40 ദിവസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി. ബീഹാറിലെ (Bihar) മോത്തിഹാരിയിലാണ് സംഭവം. 'ഭ്രൂണത്തിനുള്ളിലെ ഭ്രൂണം' (Foetus in fetu) എന്നാണ് ഈ അപൂർവ രോഗാവസ്ഥ അറിയപ്പെടുന്നത്. ഈ രോഗമുള്ള കുട്ടികളുടെ വയറ്റിൽ ഭ്രൂണം കാണപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു. കുഞ്ഞിന്റെ വയറിന് സമീപം വീക്കം ഉണ്ടാകുകയും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ ഭ്രൂണം ഉണ്ടെന്ന് കണ്ടെത്തിയത്. കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഭ്രൂണം പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അഞ്ചുലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണ് ഇത്.
ഭ്രൂണത്തിനുള്ളിലെ ഭ്രൂണം എങ്ങനെ കണ്ടെത്താം (How to identify abdominal growth is Fetus in Fetu)?
വയറിനുള്ളിലെ ഈ വളർച്ചയെ ട്യൂമർ എന്നതിലുപരി 'ഭ്രൂണത്തിനുള്ളിലെ ഭ്രൂണം' എന്ന് തരം തിരിക്കുന്നത് നിരവധി ലക്ഷണങ്ങൾ കണക്കിലെടുത്താണ്. ഇത് വയറിലെ പാളിക്ക് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. രോഗ നിർണയം നടത്താൻ കശേരുക്കൾ, അവയവ മുകുളങ്ങൾ, അവയവ കോശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവയവങ്ങൾ പരിശോധിക്കണം.
എവിടെയാണ് ഭ്രൂണത്തിനുള്ളിലെ ഭ്രൂണം കാണപ്പെടുന്നത് (Where is it found) ?
''ഇത് സാധാരണയായി റെട്രോപെരിറ്റോണിയത്തിൽ (retroperitoneum), വയറിലെ ഭിത്തിയുടെ ടിഷ്യൂകളിലാണ് കാണപ്പെടുന്നത്. തലയോട്ടി, സാക്രം തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഭ്രൂണം പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള മിക്ക കേസുകളും കുട്ടികളിലാണ് കാണപ്പെടുന്നത്'', ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റലിലെ മെറ്റേണൽ ഫീറ്റൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. പ്രിയ ദേശ്പാണ്ഡെ ന്യൂസ് 18 നോട് പറഞ്ഞു. ചിലരിൽ ഒന്നിലധികം ഭ്രൂണങ്ങളും കാണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഡോ. പ്രിയ കൂട്ടിച്ചേർത്തു.
രോഗനിർണയം (Diagnosis of fetus in fetu)
അൾട്രാസോണോഗ്രാഫി, പ്ലെയിൻ റേഡിയോഗ്രാഫി, കംപ്യൂട്ടഡ് ടോമോഗ്രഫി, അല്ലെങ്കിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് എന്നിവ ഉപയോഗിച്ചാണ് രോഗനിർണയം നടത്തുന്നത്.
ചികിത്സ (Treatment of fetus in fetu)
ഇത് ഒരു മാരകമായ രോഗമായാണ് കണക്കാക്കപ്പെടുന്നത്, ഏങ്കിലും ശസ്ത്രക്രിയ വഴി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. വയറുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗമാരക്കാരന്റെ വയറ്റിൽ സമാനമായ രീതിയിൽ ഭ്രൂണത്തെ കണ്ടെത്തിയ വാർത്ത മലേഷ്യയിൽ നിന്ന് പുറത്തു വന്നിരുന്നു. പതിനഞ്ചുകാരനായ മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ എന്ന ആൺകുട്ടിയുടെ വയറ്റിൽ നിന്നുമാണ് പൂർണ വളർച്ചയെത്താത്ത ഭ്രൂണത്തെ കണ്ടെടുത്തിയത്. പതിനഞ്ചു വർഷത്തോളം ഈ കൗമാരക്കാരന്റെ വയറ്റിൽ ഭ്രൂണം ഉണ്ടായിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. വയറിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയപ്പോളാണ് ചികിൽസ തേടിയത്. ഷാഹ്റിൽ ജനിച്ചപ്പോൾ മുതൽ ഭ്രൂണവും വയറ്റിൽ ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ മരിച്ചാൽ സ്വീകരിക്കുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചാണ് ഭ്രൂണത്തെ സംസ്കരിച്ചതെന്ന് ഷാഹ്റിലിന്റെ അമ്മ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Foetus