കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ്റെ സംഘാടകരായ ആഷിക് അബുവിനും റിമ കല്ലിങ്കലിനും മണി ഓർഡർ അയച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് അയച്ചത്.
മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴ ആരോപണം പുറത്ത് വന്നതിന് പിന്നാലെ സംവിധായകൻ ആഷിക് അബു സമൂഹമാധ്യമങ്ങളിലൂടെ എൻ്റെ വക 500 എന്ന സോഷ്യൽ മീഡിയയിലെ കാമ്പയിൻ ട്രെൻ്റിംഗ് ആയിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് കരുണ സംഗീത നിശ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഷിക് അബുവിനും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനും മണി ഓർഡർ അയച്ചത്.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം ജനപ്രതിനിധികൾ ഉൾപ്പെടെയുളളവർ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് പണം തിരിച്ചടച്ചത്. അതും പിരിച്ച് കിട്ടിയതിൻ്റെ വെറും പത്തു ശതമാനം മാത്രം. കട്ടമുതൽ തിരിച്ചു നൽകി മാതൃകയാകാൻ ഇരുവരും നോക്കുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം.
കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികൾ എന്ന നിലയിലാണ് ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ജീവിക്കാനായി മണിയോർഡർ ആയി അയച്ചു കൊടുത്തതെന്ന് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് കെ.എസ്. പറഞ്ഞു.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസിൻ്റെ തീരുമാനം.
കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് സംഘാടകരായ ആഷിക് അബുവിൽ നിന്ന് ഉൾപ്പെടെ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. പരിപാടി നഷ്‌ടമായിരുന്നുവെന്നും അതിനാലാണ് പണം അടയ്ക്കാതിരുന്നതെന്നും ആഷിക് അബു മൊഴി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aashiq Abu, Karuna Musical Night, Rima Kallingal, Youth congress