• HOME
 • »
 • NEWS
 • »
 • life
 • »
 • 2022ലെ നൊബേൽ ജേതാവ് ആനി എർണാക്‌സ് ആ​ദ്യമായി ഇന്ത്യയിൽ; ന്യൂഡൽഹി ലോക പുസ്തകമേളയിൽ

2022ലെ നൊബേൽ ജേതാവ് ആനി എർണാക്‌സ് ആ​ദ്യമായി ഇന്ത്യയിൽ; ന്യൂഡൽഹി ലോക പുസ്തകമേളയിൽ

ഫ്രാൻസിൽ നിന്നുള്ള എഴുത്തുകാരുടെ സംഘത്തോടൊപ്പമാണ് ആനിയുടെ ആ​ദ്യ ഇന്ത്യാ സന്ദർശനം

 • Share this:

  2022-ലെ സാഹിത്യ നൊബേൽ സമ്മാന ജേതാവ് ആനി എർണാക്‌സ് ഈ ആഴ്‌ച ഇന്ത്യയിലെത്തും. ഫ്രാൻസിൽ നിന്നുള്ള എഴുത്തുകാരുടെ സംഘത്തോടൊപ്പമാണ് ആനിയുടെ ആ​ദ്യ ഇന്ത്യാ സന്ദർശനം. ശനിയാഴ്ച ആരംഭിച്ച ന്യൂഡൽഹി ലോക പുസ്തകമേളയിലെ അതിഥികളായാണ് ഇവർ എത്തുന്നത്. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പതിനേഴാമത്തെ വനിതയാണ് ആനി എർണാക്‌സ്. ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് എൺപത്തിരണ്ടുകാരിയായ ആനിയെ നൊബേൽ സമിതി വിശേഷിപ്പിച്ചത്.

  “ആനി എർണാക്‌സ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നു. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതിന് ശേഷം വിദേശത്തുള്ള രണ്ട് ക്ഷണങ്ങൾ മാത്രമാണ് അവർ സ്വീകരിച്ചത്. ആനി എർണാക്സിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്,” ഇന്ത്യയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബുക്ക് അറ്റാഷെ ജൂലിയ ട്രൗലൗഡ് ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാഹിത്യബന്ധങ്ങൾ ഇപ്പോൾ മുൻപത്തേക്കാൾ ശക്തമാണെന്നും രണ്ട് രാജ്യങ്ങളിലും വിവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും ട്രൗലൗഡ് കൂട്ടിച്ചേർത്തു.

  Also read- New Delhi World Book Fair | മുപ്പതിലധികം രാജ്യങ്ങൾ, 1000ലധികം പ്രസാധകർ; ന്യൂഡല്‍ഹി ലോക പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

  പുസ്തകമേള നടക്കുന്ന വേദിയായ പ്രഗതി മൈതാനിയിൽ ശനിയാഴ്ച ആനി എർണാക്സ് പ്രത്യേക പ്രഭാഷണം നടത്തും. തൊട്ടടുത്ത ദിവസം ശ്രീറാം സെന്ററിൽ നടക്കുന്ന പരിപാടിയിലും ആനി സംസാരിക്കും. ഇന്ത്യയിലെത്തുന്ന 16 അംഗ ഫ്രഞ്ച് പ്രതിനിധി സംഘത്തിൽ അഡൽറ്റ് ഫിക്ഷൻ, നോൺ ഫിക്ഷൻ, യംഗ് അഡൽറ്റ് ഫിക്ഷൻ, കുട്ടികളുടെ പുസ്തകങ്ങൾ, ഗ്രാഫിക് നോവലുകൾ എന്നിവയുൾപ്പെടെ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ കഴിവു തെളിയിച്ചവരും പ്രശസ്തരുമായി നിരവധി ജനപ്രിയ എഴുത്തുകാരും സമകാലീന എഴുത്തുകാരും ഉണ്ട്.

  ഇന്ത്യൻ പബ്ലിഷിങ്ങ് മേഖലയെക്കുറിച്ചും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണത്തെക്കുറിച്ചും ഇന്ത്യയിലെ എഴുത്തുകാരുമായി ഇവർ ചർച്ചകൾ നടത്തും. ഫ്രഞ്ച് പബ്ലിഷിങ്ങ് ഇൻഡസ്ട്രി ബ്യൂറോ, ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാങ്കൈസ് എൻ ഇൻഡെ, ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.

  Also read- ‘സ്വപ്നങ്ങളെ പിന്തുടരണം’ എസ് ക്ലാസ് ബെന്‍സിന് പിന്നാലെ പോര്‍ഷെ കെയ്നും സ്വന്തമാക്കി ഷെഫ് സുരേഷ് പിള്ള

  “നമ്മുടെ സാംസ്കാരിക മേഖലയിൽ സാഹിത്യത്തിനുള്ള പ്രാധാന്യം ഞങ്ങൾ ചർച്ച ചെയ്യും. ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചർച്ചയാകും. ഫ്രാൻസിലെ പുസ്തക വിപണിയെക്കുറിച്ചും ഞങ്ങൾ സംസാരിക്കും”, ഇന്ത്യയിലെ ഫ്രഞ്ച് എംബസിയിലെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ കൗൺസിലർ ഇമ്മാനുവൽ ലെബ്രൂൺ-ഡാമിയൻസ് പറഞ്ഞു.

  ലോക പുസ്തകമേളയുടെ 31-ാമത് എഡിഷനാണ് ഇത്തവണ ന്യൂഡൽ​ഹിയിൽ നടക്കുന്നത്. ഫെബ്രുവരി 25 ന് ആരംഭിച്ച മേള മാർച്ച് അഞ്ച് വരെ നീണ്ടുനിൽക്കും. പുസ്തകമേളയിലെ ചർച്ചകളിലും പ്രത്യേക പരിപാടികളിലും പങ്കെടുക്കുന്നതിനു പുറമേ, ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലും ബുക്ക്സ്റ്റോറുകളിലും അലയൻസ് ഫ്രാങ്കൈസ് ഡി ഡൽഹി പോലുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലും ഫ്രഞ്ച് എഴുത്തുകാർ പ്രത്യേകം പ്രഭാഷണങ്ങൾ നടത്തും. ഡൽഹിയിലെ പുസ്തകമേളയിൽ പങ്കെടുത്തതിനു ശേഷം ഇവർ മറ്റ് ഇന്ത്യൻ നഗരങ്ങളും സന്ദർശിക്കും.

  Published by:Vishnupriya S
  First published: