ഗൂഗിൾ മാപ്പു നോക്കി തേക്കടിക്ക് പുറപ്പെട്ട യുവാക്കൾ എത്തിയത് ശബരിമലയിൽ. അവിടെ നിന്നും പൊലീസ് കസ്റ്റഡിയിലും. ചിറ്റാർ സ്വദേശികളായ ശ്രീജിത്ത് (27), വിപിൻ വർഗീസ് (23) എന്നിവരെയാണ് ഗൂഗിൾ ചതിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. പത്തനംതിട്ട ചിറ്റാറില്‍ നിന്ന് ബൈക്കിലാണ് ഇരുവരും യാത്ര തുടങ്ങിയത്. തേക്കടിയിലെത്താൻ എളുപ്പവഴി തേടി ഫോണിൽ ഗൂഗിൾ മാപ്പും സെറ്റ് ചെയ്ത് അത് നോക്കിയായിരുന്നു യാത്ര.
ചിറ്റാറിൽ നിന്ന് പ്ലാച്ചേരി വഴി പമ്പയിലെത്തി. ഗണപതി കോവിൽ കടന്ന് മുന്നോട്ടേക്കെത്തിയപ്പോൾ സന്നിധാനത്തേക്കുള്ള വഴിയിലെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഇതോടെയാണ് ഇതുവഴി അകത്തേക്ക് കടന്നത്. ഈ സമയം പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെങ്കിലും യുവാക്കൾ കടന്നു പോയത് ശ്രദ്ധയിൽപ്പെട്ടില്ല. ഇവർ അകത്തേക്ക് കടന്നുപോയി കഴിഞ്ഞാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സന്നിധാനത്തുള്ള വനപാലകർക്കും പൊലീസിനും വിവരം കൈമാറി.
വിവരം ലഭിച്ചയുടൻ സന്നിധാനത്തെ ഉദ്യോഗസ്ഥർ യുവാക്കളെ കാത്ത് വഴിയിൽ തന്നെ നിലയുറപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലൂടെ ബൈക്കില്‍ പാഞ്ഞെത്തിയ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഗൂഗിൾ മാപ്പ് ചതിച്ചതാണെന്ന് വ്യക്തമായി. വനമേഖലയിലൂടെ തേക്കടിയിലേക്ക് ഒരു ട്രക്കിംഗ് പാതയുണ്ട്. എളുപ്പവഴി തേടിയ യുവാക്കൾക്ക് ഗൂഗിൾ കാട്ടി നൽകിയത് ഈ വഴിയായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്.
ശബരിമല പാതയിൽ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനാൽ അട്ടത്തോടുവരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. അത് ലംഘിച്ചാണ് ഇവർ ഇരുചക്രവാഹനത്തിൽ പമ്പയിൽ എത്തിയത്. വനത്തിൽ അതിക്രമിച്ച് കടന്നതിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. രാത്രി ആയതിനാൽ പൊലീസുകാരുടെയും വനപാലകരുടെയും അകമ്പടിയോടെയാണ് ഇവർ പമ്പ വരെ മടങ്ങിയെത്തിയതും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.