മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’ (Ponniyin Selvan) എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് ചോളസാമ്രാജ്യത്തെക്കുറിച്ചും (Chola Dynasty) ചോളരാജാക്കൻമാരെക്കുറിച്ചും അവർ സ്ഥാപിച്ച ക്ഷേത്രങ്ങളെക്കുറിച്ചും പലരും കൂടുതലായി അന്വേഷിക്കാൻ തുടങ്ങിയത്. ആറായിരം വർഷത്തിലേറെ നീണ്ട ചരിത്രം അവയ്ക്ക് പറയാനുണ്ട്. ഇതേത്തുടർന്ന് തമിഴ്നാട് ടൂറിസം വകുപ്പും ഇത്തരം സൈറ്റുകളിലേക്ക് പ്രത്യേകം ‘പൊന്നിയിൻ സെൽവൻ ഇൻസ്പയേർഡ്’ ടൂറുകളും (Ponniyin Selvan inspired tours) സംഘടിപ്പിക്കുന്നുണ്ട്. യുനെസ്കോ പട്ടികയിൽ വരെ ഇടം നേടിയിട്ടുള്ളവയാണ് ഈ ക്ഷേത്രങ്ങളിൽ ചിലത്. അവയെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple, Thanjavur)
ബൃഹദീശ്വര ക്ഷേത്രത്തെ തഞ്ചൈ പെരിയ കോവിൽ എന്നും രാജരാജേശ്വര ക്ഷേത്രം എന്നും വിളിക്കാറുണ്ട്. ശിവ ക്ഷേത്രമാണിത്. ഹിന്ദു ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 1003 നും 1010 നും ഇടയിൽ രാജരാജനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. ദക്ഷിണാമൂർത്തി, ചന്ദേശ്വരൻ, വരാഹി, നന്ദി, പാർവതി, കാർത്തികേയ, ഗണേശൻ, സഭാപതി എന്നിവരാണ് ഇവിടുത്തെ മറ്റ് പ്രതിഷ്ഠകൾ. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിലെ ഭിത്തിയിൽ ചോളവംശത്തിന്റെ ചില ചുവരെഴുത്തുകളും കാണാം. ഈ ചുവരെഴുത്തുകളിൽ ചിലത് ഇപ്പോൾ ചെറുതായി മങ്ങിത്തുടങ്ങിയിട്ടുണ്ട്.
ദാരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം (Airavatesvara Temple, Darasuram)
പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ രണ്ടാമൻ പണികഴിപ്പിച്ച ദാരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം അക്കാലത്തെ വാസ്തുവിദ്യയുടെയും ശില്പകലയുടെയും മികച്ച ഉദാഹരണമാണ്. ശ്രീകോവിൽ, മണ്ഡപം, പ്രദക്ഷിണ പാത എന്നിയയെല്ലാം കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ തൂണുകളിലും കല്ലിൽ തീർത്ത കൊത്തുപണികൾ കാണാം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. അദ്ദേഹത്തിന്റെ പത്നി പാർവതീ ദേവിക്കായി സമർപ്പിച്ചിരിക്കുന്ന പെരിയ നായകി അമ്മൻ ക്ഷേത്രവും പ്രധാന ശ്രീകോവിലിനോട് ചേർന്ന് കാണാം. ഈ പ്രദേശങ്ങളിൽ പാർവതി ദേവി അറിയപ്പെടുന്നത് പെരിയ നായകി അമ്മൻ എന്ന പേരിലാണ്. മറ്റ് ദൈവങ്ങളുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
ഗംഗൈകൊണ്ട ചോളപുരത്തിലെ ബൃഹദീശ്വര ക്ഷേത്രം (Brihadisvara temple, Gangaikonda Cholapuram)
പതിനൊന്നാം നൂറ്റാണ്ടിൽ അരിയല്ലൂർ ജില്ലയിലെ ജയൻകൊണ്ടത്ത് രാജേന്ദ്ര ഒന്നാമൻ ഗംഗാ സമതലങ്ങൾ കീഴടക്കിയതിന്റെ സ്മരണയ്ക്കായി നിർമിച്ചതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഈ ക്ഷേത്രം ‘ഗംഗൈകൊണ്ട’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ‘ഗംഗൈകൊണ്ട’ എന്നാൽ ഗംഗയെ കീഴടക്കുക എന്നാണർത്ഥം. ശിവ ക്ഷേത്രമാണിത്. ജയൻകൊണ്ടത്ത് രാജേന്ദ്ര ഒന്നാമന്റെ പിതാവാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമിച്ചത്. അതിനാൽ ഒരു ക്ഷേത്രം തനിക്കും സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു ഏറ്റവും വലിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഒരു ഭീമാകാരമായ നന്ദി പ്രതിമയുമുണ്ട്. ഏകദേശം 55 മീറ്റർ ഉയരമാണ് ഈ ക്ഷേത്രത്തിനുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.