മറഡോണ (Diego Armando Maradona) എന്നും വിസ്മയമാണ്; മൈതാനത്തിലും ജീവിതത്തിലും. ഫുട്ബോൾ ഇതിഹാസം മറഡോണ ഒരിക്കൽ ഒരാൾക്ക് സ്നേഹത്തോടെ ഒരു വാച്ച് സമ്മാനിച്ചു. ഹുബ്ലൂട് ലിമിറ്റഡ് എഡിഷൻ ക്ലാസിക് എയ്റോ റ്റ്യൂഷൻ എന്ന ഈ വാച്ചിൻ്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് മലപ്പുറം വണ്ടൂർ പോരൂർമലക്കലിലെ മമ്പള്ളി വീട്ടിൽ മുഹമ്മദ് യൂസഫിൻ്റെ കുടുംബം.
രണ്ട് കയ്യിലും വാച്ച് കെട്ടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു മറഡോണക്ക്. ചിലപ്പോൾ അതിൽ ഒന്ന് ആർക്കെങ്കിലും ഊരി കൊടുക്കുകയും ചെയ്യും. അങ്ങനെ ഒരിക്കൽ മറഡോണ തൻ്റെ വാച്ചുകളിൽ ഒന്ന് നൽകിയത് മലപ്പുറം വണ്ടൂർ പോരൂർ സ്വദേശി യുസഫിനായിരുന്നു.
അഞ്ചു വർഷം മുൻപ് മറഡോണ ഷാർജയിലെ ഫുജൈറ സ്റ്റേഡിയത്തിൽ രണ്ടു വർഷതോളം പരിശീലകനായി ഉണ്ടായിരുന്നു. അന്ന് പോരൂർ മലക്കലിലെ മമ്പള്ളി വീട്ടിൽ മുഹമ്മദ് യൂസഫ് ഷാർജയിലെ ഫുജൈറ സ്റ്റേഡിയത്തിലെ സ്റ്റാഫായിരുന്നു. മറഡോണയുടെ മുഴുവൻ പരിചരണവും അന്ന് യൂസഫ് ആയിരുന്നു ചെയ്തിരുന്നത്. രണ്ടുവർഷ കാലയളവിൽ തന്റെ കൂടെ നിന്ന യൂസഫിന് മറഡോണ സ്നേഹ സമ്മാനമായി നൽകിയത് Hubloot limited edition, Classic Fucion Aero tution വാച്ചാണ്. ജീവിതത്തിലെ വിലമതിക്കാനാവാത്ത ആ സമ്മാനം യൂസഫ് സ്വീകരിച്ചു.
പക്ഷേ അതിനെ പറ്റി കൂടുതൽ ഒന്നും അന്വേഷിച്ചില്ല. നാളുകൾക്കു ശേഷം യൂസഫിന്റെ ജേഷ്ഠനായ മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് റാഫി യൂസഫിന്റെ കയ്യിൽ നിന്നും വാച്ച് ചോദിച്ച് വാങ്ങുകയായിരുന്നു. ഇടയ്ക്ക് എന്തോ തകരാറ് വന്നത് പരിശോധിക്കാൻ നാട്ടിലെ വാച്ച് കടയിൽ ചെന്നപ്പോഴാണ് റാഫി തൻ്റെ കയ്യിൽ കിടക്കുന്നത് സാധാരണ വാച്ച് അല്ലെന്ന് മനസ്സിലാക്കുന്നത്. പിന്നാലെ ഇത് ഗൂഗിളിൽ പരിശോധിച്ചപ്പോൾ ആണ് റാഫി ഞെട്ടിയത്.
"ഞാൻ നാട്ടിൽ മിമിക്രി, സ്റ്റേജ് ഷോ ഒക്കെ ആയി പോകുന്ന ആളാണ്. പരിപാടിക്ക് പോകുമ്പോൾ, ഈ വാച്ച് കെട്ടിയാൽ അടിപൊളിയാകും എന്ന് കരുതിയാണ് ആപ്പാൻ്റെ കയ്യിൽ നിന്ന് ഇത് വാങ്ങിയത്. മറഡോണയുടെ വാച്ച് എന്നൊക്കെ പറഞ്ഞ് ഷൈൻ ചെയ്യാം എന്നു വിചാരിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഇതിൻ്റെ വില ഗൂഗിളിൽ ഒന്ന് നോക്കി. ഞാൻ നോക്കിയ സമയത്ത് 11 ലക്ഷത്തിലധികം ഉണ്ട് വില. ശരിക്കും ഞെട്ടിപ്പോയി," മുഹമ്മദ് റാഫി പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നായ ഹുബ്ലോട്ടിന്റെ ഈ ബ്രാൻഡിൻ്റെ വിലയിൽ വ്യതിയാനം ഉണ്ടാവും. ഈ വാച്ചിൻ്റെ വില ഇപ്പൊൾ ഇതിലുമധികമാണ്. ഇത്രയും വിലയുള്ള വാച്ച് ഇനി വീട്ടിൽ അമൂല്യ സമ്മാനമായി സൂക്ഷിക്കാൻ ആലോചിക്കുകയാണ് ഇവരിപ്പോൾ.
Summary: A Malappuram native was gifted a wristwatch by football legend Maradona. He checked its actual price only recently to find out that it costs more than a millionഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.