പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍ (Hair Loss). മുടി കൊഴിച്ചിലിനും മുടിയുടെ ബലം നഷ്ടപ്പെടുന്നതിനും നിരവധി കാരണങ്ങളുണ്ട്. ഭക്ഷണക്രമം, ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ, വിവിധ രോഗാവസ്ഥകള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പലതരം വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചിട്ടും മുടി കൊഴിച്ചില്‍ മാറാത്തവര്‍ക്ക് വിദഗ്ദ്ധമായ ചികിത്സാരീതികൾ അവലംബിക്കാം. അവയെക്കുറിച്ച് കൂടുതലറിയാം:
മിനോക്സിഡില്‍ (റോഗെയ്ന്‍) - Minoxidil (Rogaine)
മുടികൊഴിച്ചിലിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഫലപ്രദമായ മരുന്നുകളിൽ ഒന്നാണ് മിനോക്സിഡില്‍. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ) അംഗീകരിച്ചിട്ടുള്ള ഈ മരുന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കും. ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് മുടി കൊഴിയുന്നത് തടയാന്‍ സഹായിക്കും. എന്സിബിഐയില് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മുടി വളരാനും മറ്റ് ചികിത്സകൾക്കും ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മൈക്രോനീഡില്‍ ചികിത്സ (Microneedle Treatment)
പുതിയ മുടി വളരാന്‍ സഹായിക്കുന്നതിനായി തലയോട്ടിയില്‍ ഒന്നിലധികം ചെറിയ സൂചികള്‍ ഉപയോഗിച്ച് നടത്തുന്ന ചികിത്സയാണിത്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്മറ്റോളജിയാണ് ഈ ചികിത്സ ശുപാര്‍ശ ചെയ്യുന്നത്. പക്ഷെ ഇത് എല്ലാവര്ക്കും സുരക്ഷിതമല്ല. ഈ ചികിത്സ നടത്തുന്നതിന് മുമ്പ് ഒരു ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുക.
Also read-
Nail-Biting | നഖം കടിക്കാറുണ്ടോ? ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം; അത് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ലോ ലെവല്‍ ലേസര്‍ തെറാപ്പി
ലോ ലെവല്‍ ലേസര്‍ തെറാപ്പി ചികിത്സയിൽ (എല്എല്എല്ടി) ലേസറുകളാണ് ഉപയോഗിക്കുന്നത്. താപമോ ശബ്ദമോ വൈബ്രേഷനോ പുറപ്പെടുവിക്കാത്തതിനാല്‍ ഈ ചികിത്സാരീതി പൊതുവിൽ സുരക്ഷിതമാണ്. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഈ ചികിത്സ സഹായിക്കുന്നു. കീമോതെറാപ്പിയുടെയോ ചില മരുന്നുകളുടെയോ പാർശ്വഫലമായി മുടി കൊഴിച്ചില്‍ ഉണ്ടായാൽ ലേസര്‍ ചികിത്സ നടത്താവുന്നതാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ ചികിത്സ നടത്താമെന്നാണ് എല്എല്എല്ടിയുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. മുടി കൊഴിച്ചിൽ പരിഹരിക്കാൻ ഇത് വളരെ ഫലപ്രദമാണ്. ഈ ചികിത്സയ്ക്ക് വിധേയമായ പത്തില്‍ എട്ട് പേര്‍ക്കും പ്രയോജനം ഉണ്ടായിട്ടുണ്ട്.
പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ
രക്തത്തില്‍ നിന്ന് പ്ലാസ്മയെ വേര്‍തിരിച്ചാണ് ഈ ചികിത്സ നടത്തുന്നത്. അതിനുശേഷം, മുടി കൊഴിയുന്ന സ്ഥലത്ത് ഈ പ്ലാസ്മ കുത്തിവെയ്ക്കുന്നു. മൂന്ന് മുതല്‍ ആറ് മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണിത്.
ഹെയര്‍ ട്രാന്‍സ്പ്ലാന്റ്
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ രോമങ്ങള്‍ കഷണ്ടിയുള്ള ഭാഗത്ത് മാറ്റിവയ്ക്കുന്ന ചികിത്സയാണിത്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി പറയുന്നത് പ്രകാരം, ശസ്ത്രക്രിയയ്ക്ക് ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ ചികിത്സ നഷ്ടപ്പെട്ട മുടി വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.