്ത് കോൺഗ്രസ് പ്രമേയത്തിന് പിന്തുണയേറുന്നു
വയനാട്ടിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ട; യൂത്ത് കോൺഗ്രസ് പ്രമേയത്തിന് പിന്തുണയേറുന്നു
LOKSABHA ELECTION 2019- സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിലപാട് പറയാൻ യൂത്ത്കോൺഗ്രസിനും അവകാശമുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി. സിദ്ദിഖ് വ്യക്തമാക്കി
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് പിന്തുണ കൂടുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിലപാട് പറയാൻ യൂത്ത്കോൺഗ്രസിനും അവകാശമുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി. സിദ്ദിഖ് വ്യക്തമാക്കി. അന്തരിച്ച സിറ്റിങ് എംപി എം.ഐ. ഷാനവാസിന്റെ മകൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് ഇറക്കുമതി സ്ഥാനാർത്ഥിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തിയും പിന്തുണയും വാർധിക്കുന്നത്.
സ്ഥാനാര്‍ഥിനിര്‍ണയ ചർച്ചകൾക്ക് മുമ്പേ വയനാട്ടിൽ വിവാദം പുകയുകയാണ്. കോൺഗ്രസിന്റെ ഉറച്ച മണ്ഡലത്തിൽ കണ്ണുവച്ച സീറ്റ് മോഹികൾ തന്നെയാണ് വിവാദത്തിന് പിന്നിൽ. ഇവർ ആദ്യം രംഗത്തിറക്കിയത് യുവതുർക്കികളെയാണ്. യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം പരസ്യമാക്കി. നൂലിൽകെട്ടി സ്ഥാനാർത്ഥികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് പ്രമേയവും പാസാക്കി. അന്തരിച്ച സിറ്റിങ് എംപി എം.ഐ. ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിന്റെ സാധ്യതകൾ അടയ്ക്കുക എന്നതായിരുന്നു ആ പ്രമേയത്തിന്റെ ലക്ഷ്യം. പൊതുതാൽപര്യമായതിനാൽ യൂത്ത് കോൺഗ്രസിന്റ പ്രമേയത്തെ പഴയതും പുതിയതുമായ ഒരു നേതാവും എതിർത്തില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു പൊതു ന്യായീകരണം.
അമീന ഷാനവാസ് ആദ്യം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെയെന്ന് പറഞ്ഞ കെ എസ് യുവിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ മുതൽ എ.ഐ.സി.സി ഭാരവാഹിത്വമുള്ള മുതിർന്ന നേതാക്കൾ വരെ വയനാട് ലക്ഷ്യം വച്ച് കരുക്കൾ നീക്കുന്നുണ്ട്. ഈ നേതാക്കളും ഇവരുടെ വക്കാലത്തെടുത്തവരും തമ്മിലാകും വരും ദിവസങ്ങളിൽ ചക്കളത്തിൽ പോര്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.