• HOME
 • »
 • NEWS
 • »
 • life
 • »
 • തട്ടിക്കൊണ്ടുപോയ മുസ്ലീം കുഞ്ഞിന് ഇപ്പോൾ മുസ്ലീം, ഹിന്ദു മാതാപിതാക്കൾ; കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

തട്ടിക്കൊണ്ടുപോയ മുസ്ലീം കുഞ്ഞിന് ഇപ്പോൾ മുസ്ലീം, ഹിന്ദു മാതാപിതാക്കൾ; കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

"ഇരു ദമ്പതികളും ഈ കേസിൽ ഇരകളാണ്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്കെതിരെ ഞങ്ങൾ കേസ് ചാർജ് ചെയ്തിട്ടില്ല. കാരണം, നിയമപരമായി കുഞ്ഞിനെ ദത്തെടുക്കാനാണ് അവർ ആഗ്രഹിച്ചിരുന്നത്. അവർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നില്ല എന്ന് മാത്രമല്ല, നന്നായി പരിചരിക്കുകയും ചെയ്തു", മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ശരത് ശർമ കലഗരു

  ബെംഗളൂരു: കുട്ടികളില്ലാതിരുന്ന ഹിന്ദു ദമ്പതികൾക്ക് ഒരു വർഷം മുമ്പ് 2 വയസും 3 മാസവും പ്രായമായ ഒരു കുഞ്ഞിനെ വിറ്റ സംഭവം ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ തന്റെ യഥാർത്ഥ മാതാപിതാക്കളുമായി ഒന്നിച്ച കുഞ്ഞിന് സ്നേഹം പകരാൻ ഇനി ആ മുസ്ലീം കുടുംബവും ഹിന്ദു കുടുംബവും ഉണ്ടാകും.

  ബെംഗളൂരുവിലെ ബ്യാതരായനപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2020 നവംബറിലാണ് ഈ കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കാണാതായെന്ന പരാതി പോലീസിൽ സമർപ്പിക്കപ്പെട്ടെങ്കിലും പോലീസിന് കുഞ്ഞിനെ കണ്ടെത്താനായില്ല. എന്നാൽ അടുത്തിടെ പോലീസ് ഈ കേസിൽ പുനരന്വേഷണം നടത്തുകയും പുതിയ തെളിവുകളും വസ്തുതകളും വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 60,000 രൂപയ്ക്ക് വിറ്റ കാർത്തിക്ക് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

  ബ്യാതരായനപുരയിൽ മുസ്ലീം കുടുംബത്തിൽ ജനിച്ച കുഞ്ഞിന്റെ വീടിന് സമീപമായിരുന്നു കാർത്തിക്കിന്റെ കാമുകി താമസിച്ചിരുന്നത് എന്ന് അയാളുടെ സുഹൃത്തുക്കളിൽ ഒരാൾ പോലീസിനോട് പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാക്കിയിരുന്ന കാർത്തിക് മുമ്പ് ഒരു ബൈക്ക് മോഷണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം ബെംഗളൂരുവിന്റെയും തമിഴ്നാടിന്റേയും അതിർത്തിയിൽ ഹൊസൂർ എന്ന പ്രദേശത്ത് കാർത്തിക് പച്ചക്കറിക്കട നടത്തിവരികയായിരുന്നു.

  സുഹൃത്തുക്കളിൽ ഒരാളാണ് കുട്ടികളില്ലാത്ത ഒരു ഹിന്ദു കുടുംബം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആലോചിക്കുന്ന വിവരം കാർത്തിക്കിനോട് പറഞ്ഞത്. ബ്യാതരായനപുരയിൽ തന്റെ കാമുകിയുടെ വീടിന്റെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന മുസ്ലീം കുഞ്ഞിനെ ശ്രദ്ധിച്ചിട്ടുള്ള കാർത്തിക് കോവിഡ് രോഗം മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥനായ ഒരു കുഞ്ഞിനെ തനിക്കറിയാം എന്ന് പറഞ്ഞ് ഈ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കാർത്തിക് പറഞ്ഞ നുണ വിശ്വസിച്ച കുടുംബം കുഞ്ഞിനെ ദത്തെടുക്കാൻ സമ്മതം അറിയിച്ചു.

  തുടർന്ന് കാർത്തിക് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും ഹൊസൂരിൽ എത്തിക്കുകയും ചെയ്തു. കുഞ്ഞിനെ ലഭിച്ചതിൽ അതീവ സന്തുഷ്ടരായ ദമ്പതികൾ ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമപരമായ രേഖകൾ കാർത്തിക്കിനോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം രേഖകൾ എത്തിക്കാം എന്ന് പറഞ്ഞ് കാർത്തിക് സ്ഥലം വിടുകയായിരുന്നു. ഇതിനകം ദമ്പതികളിൽ നിന്ന് 60,000 രൂപ കൈക്കലാക്കിയ കാർത്തിക് പിന്നീട് തിരിച്ചു വന്നില്ല. ദമ്പതികൾ പല തവണ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും അയാൾ ഫോൺ നമ്പർ മാറ്റിയിരുന്നു. കാർത്തിക് തങ്ങളെ വീണ്ടും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ ദമ്പതികൾ ഒരു മാസം കാത്തിരുന്നതായി പോലീസ് അറിയിച്ചു. പക്ഷേ, അയാളുടെ യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് ദമ്പതികൾ തങ്ങൾക്കുണ്ടായ അനുഭവം വിശദീകരിച്ചുകൊണ്ട് ഹൊസൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പോലീസ് ഈ കേസ് ഗൗരവമായി കണ്ടില്ല. അതിനാൽ കുഞ്ഞ് തന്റെ പുതിയ മാതാപിതാക്കളുടെ കൂടെ തുടർന്നും കഴിഞ്ഞു.

