പാലക്കാട്: ജൂലൈ ഒന്നു മുതൽ മൂന്ന് വരെ പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ യുവതി സംസ്ഥാന നേതാവിനെതിരെ പീഡന പരാതി നൽകിയെന്ന പ്രചരണം ശരിയല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രസ്താവനയിലൂടെയാണ് യൂത്ത് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതർക്കത്തെയും, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സംഘടനാപരമായി നടപടിയും എടുത്തു. ഇന്നും ചില മാധ്യമങ്ങൾ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കൊടുത്തത് കണ്ടു. അത് തീർത്തും അടിസ്ഥാനരഹിതമാണെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും.പോലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം, യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സഹപ്രവർത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്പിലിൻ്റെ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പാലക്കാട് വെച്ച് നടന്ന ക്യാമ്പിൽ തിരുവനന്തപുരത്ത് നിന്ന് എത്തിയ വനിതാ ഭാരവാഹിയെയാണ് വിവേക് പീഡിപ്പിച്ചത്. ഇതേ തുടർന്ന് ഇര സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ദേശീയ സെക്രട്ടറി പുഷ്പലത വിവേകിനെ പുറത്താക്കി തടിതപ്പുകയാണ് ചെയ്തത്. ഇപ്പോഴും ഷാഫി പറമ്പിൽ മൗനം പാലിക്കുകയും പരാതി കണ്ടില്ലെന്ന് നടിക്കുകയുമാണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.
Also Read-
DYFI | യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന പരാതി ഷാഫി പറമ്പിൽ മുക്കിയെന്ന് ഡിവൈഎഫ്ഐ
ഷാഫി പ്രത്യേക താൽപര്യം എടുത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ ഉൾപെടുത്തപ്പെട്ട ആളാണ് വിവേക്. മുമ്പും സമാന പീഡന പരാതികളിൽ ആരോപിതനായ വിവേക് ഷാഫിയുടെ സംരക്ഷണയിലാണ് യൂത്ത് കോൺഗ്രസിൻ്റെ തലപ്പത്ത് കടിച്ചു തൂങ്ങിയിരുന്നത്. അഹല്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ ദിവസവും മദ്യപിച്ച് ലക്ക് കെട്ട് വന്ന വിവേകീനെ ക്യാമ്പിൽ നിന്ന് ഒഴിവാക്കാൻ ഒരു പക്ഷത്തുള്ളവർ ശ്രമിച്ചിരുന്നുവെന്നാണ് അറിയുന്നത്. അതിനിടയിലാണ് ബാത്ത്റൂം ഡോറിൽ വെച്ച് സഹപ്രവർത്തകയെ കടന്നുപിടിക്കുന്നതും പീഡിപ്പിക്കുന്നതും. സംഭവം പുറത്തറിഞാൽ കേസാകുമെന്ന് കണ്ട് സംസ്ഥാന ഭാരവാഹികൾ പരാതി മുക്കുകയാണ് ഉണ്ടായിട്ടുള്ളത്.
സ്ഥിരമായി ഇത്തരം പീഡന പരാതികളിൽ ഉൾപെട്ട വിവേകിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ സംരക്ഷിക്കുന്ന നീച കൃത്യമാണ് യൂത്ത് കോൺഗ്രസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ പ്രവര്ത്തകര് ആകെ ഒന്നിച്ചു പങ്കെടുത്ത ഒരു പൊതു ക്യാമ്പിൽ, പരിപാടിയിൽ വെച്ച് സഹപ്രവർത്തകയെ പീഡിപ്പിചിട്ട് പരാതി പോലീസിന് കൈമറാതെ പ്രതിയെ സംരക്ഷിക്കുന്നത് കുറ്റകരമാണ്. നിയമനടപടികൾക്ക് പീഡകനെ വിട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.