കൊച്ചി: സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള സമവായത്തോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.
എന്നാൽ, ദേശീയ നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. ഒരു സ്വകാര്യ ഏജൻസിയെ ഏല്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടപടികളുമായി അവർ മുന്നോട്ട് പോകുകയാണ്. എന്നാൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ മുൻസഫ് കോടതി തെരഞ്ഞെടുപ്പ് സ്റേറ്റ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ നടപടികൾ കോടതി അലക്ഷ്യമാണെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
ഈ കേസ് ഇന്ന് ആലുവ മുൻസിഫ് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള എല്ലാ കമ്മിറ്റികളും അടിയന്തിരമായി പിരിച്ചു വിട്ടിരിക്കുന്നത്.
ഇതിനിടെ ദേശീയ നേതൃത്വം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി ഓൺലൈനിലൂടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒരാൾ പോലും സംസ്ഥാനത്തു നിന്ന് പത്രിക സമർപ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അതേസമയം അഞ്ഞൂറിലധികം പത്രികകൾ ലഭിച്ചതായി ദേശീയനേതൃത്വം അവകാശപ്പെടുന്നു.
സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ദേശീയ നേതൃത്വം അഞ്ച് അംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ഈ കമ്മീഷന് സിറ്റിംഗ് നടത്താൻ എറണാകുളം ഡി.സി.സി.യിൽ സ്ഥലം അനുവദിക്കാതെ മടക്കി അയച്ചു. സ്വകാര്യ ഹോട്ടലിൽ നടത്തിയ സിറ്റിംഗിൽ, നോട്ടീസ് ലഭിച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ ഹാജരാകുകയും ചെയ്തില്ല. ഇതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയും പിരിച്ചുവിട്ടാണ് അവർ ഇതിനോട് പ്രതികരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.