HOME /NEWS /Life / GOOD NEWS | കളഞ്ഞു പോയത് 10 ലക്ഷം; കിട്ടിയത് റസിയയ്ക്കും നാസിലയ്ക്കും; മാതൃകയായി രണ്ട് വീട്ടമ്മമാർ

GOOD NEWS | കളഞ്ഞു പോയത് 10 ലക്ഷം; കിട്ടിയത് റസിയയ്ക്കും നാസിലയ്ക്കും; മാതൃകയായി രണ്ട് വീട്ടമ്മമാർ

News18

News18

അവിവാഹിതയായ റസിയയും (53) സഹോദര ഭാര്യയായ നാസിലയും (35) മൺകട്ടകൊണ്ടുകെട്ടിയ ചെറിയ വീട്ടിലാണ് കഴിയുന്നത്.

  • Share this:

    പത്തനാപുരം: കളഞ്ഞുകിട്ടിയ പത്തു ലക്ഷം രൂപ മടക്കി നൽകി നാടിന് മാതൃകയായി രണ്ടു വീട്ടമ്മമാർ. ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും ശാഖയിലേക്ക് കൊണ്ടുപോകുന്നതിനിടെ  ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന പണമാണ് നഷ്ടമായത്. പണം പോയതിനു പിന്നാലെ സംശയകരമായ സാഹചര്യത്തിൽ നിരപരാധിയായ ഓട്ടോ ഡ്രൈവർ സംശയനിഴലിലുമായി.

    സംഭവം ഇങ്ങനെ; കുണ്ടയം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ റെനിയുടെ കൈയ്യിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് മൈലാടുംപാറ ശാഖയിലേക്ക് വരുന്നതിനിടയിലാണ് പണം നഷ്ടമായത്. അഞ്ചു മണിക്ക് മുമ്പ് പണം അടയ്ക്കാനുള്ളതാണ്. വിവരം ബാങ്കിലറിയിച്ചപ്പോൾ റെനിയുടെ സത്യസന്ധത അറിയാവുന്ന ജീവനക്കാർ തങ്ങളുടെ ആഭരണങ്ങൾ പണയംവച്ചും കടം വാങ്ങിയും നിമിഷങ്ങൾക്കുള്ളിൽ പത്തു ലക്ഷം അടച്ചു. എങ്കിലും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് റെനിയെ സസ്പെൻഡ് ചെയ്തു.

    ബുധനാഴ്ച വൈകുന്നേരം ഒരു മരണവീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് റോഡരുകിലെ പുല്ലിൽ കനമുള്ള പ്ളാസ്റ്റിക് കവർ  മഞ്ചള്ളൂർ മുകളിൽ പുരയിടത്തിൽ റസിയയുടെയും സഹോദര ഭാര്യ നാസിലയുടെയും ശ്രദ്ധയിൽപ്പെട്ടത്. എടുത്തുനോക്കിയപ്പോൾ നോട്ടുകെട്ടുകൾ.ഉടൻ വീട്ടിലെത്തി. എണ്ണിനോക്കിയപ്പോൾ പത്തു ലക്ഷം. ഗൾഫിലുള്ള റസിയയുടെ സഹോദരനും നാസിലയുടെ ഭർത്താവുമായ ഷാനവാസിനെ വിവരം അറിയിച്ചു.

    പണം കളഞ്ഞു കിട്ടിയെന്നറിഞ്ഞാൽ തങ്ങളുടേതെന്ന് പറഞ്ഞ് പലരും വരാൻ സാധ്യതയുണ്ടെന്നും അതു യഥാർത്ഥ ഉടമയ്ക്ക് തിരിച്ചു കൊടുക്കാൻ വേണ്ടി അന്വേഷിക്കണമെന്നും ഷാനവാസ് ഉപദേശിച്ചു. അതിനാൽ പുറത്ത് ആരോടും പറഞ്ഞില്ല. നഷ്ടപ്പെട്ട വിവരം നാട്ടിൽ ആരെങ്കിലും പറയുന്നുണ്ടോ എന്നറിയാൻ നാളെ തിരക്കാം എന്നു തീരുമാനിച്ച് ആ രാത്രി കഴിച്ചുകൂട്ടി.

    വ്യാഴാഴ്ച പുറത്തിറങ്ങിയ റെസിയയും നാസിലയും ബാങ്കിന്റെ പണം നഷ്ടപ്പെട്ട വിവരം ഉച്ചയോടെയാണ് അറിയുന്നത്. വിവരം സഹോദരനെ അറിയിച്ചശേഷം സ്ഥലവാസിയായ ബാങ്കിന്റെ ബോർഡ് മെമ്പറും പരിചയക്കാരനുമായ ജെ. എൽ. നസീറിനെ അറിയിച്ചു.

    Also Read ഡോ. വസുന്ധരയുടെ 'പ്ലാസ്റ്റിക് ' യുദ്ധം ഫലംകണ്ടു

    നസീർ വിവരം ബാങ്കിൽ അറിയിച്ചതോടെ എല്ലാവർക്കും സമാധാനമായി. അവിവാഹിതയായ റസിയയും (53) സഹോദര ഭാര്യയായ നാസിലയും (35) മൺകട്ടകൊണ്ടുകെട്ടിയ ചെറിയ വീട്ടിലാണ് കഴിയുന്നത്.

    ബാങ്കിലുള്ളവർ പണം അടച്ചതിനാൽ രേഖാമൂലം പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. റസിയയും നാസിലയും പത്തനാപുരം പൊലീസിന്റെ അറിവോടെ ബാങ്ക് പ്രസിഡന്റ് ബാബു മാത്യുവിന്റെ സാന്നിദ്ധ്യത്തിൽ പണം ഇന്നലെ റെനിക്ക് കൈമാറി. റസിയയെയും നാസിലയെയും ഇന്ന് ബാങ്ക് അധികൃതർ ആദരിക്കും.

    ഇതിനിടെ പണം കളഞ്ഞുപോയ സ്ഥലത്തിനടുത്തുനിന്ന് ഒരു കേബിൾ കഷ്ണം കുനിഞ്ഞെടുത്ത നിരപരാധിയായ ഓട്ടോ ഡ്രൈവറും സംശയനിഴലിലായി. ഏതായാലും വീട്ടമ്മമാർ പണം ബാങ്ക് ജീവനക്കാരന് കൈമാറിയതോടെ എല്ലാത്തിനും ശുഭപര്യവസാനമായി.

    Also Read നിമിഷ സജയൻ ഭാവിയിലെ ഫിലിംമേക്കറോ?

    First published:

    Tags: Kerala news, Pathanapuram