കണ്ണൂർ: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്കുകളുടെ എണ്ണം കൂട്ടാൻ കുടുംബശ്രീ അംഗങ്ങൾക്ക് ഡയറക്ടർ നിർദ്ദേശം നൽകിയതിന് എതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. മന്ത്രിയുടെ മുഖാവരണം അണിഞ്ഞ് ഇന്നു രാവിലെ പ്രതീകാത്കമായി ലൈക്ക് അഭ്യർത്ഥിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണത്തിന് കുടുംബശ്രീ പ്രവർത്തകരെ ഉപകരണമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു സമരം. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ നിർബന്ധപൂർവും ഷെയർ ചെയ്യിക്കാനുള്ള ഗൂഡാലോചനയാണ് ഈ തീരുമാനത്തിന് പിന്നിൽ എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.
മന്ത്രിയുടെ മുഖാവരണം അണിഞ്ഞയാൾ ലൈക്കിനായ് അഭ്യർത്ഥിച്ചപ്പോൾ കൈയ്യിലുള്ള ബക്കറ്റിലേക്ക് പ്രവർത്തകർ ഫേസ് ബുക്കിലെ റിയാക്ഷനുകൾ നിറച്ചു കൊടുത്ത് കൊണ്ടാണ് പ്രതിഷേധിച്ചത്
കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിനു മുൻപിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപുഴ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു,
Also Read-
ലോട്ടറിയടിച്ച ഒന്നാം സമ്മാനം 65 ലക്ഷം രൂപ കേസുള്ളതിനാൽ നൽകാനാകില്ലെന്ന് സർക്കാർ; തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി
സംസ്ഥാന ഭാരവാഹികളായ, വിനേഷ് ചുള്ളിയാന്‍, റോബര്‍ട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ, വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷാജു കണ്ടബേത്ത്,ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, പി ഇമ്രാന്, സജേഷ് അഞ്ചരക്കണ്ടി, വരുണ്‍ എംകെ, നികേത് നാറാത്ത്,അക്ഷയ് കോവിലകം, സജേഷ് നാറാത്ത്, ലൗജിത്ത് ചിറക്കല്‍, വരുണ്‍ സി. വി, ഫാമീദ കെ. പി, അഭിലാഷ് കടമ്പൂര്, റാഷിദ് പി, തുടങ്ങിയവര്‍ സംസാരിച്ചു.
അറുപത്തി മൂന്നായിരത്തിൽപരം ലൈക്കുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ ഫേസ്ബുക് പേജിന് ക്യാമ്പയിനിലൂടെ ഒരു ദിവസം ഒന്നര ലക്ഷം ലൈക്കുകൾ സംഘടിപ്പിക്കണമെന്ന് ആണ് ജില്ലാ മിഷൻ കോർഡിനേറ്റർ മാർക്ക് കുടുംബശ്രീ ഡയറക്ടർ നിർദ്ദേശം നൽകിയത്. മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ വേണ്ടത്ര ലൈക് കിട്ടുന്നതിനും സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഓരോ ദിവസവും ഓരോ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്കാണ് ചുമതല നിശ്ചയിച്ചിരിക്കുന്നത്.
ഇതിനെതിരെയാണ് പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.