• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുധീരനെ പ്രകോപിപ്പിച്ച ആ രണ്ട് യുവനേതാക്കള്‍ ഇവര്‍


Updated: June 13, 2018, 4:30 PM IST
സുധീരനെ പ്രകോപിപ്പിച്ച ആ രണ്ട് യുവനേതാക്കള്‍ ഇവര്‍

Updated: June 13, 2018, 4:30 PM IST
തിരുവനന്തപുരം; രാജ്യസഭാ സീറ്റുദാനത്തില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്കു പിന്നാലെ പാര്‍ട്ടി വിലക്കു ലംഘിച്ച് എല്ലാം തുറന്നുപറഞ്ഞ് പരസ്യമായി രംഗത്തിറങ്ങാന്‍ വി.എം സുധീരനെ പ്രേരിപ്പിച്ചത് കെ.പി.സി.സി നേതൃയോഗത്തില്‍ രണ്ടു യുവനേതാക്കള്‍ നടത്തിയ കടന്നാക്രമണം. ഇതിലുള്ള വേദന വാര്‍ത്താസമ്മേളനത്തിനിടെ സുധീരന്‍ വ്യക്തമാക്കുകയും ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്, സെക്രട്ടറി നാട്ടകം സുരേഷ് എന്നിവരാണ് നേതൃയോഗത്തിനിടെ പ്രസംഗം തടസപ്പെടുത്തിയത്.

സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പി.ജെ കുര്യനും പി.സി ചാക്കോയും ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ചപ്പോഴും സുധീരന്‍ കാര്യമായ വിമര്‍ശനത്തിനോ പ്രതികരണത്തിനോ മുതിര്‍ന്നിരുന്നില്ല. എന്നാല്‍ തൊട്ടടുത്തദിവസം ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തില്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതാണ് മറ്റു ഗ്രൂപ്പ് മാനേജര്‍മാരെക്കള്‍ ഉപരി യുവനേതാക്കളെ ചൊടിപ്പിച്ചത്.

ബൂത്തുതലം വരെയെത്തി നില്‍ക്കുന്ന ഗ്രൂപ്പിസവും താന്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിനു കാരണമെന്ന് നേതൃയോഗത്തിലെ പ്രസംഗത്തിനിടെ സുധീരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സുധീരന്റെ ഈ നിലപാടിനെ വിമര്‍ശിച്ചാണ് ജെയ്‌സണ്‍ ജോസഫും നാട്ടകം സുരേഷും അപ്രതീക്ഷിതമായി രംഗത്തെത്തിയത്. ഇവര്‍ സുധീരന്റെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കുകയും നിങ്ങള്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതെന്ന് വാദിക്കുകയും ചെയ്തു. ഈ നേതാക്കളുടെ പ്രതികരണത്തെ അവഗണിച്ച് സുധീരന്‍ പ്രസംഗം പുനരാരംഭിച്ചെങ്കിലും വീണ്ടും ശബ്ദമുയര്‍ത്തി പ്രസംഗം തടസപ്പെടുത്തി. തന്നെക്കാള്‍ വളരെ ജൂനിയറും ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം നേതൃനിരയിലെത്തുകയും ചെയ്ത ഇരുവരും പ്രസംഗം തടസപ്പെടുത്തിയത് സുധീരനെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രസംഗം തുടര്‍ന്നെങ്കിലും അപഹസിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പിന്നീടുള്ള പെരുമാറ്റം. അതേസമയം മറ്റു നേതാക്കളാരും സുധീരനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കാന്‍ തയാറായിരുന്നില്ലെന്നതും ശ്രദ്ദേയം.

യുവനേതാക്കളുടെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് സുധീരന്‍ നേതൃയോഗം കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞ് ചുറ്റും കൂടി. ഇതോടെ താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നെന്നും അതാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള തന്റെ രാജിക്കു കാരണമായതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ശരിക്കും യുവഗ്രൂപ്പ് നേതാക്കളുടെ ആക്രമണത്തിലുണ്ടായ മുറിവാണ് സുധീരനെ പരസ്യ പ്രതികരണത്തിന് പ്രചോദിപ്പിച്ചതും.

നേതൃയോഗത്തില്‍ തനിക്കു പറയാനുള്ളത് യുവനേതാക്കള്‍ തടസപ്പെടുത്തിയ സഹചര്യത്തിലാണ് പത്രസമ്മേളനം നടത്തി എല്ലാം തുറന്നു പറയാന്‍ ചൊവ്വാഴ്ച വൈകിട്ടോടെ സുധീരന്‍ തീരുമാനിച്ചത്. ബുധനാഴ്ച അതു ചെയ്യുകയും ചെയ്തു. ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ പേരില്‍ മാത്രം നേതൃസ്ഥാനങ്ങളില്‍ എത്തുന്നവര്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നെന്ന സുധീരന്റെ നിലപാട് അടിവരയിടുന്നതായിരുന്നു നേതൃയോഗത്തിലെ യുവനേതാക്കളുടെ പെരുമാറ്റവും പ്രതികരണവും.

നേതൃത്വത്തിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വിമര്‍ശകരെ പാര്‍ട്ടി വേദികളില്‍ വ്യക്തിപരമായി തേജോവധം ചെയ്ത് അടിച്ചമര്‍ത്താനുള്ള ഗ്രൂപ്പ് മാനേജര്‍മാരുടെ തന്ത്രത്തിനേറ്റ തിരിച്ചടിയായാണ് വി.എം സുധീരന്റെ തുറന്നു പറച്ചില്‍ വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നപ്പോഴും വിട്ടറിങ്ങിയപ്പോഴും ഏറെ വിമര്‍ശനം കേട്ടിരുന്ന സുധീരന്റെ തിരിച്ചുവരവിനു കൂടിയാണ് ബുധനാഴ്ച കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