• HOME
 • »
 • NEWS
 • »
 • life
 • »
 • Trending Story | സ്വന്തം പുസ്തകം സ്വയം പബ്ലിഷ് ചെയ്യാം; ഈ കാര്യങ്ങൾ അറിയാമെങ്കിൽ

Trending Story | സ്വന്തം പുസ്തകം സ്വയം പബ്ലിഷ് ചെയ്യാം; ഈ കാര്യങ്ങൾ അറിയാമെങ്കിൽ

കൂടുതൽ പേപ്പറുകൾ പാഴാക്കേണ്ടി വരില്ലയെന്നതും അമിത ചെലവ് ഉണ്ടാവുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

 • Last Updated :
 • Share this:
  കാലം എത്ര മാറിയാലും വായന ഒരിക്കലും നശിക്കുകയില്ല. അതിന്റെ മാധ്യമങ്ങൾ മാറുന്നുവെന്നേയുള്ളൂ. ഈ ഡിജിറ്റൽ കാലത്ത് പുസ്തകം പുറത്തിറക്കുകയെന്നത് വലിയ പ്രയാസമില്ലാത്ത കാര്യമാണ്. ഡിജിറ്റൽ പ്രിന്റിംഗിന്റെയും പ്രിന്റ്-ഓൺ-ഡിമാൻഡിന്റെയും ആവിർഭാവത്തോടെ കൂടുതൽ കോപ്പികൾ അനാവശ്യമായി പുറത്തിറക്കുന്നതിന്റെ ചെലവ് വഹിക്കേണ്ടി വരില്ല. പ്രസാധകനെ തിരഞ്ഞ് നടക്കാതെ എഴുത്തുകാ‍ർക്ക് തന്നെ തങ്ങളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യാം. കൂടുതൽ പേപ്പറുകൾ പാഴാക്കേണ്ടി വരില്ലയെന്നതും അമിത ചെലവ് ഉണ്ടാവുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

  തീർത്തും വിശ്വസിക്കാവുന്ന, മാർക്കറ്റ് നിയമങ്ങൾക്ക് അനുസരിച്ച് വിജയം നേടുന്ന പുസ്തകങ്ങൾ സ്വയം പുറത്തിറക്കി വിജയം നേടിയവരുണ്ട്. ആമസോൺ ബെസ്റ്റ് സെല്ലറിൽ വരെ ഇത്തരം പുസ്തകങ്ങൾ ഇടംപിടിച്ചിട്ടുമുണ്ട്. യുകെയിലെ ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയുടെ വിജയം, ഇന്ത്യയിൽ അമീഷ് ത്രിപാഠി, അശ്വിൻ സംഘി തുടങ്ങിയ രചയിതാക്കളുടെ പുസ്തകങ്ങൾക്കുള്ള ഡിമാൻഡ് എന്നിവയെല്ലാം ഇതിന്റെ തെളിവുകളാണ്.

  നിങ്ങൾ ഒരു പുസ്തകം എഴുതി പൂർത്തിയാക്കിയെങ്കിൽ സ്വയം പബ്ലിഷ് ചെയ്യാൻ എന്തെല്ലാമാണ് ചെയ്യണ്ടത്?

  എഡിറ്റിങ്, ലേ ഔട്ട്, കവർ പേജ് ജോലികൾ

  പുസ്തകം എഴുതി പൂർത്തിയാക്കി എഡിറ്റിങും പ്രൂഫ് റീഡിങ്ങും കഴിഞ്ഞാൽ, കവർ രൂപകൽപ്പന ചെയ്‌ത് ഓരോ പേജിന്റേയും ലേഔട്ട് എങ്ങനെയാവണമെന്ന് തീരുമാനിക്കുക. അളവും മറ്റും കൃത്യമാകുന്നതിന് വേണ്ടി ആമസോണിന്റെ കിൻഡിൽ ഡയറക്ട് പബ്ലിഷിങ്ങ് ആപ്പിലുള്ള ടെംപ്ലേറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഫോട്ടോഷോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഫോട്ടോ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങളുടെ കവർ ചെയ്യാം. Word,InDesign തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ പേജ് ലേ ഔട്ട് പൂർത്തിയാക്കാം.
  Also Read- അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങളുടെ അന്ത്യകർമം നടത്തിയത് രണ്ട് വനിതാ പോലീസുകാർ

