കുന്ദമംഗലം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം നൗഷാദാണ് പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അഭിമന്യു കുടുംബ സഹായ ഫണ്ടിലും, ദില്ലി കലാപ ബാധിതര്‍ക്ക് വേണ്ടി നടത്തിയ പണപിരിവിലും സുതാര്യമായ രീതിയില്‍ അല്ല പണ വിനിയോഗം നടത്തിയതെന്നും ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ അഴിമതി നടത്തിയെന്നും ആരോപിച്ചാണ് പരാതി. ഐ.പി.സി 420 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Also Read
'കേസെടുത്തതിന് പിന്നിൽ ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക'; പി.കെ ഫിറോസ്അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് ഇടുക്കി ജില്ലാ കമ്മറ്റി മുഖേന 71 ലക്ഷം രൂപയും എറണാംകുളം ജില്ലാ കമ്മറ്റി ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2,39,74,881 രൂപയും എസ്.എഫ്.ഐ 33 ലക്ഷം രൂപയും സമാഹരിച്ചിട്ടുണ്ട് എന്നായിരുന്നു സി പി ഐ എം പറഞ്ഞിരുന്നത്. എന്നാല്‍ കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വയ്ക്കാനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി ചെലവാക്കിയിട്ടുള്ളത്. ഇതില്‍ രണ്ട് കോടി എഴുപത് ലക്ഷത്തോളം രൂപ വക മാറ്റി ചിലവഴിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
Also Read
കത്വ ഫണ്ട് പിരിവ്: പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരേ കേസ്ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇരകളെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പണപിരിവിലൂടെ 5,30,74,779 രൂപ സി.പി.എം സമാഹരിച്ചിട്ടുണ്ടെന്നും ഈ ഫണ്ടും സുതാര്യമായല്ല വിനിയോഗിക്കപ്പെട്ടതെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം. ബാബുമോന്, യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്, ട്രഷറര്‍ സി കെ കുഞ്ഞിമരക്കാര്‍, സെക്രട്ടറി ടി പി എം സാദിക്ക്, യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷമീല്‍ കെ.കെ എന്നിവർ ആരോപിച്ചു.
ഇതിനിടെ ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരേ പൊലീസ് കേസെടുത്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
പി.കെ ഫിറോസ്. ആരോപിച്ചു. സി.പി എമ്മിന്റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുകയാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ട്. അതിലും കേസെടുക്കണം. അങ്ങനെയെങ്കില്‍ രാഷ്ട്രീയ പ്രരിത കേസാണെന്ന് പറയില്ല. അല്ലാത്ത പക്ഷം അങ്ങനെ കരുതേണ്ടി വരും. ഒരു ദിവസം പോലും നിലനില്‍ക്കാത്ത കേസാണിത്. പുകമറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.