കൊടൈക്കനാൽ വനത്തിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. യുവാക്കൾ വനത്തിനുള്ളിൽ പോയത് ലഹരി വസ്തുവായ മാജിക് മഷ്റൂം ശേഖരിക്കാൻ ആണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈരാറ്റുപേട്ട സ്വദേശികളായ അഞ്ചംഗ സംഘം കൊടൈക്കനാലിലെ പൂണ്ടിയിൽ പോയത്. ചൊവ്വാഴ്ച മുതൽ ഇവരെ കാണാതായി എന്നാണ് ഒപ്പമുള്ളവർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ സംഭവം അടിമുടി ദുരൂഹം എന്നാണ് പോലീസ് പറയുന്നത്. വാഹനം ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഉപകരണങ്ങൾ വാങ്ങാൻ പോയപ്പോഴാണ് ഇവരെ കാണാതായത് എന്നാണ് ആദ്യം നൽകിയ മൊഴി. റിസോർട്ടിൽ നിന്നും രാത്രി ഫോട്ടോ എടുക്കാൻ പോയപ്പോഴാണ് കാണാതായതെന്ന് പിന്നീട് ഇവർ തിരുത്തി.
മൊഴികളിലെ ഭിന്നതയാണ് പോലീസിനെ സംശയത്തിലേക്ക് നയിക്കുന്നത്. ലഹരി വസ്തുവായ മാജിക് മഷ്റൂം ശേഖരിക്കാനായി ഇവർ കാട്ടിലേക്ക് പോയി എന്ന് സംശയം പോലീസിനുണ്ട്. കൊടൈക്കനാലിൽ ഇവർ ബന്ധപ്പെട്ടവരെ കൂടി ചോദ്യം ചെയ്തു അന്തിമ വ്യക്തത വരുത്താനാണ് തീരുമാനം. കാട്ടിനുള്ളിൽ വിറകുവെട്ടാൻ എത്തിയവരാണ് ഇവരെ കണ്ടെത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. അന്വേഷണം നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പോലീസ് തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.