  ഐഎസ്ബിഎൻ നമ്പർ ലഭിക്കാൻ ശ്രമം തുടങ്ങാം

  isbn.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഒരു ഐഎസ്ബിഎന്നിന് (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ) (ISBN) വേണ്ടി അപേക്ഷിക്കുക. തുടർന്ന് ഏതെങ്കിലും ബാർകോഡ് സൃഷ്ടിക്കുന്ന സൈറ്റിൽ നിന്ന് ഒരു ബാർകോഡ് ജനറേറ്റ് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഐഎസ്ബിഎൻ നിങ്ങളുടെ പുസ്തകത്തിന് പ്രത്യേകമായി ലഭിക്കുന്ന നമ്പറാണ്. ലോകത്തെ ഏത് കാറ്റലോഗിലും പുസ്തകം ലഭ്യമാകാൻ ഈ നമ്പ‍ർ വേണം. ദേശീയ സർക്കാർ-അംഗീകൃത ഏജൻസികളാണ് ഈ നമ്പ‍ർ നൽകുക. ഇന്ത്യയിൽ സൗജന്യമായി നിങ്ങൾക്ക് ഐഎസ്ബിഎൻ നമ്പ‍ർ ലഭിക്കും.
  Also Read- 'അംബേദ്കറെ നായരാക്കി' പുസ്തകത്തിന്റെ കവറിനെ ചൊല്ലി വിവാദം

  നിങ്ങളുടെ പുസ്തകം എങ്ങനെ വേണമെന്ന് തീരുമാനിക്കുക

  ഒരു പുസ്തകം അച്ചടിച്ച് മനോഹരമായി ബൈൻഡ് ചെയ്യുകയെന്നത് ഒരു വസ്ത്രം രൂപകൽപ്പന ചെയ്യുന്നത് പോലെ ക്രിയാത്മകമായ ജോലിയാണ്. ഒരു പ്രൊഫഷണൽ ബുക്ക് പ്രിന്റർ വാടകയ്‌ക്കെടുക്കുക. കവറിനും അകത്തുള്ള പേജുകൾക്കുമായി പേപ്പർ തിരഞ്ഞെടുക്കുക. നിങ്ങളുടെ പുസ്തകത്തിൽ കളർ ചിത്രങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് വെള്ള പേപ്പർ ആവശ്യമായി വരും. നോവലോ സാധാരണ നോൺ-ഫിക്ഷൻ പുസ്തകമോ പ്രസിദ്ധീകരിക്കുകയാണെങ്കിൽ സ്വാഭാവിക ഷേഡ് കടലാസുകൾ മതിയാകും.

  പുസ്തകത്തിന്റെ വില തീരുമാനിക്കുക

  പുസ്തകത്തിന്റെ പ്രിൻറിങ് ചെലവ്, മറ്റ് ചെലവുകൾ, ഷിപ്പിങ് ഫീ തുടങ്ങിയവ പരിഗണിച്ച് പ്രാദേശിക തലത്തിലുള്ള വിലയും പുറത്ത് വിൽക്കുമ്പോൾ വേണ്ട വിലയും തീരുമാനിക്കുക. ഓരോ കോപ്പിയിൽ നിന്ന് നിങ്ങൾ ലക്ഷ്യം വെക്കുന്ന ലാഭവും വില തീരുമാനിക്കുമ്പോൾ മനസ്സിൽ വെക്കണം. ഓരോ രാജ്യത്തും പുസ്തകത്തിന്റെ ഉൽപ്പാദനച്ചിലവ് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ചെലവുകൾക്കെല്ലാം പരിഹാരമാവുന്ന മതിയായ ലാഭം ലഭിക്കുന്ന തരത്തിൽ വില നിശ്ചയിക്കുന്നതാണ് ഉചിതം. നിങ്ങളുടെ പുസ്‌തകത്തിൽ MRP പ്രിന്റ് ചെയ്യുന്നത് വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്. ഓൺലൈൻ സ്റ്റോറുകളിലും പുസ്തക സ്റ്റോറുകളിലും വില നിങ്ങൾക്ക് അറിയിക്കാം.

  വിൽപന തുടങ്ങുക

  പുസ്തകം കാറ്റലോഗുകളിൽ ഉൾപ്പെടുത്തി വിൽപ്പന തുടങ്ങുകയെന്നതാണ് അടുത്ത ഘട്ടം. കഴിയുന്നത്ര പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഓഫ് ലൈൻ പ്ലാറ്റ് ഫോമുകളിലൂടെയും പുസ്തകം വിൽക്കാൻ ശ്രമിക്കുക.

  അന്താരാഷ്ട്ര വിൽപനയ്ക്കായി ചെയ്യേണ്ടത്

  kdp.amazon.com എന്ന സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം പ്രിൻറ് ചെയ്യാൻ റെഡിയാക്കി വെച്ചിരിക്കുന്ന പുസ്തകത്തിന്റെ കോപ്പി പിഡിഎഫ് ആയി അപ്ലോഡ് ചെയ്യുക. നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ് നൽകുക. ഒപ്പം അവിടെ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിക്കുക. ഇവിടെ അംഗീകരിച്ചുകഴിഞ്ഞാൽ, യു‌എസ്, യുകെ, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിങ്ങളുടെ പുസ്തകം പ്രിന്റ് ഓൺ-ഡിമാൻഡ് അടിസ്ഥാനത്തിൽ ലഭ്യമാകും. രണ്ടോ മൂന്നോ ദിവസം കൊണ്ട് നിങ്ങൾക്ക് ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

  കെഡിപി മാർക്കറ്റ് അല്ലാതെ ഇന്ത്യയിലെ വിൽപനയ്ക്കായി ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി seller.flipkart.com and sellercentral.amazon.in എന്നിവിടങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കണം. നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ ഇവിടെ നൽകേണ്ടി വരും. കസ്റ്റമ‍ർ കെയറിൽ വിളിച്ച് സംസാരിച്ചാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ മനസ്സിലാവും. എത്ര റോയൽറ്റി ലഭിക്കുമെന്നത് അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കി വെക്കുക. രണ്ട് പ്ലാറ്റ്ഫോമുകളിലും വിൽപനയ്ക്ക് വെക്കുമ്പോൾ ആവശ്യത്തിന് കോപ്പികൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കുക.

  ഗൂഗിൾ ബുക്ക് വഴിയും പുസ്തകം വിൽക്കാം

  ഗൂഗിൾ ബുക്ക്സിലും നിങ്ങൾക്ക് പുസ്തകം അപ്ലോഡ് ചെയ്യാവുന്നതാണ്. https://play.google.com/books/publish വഴി സൈൻ ഇൻ ചെയ്‌തതിന് ശേഷം നിങ്ങളുടെ പുസ്തകം അപ്ലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ അക്കൗണ്ട് അംഗീകരിച്ചാൽ ഇ-ബുക്ക് വിൽപ്പനയിൽ നിങ്ങൾക്ക് 70 ശതമാനം റോയൽറ്റി ലഭിക്കും.

  റീട്ടെയിൽ സ്റ്റോറുകളിലും വിൽപനയ്ക്ക് വെക്കുക

  സ്വാഭാവികമായും റീട്ടെയിൽ സ്റ്റോറുകളാണ് പുസ്തകങ്ങൾ വിൽക്കാനുള്ള മറ്റൊരു ഇടം. ഒരു കോപ്പിക്ക് 50 മുതൽ 60 ശതമാനം വരെ കമ്മീഷൻ വാങ്ങിക്കുന്ന റീട്ടെയിൽ സ്റ്റോർ ഉടമകളുണ്ട്. നിങ്ങളുടെ പുസ്തകത്തിൻെറ എംആർപി അനുസരിച്ചായിരിക്കും അവർ വിൽക്കുക.

  കോപ്പിറൈറ്റ് സ്വന്തമാക്കുക

  നിങ്ങളുടെ പുസ്തകവുമായി ബന്ധപ്പെട്ട് നിയമപരമായ കുരുക്കുകളൊന്നും തന്നെ ഇല്ലെങ്കിൽ കോപ്പിറൈറ്റിന് അപേക്ഷിക്കണമെന്ന് നിർബന്ധമില്ല. പുസ്തകം ദുരുപയോഗപ്പെടുത്താനോ അനധികൃതമായി പുറത്തിറക്കാനോ സാധ്യതയുണ്ട് എന്ന് തോന്നിയാൽ കോപ്പിറൈറ്റിന് ശ്രമിക്കണം.

  വിപണിയെക്കുറിച്ച് നന്നായി മനസ്സിലാക്കുക

  സ്വന്തമായി പുസ്തകം ഇറക്കുമ്പോൾ സ്വാഭാവികമായും അതിന്റെ വിൽപനയുടെ ഉത്തരവാദിത്വവും നിങ്ങൾക്ക് തന്നെയാണ്. പുസ്തക വിൽപനയുടെ കാര്യത്തിൽ നല്ല ഗവേഷണം നടത്തേണ്ടതുണ്ട്. എഴുത്തുകാ‍ർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഫോട്ടോഗ്രാഫർമാർ, ഡിസൈനർമാർ, പത്രപ്രവർത്തകർ, നിരൂപകർ, പബ്ലിക് റിലേഷൻസ് ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റുകൾ, പ്രിൻറർമാർ, വിതരണക്കാർ, പുസ്തകശാല ഉടമകൾ, സാഹിത്യ ഫെസ്റ്റിവൽ നടത്തിപ്പുകാ‍ർ എന്നിവരൊക്കെയും പുസ്തക വിൽപ്പനയിലെ കണ്ണികളാണ്. ഇവരുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങൾക്ക് വായനക്കാരിലേക്ക് കടന്ന് ചെല്ലാൻ സാധിക്കും.
  Published by:Naseeba TC
  First published: