നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കർണാടക: 13 വയസ്സുകാരനെ തുംകൂര്‍ മഠത്തിന്റെ പുതിയ തലവനായി അവരോധിച്ചു

  കർണാടക: 13 വയസ്സുകാരനെ തുംകൂര്‍ മഠത്തിന്റെ പുതിയ തലവനായി അവരോധിച്ചു

  ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു തേജസ് ദേവരു എന്ന ബാലനെ മഠത്തിന്റെ തലനായി തെരഞ്ഞെടുത്തത്

  • Share this:
   കര്‍ണാടകയിലെ കുപ്പുരു ഗദ്ദുഗെ സംസ്ഥാന മഠത്തിന്റെ പുതിയ തലവനായി 13 വയസ്സുള്ള ആണ്‍കുട്ടിയെ തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു തേജസ് ദേവരു എന്ന ബാലനെ മഠത്തിന്റെ തലനായി തെരഞ്ഞെടുത്തത്.

   ശനിയാഴ്ച മരണപ്പെട്ട യതീശ്വര ശിവാചാര്യ സ്വാമിയുടെ പിന്‍ഗാമിയായിട്ടാണ് തേജസ് ദേവരുനെ അവരോധിച്ചത്. തുംകുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലുള്‍പ്പെടുന്ന, 500 വര്‍ഷം പഴക്കമുള്ള വീരശൈവ മഠത്തിന്റെ ചുമതല തേജസ് ദേവരുവിന് നല്‍കിയത് മരണപ്പെട്ട ശിവാചാര്യ സ്വാമിയുടെ ആഗ്രഹപ്രകാരമാണെന്ന് നിയമ-പാര്‍ലമെന്ററി കാര്യമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.

   ഹാസന്‍ ജില്ലയിലെ കാമസമുദ്രയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് തേജസ് ദേവരു. “മഠത്തിന്റെ പുതിയ ദര്‍ശകനെന്ന നിലയില്‍ തേജസ് ദേവരു തന്റെ ചുമതലകള്‍ നിര്‍വഹിക്കുകയും തന്റെ വിദ്യാഭ്യാസം തുടരുകയും ചെയ്യും,” കുപ്പുരു ഗദ്ദുഗേ മഠം പുരോഹിതന്‍ ബി ആര്‍ ഗിരീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മഠത്തില്‍ തന്നെ താമസിക്കുന്ന മഹേഷിന്റെയും കാന്തമണിയുടെയും ഇളയ മകനാണ് തേജസ്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കുട്ടി സമ്മതിച്ചതായി മഠം ഭാരവാഹികളും കുടുംബാംഗങ്ങളും അവകാശപ്പെട്ടു. കുപ്പുരു ഗദ്ദുഗേ മഠത്തിന്റെ തലവന്‍മാര്‍ കഴിഞ്ഞ 500 വര്‍ഷമായി ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.

   ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യതീശ്വര ശിവാചാര്യ സ്വാമിയെ വെള്ളിയാഴ്ച തുംകുരുവിലെ സിദ്ധഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഹൃദയാഘാതം സംഭവിക്കുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തതിനാല്‍, കൂടുതല്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സ്വാമി വഴിമധ്യേ മരണമടഞ്ഞിരുന്നു.

   പരിശോധനയില്‍ അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മാത്രല്ല, 47കാരനായ യതീശ്വര ശിവാചാര്യ സ്വാമി മുമ്പേതന്നെ പ്രമേഹ രോഗ ബാധിതനുമായിരുന്നു.
   മഠത്തില്‍ തന്നെ വസിച്ചിരുന്ന വയോമകേശയ്യയുടെയും ദേവിരമ്മയുടെയും അഞ്ച് മക്കളില്‍ നാലാമനായി 1974 ജൂലൈ 29 നാണ് യതീശ്വര ശിവാചാര്യ ജനിച്ചത്.

   ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിരുദത്തിനായി കോളേജില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. 16-ാം വയസ്സില്‍ അദ്ദേഹം ആശ്രമത്തിന്റെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടു. ബാംഗ്ലൂരിലെ മുദുകുതോറയില്‍ ശ്രീ മഹാലിംഗ ശിവാചാര്യരുടെ സാന്നിധ്യത്തില്‍ അദ്ദേഹം വേദം, സംസ്‌കൃതം, ആഗമ, ജ്യോതിഷം മുതലായവ പഠിച്ചു.

   'മതപരമായ ആചാരങ്ങളും സാമൂഹിക ക്ഷേമവും' എന്ന പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട് സ്വാമി. ശ്രീലങ്കയിലെ കൊളംബോ സര്‍വകലാശാലയില്‍ നിന്നായിരുന്നു അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.  നിരവധി സമാജ്മുഖ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യതീശ്വര ശിവാചാര്യ സ്വാമി ജലസേചനത്തിനായുള്ള സമരത്തിനും നേതൃത്വം നല്‍കിയുണ്ട്.

   യതീശ്വര ശിവാചാര്യ സ്വാമിയുടെ മരണത്തില്‍ കര്‍ണാടകയിലെ പ്രമുഖ നതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരിപ്പയും അനുശോചിച്ചിരുന്നു. യതീശ്വര ശിവാചാര്യ സ്വാമിജിയുടെ മരണ വാര്‍ത്തയില്‍ അതീവ വളരെ ദുഖിതനാണെന്നും നിരവധി സാമൂഹിക പ്രശ്‌നങ്ങളിലും സേവനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യെദ്യൂരിപ്പ പറഞ്ഞു.


   ​​
   Published by:Karthika M
   First published:
   )}