നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോഷണത്തെ കുറിച്ച് പോലീസിന് വിവരം നൽകിയ യുവാവിനെ കൊന്ന് കനാലിൽ തള്ളി

  മോഷണത്തെ കുറിച്ച് പോലീസിന് വിവരം നൽകിയ യുവാവിനെ കൊന്ന് കനാലിൽ തള്ളി

  കൈകാലുകൾ ബന്ധിച്ചു ചാക്കിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് പോര്‍സ്റ്റ്‌മോട്ടത്തിനായി പുറത്തെടുത്തത്

  • Share this:
  കണ്ണൂരില്‍ മോഷത്തെ കുറിച്ച് വിവരം നല്‍കിയതിന് യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സംഭവത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രധാന പ്രതി അബ്ദുള്‍ ഷുക്കൂറിനായി തിരച്ചില്‍ ആരംഭിച്ചു. ചക്കരകല്ല് സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്.

  ഇന്ന് രാവിലെയാണ് ചക്കരക്കല്‍ പൊതുവാച്ചേരി മണിക്കീല്‍ ഭഗവതി ക്ഷേത്ര പരിസരത്തെ കനാലില്‍ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ചു ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. അഴുകിയ മൃതദേഹം ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് പോര്‍സ്റ്റ്‌മോട്ടത്തിനായി പുറത്തെടുത്തത്.

  കൊലക്ക് പിന്നില്‍ തേക്ക് മരം മോഷണത്തെ സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയതിലെ വൈരാഗ്യമാണ് എന്ന് വ്യക്തമായി. മൗവ്വഞ്ചേരിയില്‍ നിര്‍മ്മാണത്തിലുള്ള വീട്ടില്‍ നിന്ന് തേക്ക് മരം മോഷണം പോയിരുന്നു. മോഷണക്കേസിലെ പ്രതികളെ സംബന്ധിച്ച് പ്രജീഷ് പോലീസിന് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് പിടിയിലായ അബ്ദുള്‍ ഷുക്കുര്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കൊലപാതകത്തില്‍ ഇയ്യാളെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവില്‍ കസ്റ്റഡിയില്‍ ഉള്ള ആള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതും പോലീസ് പരിശോധിച്ച് വരികയാണ്.

  ഈ മാസം 19 നാണ് ചക്കരകല്ല് സ്വദേശി ഇ. പ്രജീഷിനെ കാണാതായത്. കഴിഞ്ഞ ദിവസം പ്രജീഷിന്റെ ചെരുപ്പ് ചക്കരക്കല്ല് കുട്ടിക്കുന്നുമ്മല്‍മെട്ടയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.

  മരമോഷണ കേസിലെ പ്രതികളില്‍ നിന്നു പ്രജിഷിന് ഭിഷണി ഉണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയാമായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ജസ്റ്റിന്‍ ജോസഫ്, കണ്ണൂര്‍ ഡി.വൈ.എസ്. പി പി.പി.സദാനന്ദന്‍, ചക്കരക്കല്‍ സി ഐ സത്യനാഥന്‍, എടക്കാട് സി ഐ എം.അനില്‍കുമാര്‍, എസ് ഐ മഹേഷ് കണ്ടമ്പേത്ത് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.
  Published by:Karthika M
  First published: