Srila Prabhupada | പാശ്ചാത്യ രാജ്യങ്ങളിൽ കൃഷ്ണ സന്ദേശം പ്രചരിപ്പിച്ചയാൾ; ബീറ്റിൽസിൽ വരെ സ്വാധീനം; ശ്രീല പ്രഭുപാദയെ അറിയാമോ?
Srila Prabhupada | പാശ്ചാത്യ രാജ്യങ്ങളിൽ കൃഷ്ണ സന്ദേശം പ്രചരിപ്പിച്ചയാൾ; ബീറ്റിൽസിൽ വരെ സ്വാധീനം; ശ്രീല പ്രഭുപാദയെ അറിയാമോ?
ബീറ്റിൽസ് വഴി, പ്രത്യേകിച്ചും ഹാരിസണിലൂടെയാണ് ഇസ്കോണിന്റെ സ്ഥാപകനായ ശ്രീല പ്രഭുപാദയെ പലർക്കും കൂടുതൽ പരിചയം
Last Updated :
Share this:
#ഉത്പൽ കുമാർ
ലോകമെമ്പാടും ബീറ്റിൽസ് (Beatles) എന്ന സംഗീത ബ്രാൻഡ് തരംഗമായിരുന്ന ഒരു സമയമുണ്ടായിരുന്നു. ആ സമയത്താണ് ഇന്ത്യക്കാരനായ എസി ഭക്തിവേദാന്ത സ്വാമി ശ്രീല പ്രഭുപാദ (AC Bhaktivedanta Swami Srila Prabhupada) അമേരിക്കയിലെത്തിയത്. ബീറ്റിൽസിലെ ഏറ്റവും പ്രമുഖരായ നാല് അംഗങ്ങളിൽ ഒരാളായിരുന്നു ജോർജ്ജ് ഹാരിസൺ (George Harrison). 58-ാം വയസിൽ താൻ അന്ത്യശ്വാസം വലിക്കുന്നതിനു മുൻപായി ഹാരിസൺ ഹരേ കൃഷ്ണ ഭജൻ പാടിക്കൊണ്ടാണിരുന്നത്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ വായിച്ചു കൊണ്ട് രണ്ടു സന്യാസിമാർ അദ്ദേഹത്തിനടുത്തുണ്ടായിരുന്നു. കരിയറിന്റെ ആദ്യഘട്ടത്തിലും ജനപ്രീതിയുടെ ഉന്നതിയിലുമെല്ലാം ജോർജ്ജ് ഹാരിസൺ കൃഷ്ണമന്ത്രം ജപിച്ചു കൊണ്ടിരുന്നു. സന്തോഷത്തിലും ഭയത്തിലുമെല്ലാം അദ്ദേഹത്തിനു കൂട്ടായി ഹരേ കൃഷ്ണ ഭജൻ ഉണ്ടായിരുന്നു. മരണം അടുത്തെത്തിയപ്പോഴും അദ്ദേഹം കൃഷ്ണനിൽ അഭയം പ്രാപിച്ചു.
ബീറ്റിൽസ് വഴി, പ്രത്യേകിച്ചും ഹാരിസണിലൂടെയാണ് ഇസ്കോണിന്റെ സ്ഥാപകനായ ശ്രീല പ്രഭുപാദയെ പലർക്കും കൂടുതൽ പരിചയം. 1890 കളിൽ സ്വാമി വിവേകാനന്ദൻ ചെയ്തതുപോലെ, 1960 കളിലും 1970 കളിലും അമേരിക്കയിൽ ഹിന്ദുമത ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രഭുപാദ നിർണായക പങ്ക് വഹിച്ചിരുന്നു. വിവേകാനന്ദൻ തന്റെ 30-കളുടെ തുടക്കത്തിലായിരുന്നു ഈ ആത്മീയ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിൽ, പ്രഭുപാദ തന്റെ 60-കളുടെ അവസാനമാണ് അതിനായി ഇറങ്ങിത്തിരിച്ചത്. അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര അമേരിക്കയിലേക്കായിരുന്നു.
ശ്രീല പ്രഭുപാദയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും ഹരേ കൃഷ്ണ ഭജൻ ജോർജ് ഹാരിസണ് പ്രിയങ്കരമായി മാറിയതിനെക്കുറിച്ചും ഈ ഭജൻ അമേരിക്കയിൽ തരംഗമായി മാറിയതിനെക്കുറിച്ചും 'പാടുക, നൃത്തം ചെയ്യുക, പ്രാർത്ഥിക്കുക: ശ്രീല പ്രഭുപാദയുടെ പ്രചോദനാത്മക കഥ' (Sing, Dance and Pray: The Inspirational Story of Srila Prabhupada) എന്ന പുസ്തകത്തിൽ ഹിന്ദോൾ സെൻഗുപ്ത (Hindol Segupta ) എഴുതിയിട്ടുണ്ട്. അതേക്കുറിച്ച് അദ്ദേഹം ഫസ്റ്റ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
താങ്കളുടെ പത്താമത്തെ പുസ്തകം ശ്രീല പ്രഭുപാദയെക്കുറിച്ച് ആയിരിക്കണം എന്നു തീരുമാനിച്ചത് എന്തു കൊണ്ടാണ്?
സ്വാമി വിവേകാനന്ദനെക്കുറിച്ച് ഞാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകം എഴുതുമ്പോൾ, ആഗോള തലത്തിൽ തന്നെ സ്വാധീനം ചെലുത്തിയ ഹിന്ദുമതത്തിലെ മറ്റ് വ്യക്തികളെക്കുറിച്ചും കൂടുതലറിയാൻ എനിക്ക് താൽപര്യമുണ്ടായി. മഹർഷി മഹേഷ് യോഗി, പരമഹംസ യോഗാനന്ദ, തുടങ്ങിയവരെക്കുറിച്ചെല്ലാം മനസിലാക്കി. എന്നാൽ പാശ്ചാത്യ രാജ്യത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹിന്ദു ഗുരു ശ്രീല പ്രഭുപാദ ആണെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു പുസ്തകം എഴുതിയത്.
വിയറ്റ്നാം വിരുദ്ധ പ്രക്ഷോഭങ്ങളാൽ അമേരിക്ക ആകെ വീർപ്പുമുട്ടിയ സമയത്താണ് ശ്രീല പ്രഭുപാദ അമേരിക്കയിലേക്ക് പോയത്. സാഹിത്യത്തിലും സംസ്കാരത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. ആ സമയത്ത് ഹിപ്പി പ്രസ്ഥാനം അമേരിക്കയിൽ ശക്തമായിരുന്നു. ആത്മീയത പ്രചരിപ്പിക്കാൻ അമേരിക്കയിൽ പോയി എന്നതു കൊണ്ടു മാത്രമല്ല പ്രഭുപാദയുടെ കഥ എന്റെ ശ്രദ്ധയാകർഷിച്ചത്. അമേരിക്ക അത്രയും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയ സമയത്താണ് അദ്ദേഹമതു ചെയ്തത് എന്ന കാരണം കൊണ്ടു കൂടിയാണ്. അദ്ദേഹത്തിന്റെ ആദ്യകാല അനുയായികളിൽ വലിയൊരു വിഭാഗം ന്യൂയോർക്കിൽ നിന്നുള്ള ഹിപ്പികളായിരുന്നു. ഇവർ അമേരിക്കയിലെ ഉന്നതർ ആയിരുന്നില്ല. ശ്രീല പ്രഭുപാദ തന്റെ ആദ്യ അനുയായികളെ കണ്ടെത്തിയത് അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നാണ്.
സ്വാമി വിവേകാനന്ദന്റെയും ശ്രീല പ്രഭുപാദയുടെയും ജീവിതയാത്രകളെ കാണുന്നതെങ്ങനെയാണ്?
ശ്രീല പ്രഭുപാദ 70-ാം വയസിലാണ് ഒരു പ്രാസംഗികനായത്. അമേരിക്കയിലേക്കു പോകുമ്പോൾ അദ്ദേഹത്തിന് 69 വയസായിരുന്നു പ്രായം. അദ്ദേഹത്തെ പ്രശസ്തനാക്കിയ എല്ലാ കൃതികളും ഉണ്ടായത് അദ്ദേഹത്തിന്റെ എഴുപതുകളുടെയും എൺപതുകളുടെയും ഇടക്കാണ്. 70 വയസുള്ള ഒരു മനുഷ്യൻ ജർമനി, റഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പോയി. നേരെ വിപരീതമായി, വിവേകാനന്ദൻ തന്റെ 30-കളുടെ തുടക്കത്തിലാണ് അമേരിക്കയിലെത്തിയത്. പ്രഭുപാദയിൽ നിന്ന് വ്യത്യസ്തമായി, വിദ്യാസമ്പന്നരും സ്വാധീനമുള്ളവരുമായ ആളുകളായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അനുയായികൾ.
പ്രഭുപാദയുടെ അമേരിക്കൻ സന്ദർശനത്തെ ഒരു വഴിത്തിരിവായാണ് താങ്കൾ വിലയിരുത്തുന്നത്. 1893-ലെ വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവം എന്നാണ് താങ്കൾ ഇതിനെ വിളിക്കുന്നത്. എന്താണ് അങ്ങനെ പറയാൻ കാരണം?
വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നാഴികക്കല്ലായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. വിവേകാനന്ദനാണ് കൂടുതൽ അറിയപ്പെട്ടയാൾ. അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ അമേരിക്കയിലെ ഉന്നതരായിരുന്നു. ഇതിനു വിപരീതമായി, അമേരിക്കൻ സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കിടയിലാണ് പ്രഭുപാദ പ്രവർത്തിച്ചത്. ആദ്യ വർഷങ്ങളിൽ അദ്ദേഹത്തിന്റെ ചുറ്റുമുള്ള പലരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. പ്രഭുപാദ ഈ ആളുകളെയെല്ലാം മാറ്റിയെടുത്തു. അവർക്ക് ആത്മീയ ജീവിതത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. ചില യൂറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഇതു തന്നെയാണ് ചെയ്തത്.
പിന്നീട് അദ്ദേഹത്തിനുണ്ടായ അനുയായികളെ ശ്രദ്ധിക്കൂ. വില്യം ബക്ക്ലിയുമായുള്ള ഒരു ടെലിവിഷൻ സംവാദത്തിനിടെ അലൻ ഗിൻസ്ബർഗ് ഹാർമോണിയം എടുത്ത് ഹരേ കൃഷ്ണ പാടാൻ തുടങ്ങിയിരുന്നു. ധാരളം യുദ്ധവിരുദ്ധ, ഭൗതികവാദ വിരുദ്ധ കവിതകൾ ജിൻസ്ബെർഗ് എഴുതിയിട്ടുണ്ടെന്ന കാര്യവും മനസിലാക്കണം. ബീറ്റിൽസിൽ പ്രഭുപാദയുടെ സ്വാധീനം നോക്കൂ. ജോർജ്ജ് ഹാരിസണിന്റെ പല ഗാനങ്ങളിലും പ്രഭുപാദയുടെയും ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെയും സ്വാധീനം കാണാം. ഇപ്പോഴത്തെ യുക്രെയ്ൻ യുദ്ധസമയത്തും, ഇസ്കോണിലെ സന്യാസിമാർ ഹരേ കൃഷ്ണ പാടുന്ന വീഡിയോകൾ യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും പുറത്തു വന്നത് ഞാൻ കണ്ടു.
എങ്ങനെയാണ് പ്രഭുപാദ അമേരിക്കയിലേക്കു പോകാൻ തീരുമാനിച്ചത്?