  പിന്നീട് പുനരന്വേഷണത്തിന്റെ ഭാഗമായി, കുഞ്ഞിന്റെ യഥാർത്ഥ വീടിന് സമീപം ഒരു പെൺകുട്ടിയെ കാണാൻ സ്ഥിരമായി വരാറുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം മുതൽ വരാതായതായി പോലീസ് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ കാമുകൻ സ്ഥിരമായി തന്നെ കാണാൻ വരാറുണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അയാൾക്ക് താനുമായി ബന്ധമൊന്നും ഇല്ലെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയിൽ നിന്ന് കാർത്തിക്കിന്റെ ഫോട്ടോ ശേഖരിച്ച പോലീസ് കർണാടകയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കുകയും കാർത്തിക്കിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.

  പിന്നീട് കാർത്തിക്കിന്റെയും കാമുകിയുടെയും പൊതുവായ ഒരു സുഹൃത്തിൽ നിന്ന് കാർത്തിക്കിന്റെ ഫോൺ നമ്പർ പോലീസിന് ലഭിച്ചു. ഫോൺ നമ്പറിന്റെ സഹായത്തോടെ കാർത്തിക് ഹൊസൂരിലാണെന്ന് കണ്ടെത്തിയ പോലീസ് വൈകാതെ അയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്.

  മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് ഹൈന്ദവ പശ്ചാത്തലത്തിലേക്കുള്ള കുഞ്ഞിന്റെ മാറ്റം

  ആദ്യമൊക്കെ തന്റെ മാതൃഭാഷയായ ഉറുദു സംസാരിച്ചിരുന്ന കുഞ്ഞ് ഹിന്ദു കുടുംബത്തിൽ വളരുന്നതിന്റെ ഭാഗമായി കന്നഡ സംസാരിക്കാൻ തുടങ്ങി. ഇപ്പോൾ കുഞ്ഞ് നന്നായി കന്നഡ സംസാരിക്കുന്നുണ്ടെന്നും എന്നാൽ ഉറുദുവിലുള്ള ഒരു വാക്ക് പോലും ഓർമയില്ലെന്നും പോലീസ് പറയുന്നു.

  "ഇരു ദമ്പതികളും ഈ കേസിൽ ഇരകളാണ്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്കെതിരെ ഞങ്ങൾ കേസ് ചാർജ് ചെയ്തിട്ടില്ല. കാരണം, നിയമപരമായി കുഞ്ഞിനെ ദത്തെടുക്കാനാണ് അവർ ആഗ്രഹിച്ചിരുന്നത്. അവർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നില്ല എന്ന് മാത്രമല്ല, നന്നായി പരിചരിക്കുകയും ചെയ്തു", മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഈ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് ആദ്യം മറ്റൊരു കുഞ്ഞു കൂടി ഉണ്ടായിരുന്നെങ്കിലും രോഗത്തെത്തുടർന്ന് ആ കുഞ്ഞ് മരണപ്പെടുകയായിരുന്നു. മറുവശത്ത്, കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് പിറന്ന ഇരട്ടക്കുഞ്ഞുകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനുശേഷം അവർക്ക് മറ്റൊരു കുഞ്ഞ് പിറന്നില്ല. ഇപ്പോൾ രണ്ടു കുടുംബങ്ങളും ഈ കുഞ്ഞിനോട് ഒരുപോലെ സ്നേഹത്തോടെ ഇടപഴകുന്നു.

  "ഇരു ദമ്പതികളും പരസ്പരം കുഞ്ഞിന്റെ പരിചരണം ഏറ്റെടുക്കാൻ സമ്മതം പ്രകടിപ്പിച്ചു. കുഞ്ഞിനെ ഒരു വർഷക്കാലം നന്നായി പരിചരിച്ച ഹിന്ദു ദമ്പതികളുടെ വേദന മനസിലാക്കാൻ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് കഴിഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ്. ഇരു കുടുംബങ്ങളും കുഞ്ഞിന് ആവോളം സ്നേഹം നൽകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്", പോലീസ് പറഞ്ഞു.

  ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് പോലീസ് അവരുടെ മറ്റു വിവരങ്ങളൊന്നും നൽകിയിട്ടില്ല. ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മീഷന്റെ മേൽനോട്ടത്തിൽ കുഞ്ഞിനെ സ്വന്തം മാതാപിതാക്കളെ ഏൽപ്പിച്ചിരിക്കുകയാണ്.
  Published by:Rajesh V
  First published: