HOME /NEWS /Kerala / 'നരേന്ദ്രൻ മകൻ...' മാതൃകയിൽ പിൻനടത്തവുമായി യൂത്ത് കോൺഗ്രസ്; നഷ്ടപ്പെട്ട 10 വർഷം തിരികെ പിടിക്കാനെന്ന് മുദ്രാവാക്യം

'നരേന്ദ്രൻ മകൻ...' മാതൃകയിൽ പിൻനടത്തവുമായി യൂത്ത് കോൺഗ്രസ്; നഷ്ടപ്പെട്ട 10 വർഷം തിരികെ പിടിക്കാനെന്ന് മുദ്രാവാക്യം

നരേന്ദ്രൻ മകൻ ജയകാന്തൻ വക സിനിമയിൽ നിന്നുള്ള ദൃശ്യം

നരേന്ദ്രൻ മകൻ ജയകാന്തൻ വക സിനിമയിൽ നിന്നുള്ള ദൃശ്യം

ആലത്തൂരിന്റെ വികസന പിന്നോക്കാവസ്ഥ ജനങ്ങളെ ബോധ്യപ്പെ‌ടുത്താനാണ് പുതിയ പ്രചരണ രീതി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ജോണി വെള്ളിക്കാല എന്ന രാഷ്ട്രീയ നേതാവിനെ ഓർമയുണ്ടോ? സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലെ പരുത്തിപ്പാറ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ഇന്നസെന്റ് അവതരിപ്പിച്ച ജോണി വെള്ളിക്കാല. പഞ്ചായത്ത് ഭരണസമിതി വികസനത്തിൽ പിന്നോട്ട് പോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ജനപിന്നോക്ക യാത്ര നടത്തുന്നുണ്ട് അദ്ദേഹം സിനിമയിൽ. ഇവിടെ ഇത് പറയാൻ എന്താണ് കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. ജോണി വെള്ളിക്കാലയുടെ മാതൃകയിൽ അത്തരമൊരു പിന്നോക്ക യാത്ര സംഘടിപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സനൂപും നിഷാദും. ആലത്തൂരിന്റെ വികസന പിന്നോക്കാവസ്ഥ ജനങ്ങളെ ബോധ്യപ്പെ‌ടുത്താനാണ് ഇരുവരും പിന്നോക്ക യാത്ര നടത്തുന്നത്.

    പത്തുവർഷം കൊണ്ട് ആലത്തൂർ ലോക്സഭാ മണ്ഡലം വികസനത്തിൽ പിന്നോട്ടുപോയെന്നാണ് ഇവരുടെ ആരോപണം. ആലത്തൂർ മുതൽ കുന്നംകുളംവരെയാണ് ഇവർ പിറകോട്ട് നടക്കുന്നത്. നഷ്ടപ്പെട്ട 10 വർഷം തിരികെ പിടിച്ച് മുന്നോട്ടുപോകാൻ മാറ്റം വേണമെന്നാണ് പിറകോട്ട് നടന്നുകൊണ്ട് ഇവർ പറയുന്നത്. എൽഡിഎഫിനെതിരായ യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് ശ്രമം. പദയാത്രയെന്ന പരമ്പരാഗത ആശയ പ്രചാരണ മാർഗത്തെ പിൻനടത്തമെന്ന പുതിയ തന്ത്രമായി ആവിഷ്കരിക്കുകയാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. മൂന്നു ദിവസം കൊണ്ട് പിൻനടത്തം ആലത്തൂരിൽ നിന്ന് കുന്നം കുളത്തെത്തും. ആദ്യ ദിവസത്തെ യാത്ര ഞായറാഴ്ച ചേലക്കരയിൽ സമാപിച്ചു. ഇന്ന് വടക്കാഞ്ചേരി വരെ നടന്നെത്തും. ചൊവ്വാഴ്ച യാത്ര കുന്നംകുളത്തെത്തും.

    യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോഓർഡിനേറ്ററായ രമ്യ ഹരിദാസ് ആലത്തൂരിൽ മത്സരിക്കുന്നതിനാലാണ് ഇവർ ഇത്തരമൊരു പ്രചാരണപരിപാടിയുമായി രംഗത്തിറങ്ങിത്. ടോം വടക്കൻ കോൺഗ്രസ് വിട്ടപ്പോൾ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ച് ഇരുവരും വാർത്തകളിൽ ഇടംനേടിയിരുന്നു. അരിക്ക് വിലക്കയറ്റമുണ്ടായപ്പോൾ പ്രവാസിയായ സനൂപ് നാട്ടിലേക്ക് ഒരു ചാക്ക് അരിയുമായി വിമാനമിറങ്ങിയതും മുൻപ് വാർത്തയായിരുന്നു.

    First published:

    Tags: Alathur, Alathur S11p09, Youth congress, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി, യൂത്ത് കോൺഗ്രസ്