കൃഷ്ണന്റെ വാക്കുകൾ പ്രചരിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ഗുരു ആഗ്രഹിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ തന്നെ രചനകളിൽ നിന്ന് മനസിലാകുന്നത്. അല്ലെങ്കിൽ 69-ാം വയസിൽ അദ്ദേഹത്തിന് അമേരിക്കയിലേക്കു പോകേണ്ട കാര്യമില്ലായിരുന്നു. യുദ്ധത്തിൽ തകർന്ന അമേരിക്കയിൽ സമാധാനത്തിന്റെ സന്ദേശമാണ് അദ്ദേഹം പ്രസംഗിച്ചത്. രസകരമെന്നു പറയട്ടെ, ഇന്നത്തെ അമേരിക്ക 1960-കളിലെ അമേരിക്കയുമായി സാമ്യമുള്ളതായി തോന്നുന്നു. ഇന്നു വീണ്ടും ആരെങ്കിലും അമേരിക്കക്കാരോട് സമാധാനം പ്രസംഗിക്കേണ്ടതുണ്ട്.
ദ ബീറ്റിൽസുമായുള്ള പ്രഭുപാദയുടെ ബന്ധത്തെക്കുറിച്ച് പറയാമോ?
ബീറ്റിൽസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വലുതായിരുന്നു. ജോർജ്ജ് ഹാരിസൺ അദ്ദേഹത്തിന്റെ ശിഷ്യനായി. ഹാരിസന്റെ പിൽക്കാല സൃഷ്ടികളിൽ ഭൂരിഭാഗവും പ്രഭുപാദയുടെയും ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെയും സ്വാധീനത്തിൽ ഉണ്ടായതാണ്. ഹാരിസൺ മരണക്കിടക്കയിൽ കിടക്കുമ്പോൾ അരികിൽ രണ്ട് ഹരേകൃഷ്ണ സന്യാസിമാർ ഭഗവദ്ഗീതാ മന്ത്രങ്ങൾ ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോയ മുൻ ഇന്ത്യൻ ആചാര്യൻമാരും പ്രഭുപാദയും തമ്മിലുള്ള വ്യത്യാസം എന്താണ്?
മുൻ ആചാര്യൻമാർ വേദാന്തവും യോഗയും മറ്റും പ്രചരിപ്പിച്ചപ്പോൾ ശ്രീകൃഷ്ണന്റെ സന്ദേശവുമായാണ് പ്രഭുപാദ അമേരിക്കയിലെത്തിയത്. വിവേകാനന്ദൻ ഉൾപ്പെടെയുള്ള മുൻ ഗുരുക്കന്മാർ ഉയർത്തിപ്പിടിച്ച രൂപരഹിതമായ ദൈവത്തെക്കുറിച്ചുള്ള ആശയത്തിൽ നിന്ന് വ്യത്യസ്തമായി, പ്രഭുപാദർ, കൃഷ്ണന്റെ വാക്കുകൾ പ്രചരിപ്പിച്ചു. അങ്ങനെ നോക്കുമ്പോൾ, അദ്ദേഹം വ്യത്യസ്തനായിരുന്നു.
ലോകമെമ്പാടുമുള്ള ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ അതിശയകരമായ വിജയത്തെ എങ്ങനെയാണ് വിശദീകരിക്കുന്നത്?
അതിന് ഒരു കാരണം പ്രഭുപാദയുടെ വ്യക്തിത്വമായിരുന്നു. വിട്ടുവീഴ്ചയില്ലാത്തവനും തന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നവനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശം വളരെ പ്രധാനപ്പെട്ടതും പ്രസക്തവുമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. 1960-കളിലെ പാശ്ചാത്യ ജനത വ്യത്യസ്തമായ ഉത്തരങ്ങൾ തേടുകയായിരുന്നു. യുദ്ധങ്ങൾക്കും ഭൗതികവാദങ്ങൾക്കുമെല്ലാം ഇടയിൽ പെട്ട് അവർ വീർപ്പു മുട്ടി. ആ സമയത്താണ് പ്രഭുപാദ അവിടെ എത്തിയത്. ഇത്തരം സാഹചര്യങ്ങൾക്കെല്ലാം ഇടയിലാണ് അദ്ദേഹമവിടെ ആത്മീയത പ്രചരിപ്പിച്ചത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.