• HOME
 • »
 • NEWS
 • »
 • life
 • »
 • Memoir | മധുമാഷ്; എന്നെ പടിക്കു പുറത്തു നിന്നും പഠിപ്പിച്ച ഗുരു: ജോയ് മാത്യു

Memoir | മധുമാഷ്; എന്നെ പടിക്കു പുറത്തു നിന്നും പഠിപ്പിച്ച ഗുരു: ജോയ് മാത്യു

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടുങ്ങിയ ചതുരങ്ങൾക്കപ്പുറം സ്വാതന്ത്ര്യം എന്നൊന്നുണ്ടെന്നും,അത് അടിയറവെച്ചുള്ള ഒന്നും തനിക്ക് വേണ്ടെന്നും പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സലാം പറയാനും മാഷ് തയ്യാറായി

 • Share this:
  ജോയ് മാത്യു

  ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ഷട്ടർ’ തുടങ്ങുന്നത് മധു മാഷ് മുറി തൂത്തുവാരുന്ന ഷോട്ടിലൂടെയാണ്. എന്റെ ഗുരുപൂജയായിരുന്നു ആ ഷോട്ട്. എന്നാൽ മധുമാഷ് എന്ന കെ.കെ മധുസൂദനൻ എന്ന സ്‌കൂൾ മാഷ് എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ടില്ല. സ്‌കൂളിന് പുറത്തായിരുന്നു ആ പാഠങ്ങളും പഠനവും . ശരിയായ പഠനം പടിക്ക് പുറത്തതാണല്ലോ!

  ശ്രീനിവാസൻ മുഖ്യവേഷത്തിലഭിനയിച്ച 'സംഘഗാന'ത്തിൽ ഗൗതമൻ എന്നൊരു വിപ്ലവകാരിയെയാണ് മധു മാസ്റ്റർ അവതരിപ്പിച്ചത്. സിനിമയുടെ അവസാനം കൊല്ലപ്പെട്ട ഗൗതമന്റെ ശവമഞ്ചം ചുമക്കുന്ന ആൾക്കൂട്ടത്തിലൊരുവനായിട്ടാണ് എന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം എന്നത് പലർക്കുമറിയില്ല. എനിക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം. പെട്ടെന്ന് അതോർമ വരുമ്പോൾ ഒരു ദേഹത്തെയല്ല മറിച്ച് ഒരു ചരിത്രത്തെയാണ് ഞാൻ ചുമന്നത് എന്നത് എന്റെ ദുഖത്തിന് പ്രസക്തിയില്ലാതാക്കുന്നു

  വ്യത്യസ്ത ജീവിത പാതകൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരാളുടെ കൗമാരദശ . ഇന്നത്തെ എന്നെയുണ്ടാക്കിയെടുക്കാൻ കൗമാരകാലത്ത് എനിക്ക് കിട്ടിയ വരമായിരുന്നു മധുമാഷ്. വഴിനീളെ കയ്പ്പേറിയ അനുഭവങ്ങൾ നിരവധിയുണ്ടായിരുന്നെങ്കിലും അവയെല്ലാം കുടിച്ചുവറ്റിക്കാനുള്ള സ്വാതന്ത്ര്യവാഞ്ച എന്നെപ്പോലുള്ളവരിൽ നിറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.  തട്ടിൻപുറത്തെ നാടകക്കാരൻ
  ഞാൻ പതിനേഴുകാരനായ ഒരു കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മധു മാസ്റ്റർ എന്ന രാഷ്ട്രീയ പ്രവർത്തകനെ ആദ്യമായി കാണുന്നത്. എന്റെ സഹപാഠിയും ചിത്രകാരനുമായ വയനാട്ടുകാരൻ പവിത്രനായിരുന്നു കാരണം. പവിത്രൻ മധുമാഷിന്റെ കൂടെയാണ് താമസിച്ചിരുന്നത്. കോഴിക്കോട് മുത്തപ്പൻകാവ് റോഡിലെ പറമ്പത്ത് എന്ന വീട്ടിലെ കുടുസ്സായ ഒരു തട്ടിൻപുറത്തായിരുന്നു താമസം.

  അടിയന്തിരാവസ്ഥയിലെ പോലീസ് ക്യാമ്പുകളിലെ കൊടിയ പീഡനകഥകൾ പത്രത്തിലൂടെ വായിക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു പേരായിരുന്നു മധു മാസ്റ്റർ എന്ന നാടകക്കാരന്റെ പേര്. അടിയന്തരാവസ്ഥാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവരെ വീരൻമാരുടെയും ധീരൻമാരുടെയും പരിവേഷത്തോടെയാണ് അന്നു കണ്ടിരുന്നത്.  മധു മാഷിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ‘പടയണി’ എന്ന നാടകം വയനാട് സാംസ്കാരിക വേദി കോഴിക്കോട്ട് അവതരിപ്പിക്കുന്നത്. “പടയണി” കണ്ട എനിക്ക് എന്റെ അതുവരെയുണ്ടായിരുന്ന നാടക സങ്കല്പങ്ങളെ പിഴുതെറിയേണ്ടിവന്നു.എന്റെ നാടക സങ്കൽപങ്ങൾ മാറി മറിഞ്ഞു. അദ്ദേഹത്തെ പരിചയപ്പെടാതെവയ്യെന്നു തോന്നി.

  ആദ്യകാഴ്ചയിൽ തന്നെ അദ്ദേഹം എന്നെ ആകർഷിച്ചു. പടയണി’യുടെ സൃഷ്ടാവിനോട് തോന്നിയ ആരാധന പിന്നീട് സെന്റ് വിൻസന്റ് കോളനിക്ക് സമീപമുള്ള അദ്ദേഹത്തിന്റെ താമസ സ്ഥലത്തേക്കുള്ള നിത്യസന്ദര്ശനമായി മാറി. അങ്ങിനെ കോളജ് നാടകങ്ങളിൽ ബെസ്റ്റ് ആക്ടർ ഒക്കെയായി വിലസിനടന്നിരുന്ന എന്നെ അദ്ദേഹം ‘ചുടലക്കളം ‘എന്ന നാടകത്തിൽ ബുദ്ധനായി അഭിനയിക്കാൻ വിളിച്ചത് എന്നിലെ “ബെസ്റ്റ് ആക്ടർ” എന്ന അഹങ്കാരത്തിന്റെ മുതുകിൽ കിട്ടിയ പ്രഹരമായിരുന്നു .സ്വന്തം പരിമിതിയെ തിരിച്ചറിയാനും മറികടക്കാനും പ്രേരിപ്പിക്കുന്ന ഒരു ഊർജം എന്നിൽ നിറയ്ക്കാൻ മാഷ് നൽകിയ പരിശീലനത്തിനായി. പിന്നെ മാഷിന്റെ ‘അമ്മ’ നാടകത്തിൽ അമ്മയുടെ മകൻ പാവേൽ ആയി 17–ാം വയസ്സിൽ ഞാൻ അഭിനയിച്ചു. കേരളമാകെ ഈ നാടകവുമായി ഞങ്ങൾ സഞ്ചരിച്ചു. തുടർന്നാണ് കേരളത്തിൽ ജനകീയ സാംസ്കാരിക വേദി ഉണ്ടായത്. ബാദൽ സർക്കാരിന്റെ “സ്പാർട്ടക്കസ്”.ആൽബേർ കാമുവിനെ “കലിഗുല” ഷേക്സ്പിയറിന്റെ “ജൂലിയസ് സീസർ” തുടങ്ങി ഞങ്ങൾ ഒരുമിച്ച് അവതരിപ്പിച്ച എത്രയെത്ര നാടക യാത്രകൾ ;കഷ്ടപ്പാടിന്റെ രാത്രികൾ !

  എന്നാൽ മധു മാഷുമായി ജനകീയ സാംസ്കാരിക വേദിയ്ക്കു പെട്ടെന്നുതന്നെ അകലേണ്ടി വന്നു. ഒരിക്കലും ഒരു സംഘടനയ്ക്കും അളക്കാനാവാത്ത തരത്തിലുള്ള സ്വാതന്ത്ര്യബോധത്തിന്റെ വക്താവായിരുന്നു മധു മാഷ്.സംഘടനാപരമായ കീഴ്‌വഴക്കങ്ങൾക്കനുസരിച്ച് ജീവിക്കാൻ പറ്റില്ലെന്ന് അദ്ദേഹത്തിനും തോന്നി, സംഘടനയ്ക്കും തോന്നി. സംഘടനയിൽനിന്നു പുറത്തായതിനു ശേഷവും അദ്ദേഹം നാടക – സിനിമാ പ്രവർത്തനങ്ങളിൽ മുഴുകി. പി.എ.ബക്കർ സംവിധാനം ചെയ്ത ‘സംഘഗാനം’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചു. തുടർന്ന് ‘സ്പാർട്ടക്കസ്’, ‘കലിഗുല’, ‘സുനന്ദ’, ‘കറുത്ത വാർത്ത’ തുടങ്ങി പതിനഞ്ചോളം നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ പലതിലും ഭാഗഭാക്കാകാൻ എനിക്കു കഴിഞ്ഞു.പിന്നീട് ഒഡേസയുടെ ചലച്ചിത്ര പ്രവർത്തനങ്ങളുമായി മധു മാഷ് കേരളം മുഴുവൻ സഞ്ചരിച്ചു. ഒറ്റയ്ക്കു നാടകപ്രവർത്തനങ്ങളും പല ‘കലാപ’ങ്ങളും നടത്തി.

  നാടകത്തിലെ മൂന്നാം ധാരയുടെ രാഷ്ട്രീയം
  അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ രാഷ്ട്രീയ നാടകങ്ങൾ എന്ന മൂന്നാം ധാരയ്ക്ക് നേതൃത്വം നൽകി എന്നാകാം ചരിത്രത്തിൽ മധു മാസ്റ്റർ എന്ന നാടകക്കാരനെ അടയാളപ്പെടുത്തുക. മലയാള നാടകവേദി അക്കാദമിക് എന്നും തനത് എന്നും ഇരു ചേരികളിലായി വിലസുന്ന കാലത്താണ് മനുഷ്യ ജീവിതവും അതിന്റെ രാഷ്ട്രീയവും പറയുന്ന നാടകങ്ങളിലൂടെ മധു മാസ്റ്റർ നാടകവേദിക്ക് സർഗ്ഗാത്മകതയുടെ തീയിട്ടത്.അവിടെ തുടങ്ങുന്നു മലയാള നാടകത്തിലെ മൂന്നാംധാര.  രാഷ്ട്രീയം പറഞ്ഞിരുന്ന മലയാളനാടകങ്ങൾ കച്ചവടത്തിലേക്ക് മാറിയപ്പോൾ മലയാള നാടകവേദിയെ വീണ്ടും രാഷ്ട്രീയവൽക്കരിച്ചത് മധു മാസ്റ്ററുടെ ‘പടയണി’ തുടങ്ങിയ നാടകമാണ്. 'ഇന്ത്യ 1974 “എന്നൊരു നാടകം അവതരിപ്പിച്ചതിലൂടെയാണ് മധു മാസ്റ്റർ നാടകരംഗത്ത് ശ്രദ്ധേയനാകുന്നത് . കേരളത്തിൽ അക്കാദമിക്കായ നാടകധാര ഒരു ഭാഗത്തും തനതു നാടകവേദിയെന്ന മറ്റൊരു ധാര മറുഭാഗത്തും നിൽക്കുമ്പോൾ അതിനിടയിലൂടെ രാഷ്ട്രീയം പറയാൻ വേണ്ടി രാഷ്ട്രീയനാടകങ്ങൾ അവതരിപ്പിച്ച് മൂന്നാം ധാരയ്ക്കു വഴിമരുന്നിട്ടുവെന്നതാണ് കേരളീയ സാംസ്കാരിക ചരിത്രത്തി‍ൽ മധു മാഷിന്റെ എറ്റവും വലിയ സംഭാവന.

  എന്നെ മനുഷ്യനാക്കിയ മാഷ്
  എന്റെ ജീവിതയാത്രയിൽ ഉടനീളം അദ്ദേഹമുണ്ടായിരുന്നു.എന്റെ വായനയുടെ ഗതി മാറ്റിയത് മധുമാഷാണ്. എന്റെ മാത്രമല്ല കൂട്ടുകാരുടെയും. ഞങ്ങളുടെ വായനയുടെയും ചിന്തയുടെയും ഗതി മാറ്റിവിടാനും കാര്യങ്ങളെ രാഷ്ട്രീയമായി നോക്കിക്കാണാനും അദ്ദേഹമാണ് പഠിപ്പിച്ചത്.മാക്സിം ഗോർക്കിയുടെ നാടകം അവതരിപ്പിക്കുമ്പോൾത്തന്നെ ദസ്തയവിസ്‌കിയെയും ടാഗൂറിനെയും കാസി നസ്രുൾ ഇസ്ലാമിനയുമൊക്കെ വായിക്കാൻ ഞങ്ങളെയൊക്കെ പ്രേരിപ്പിക്കുന്നതും വായനയുടെയും എഴുത്തിന്റെയും ലഹരി അനുഭവിപ്പിച്ചതും എന്നെ സംബന്ധിച്ചിടത്തോളം മധു മാസ്റ്ററാണ് .

  എന്നെ നാടകകൃത്താക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്. ഞാൻ എഴുതിയ നാടകം ആദ്യം വായിച്ചതും തിരുത്തലുകൾ നിർദേശിച്ചതും മധു മാസ്റ്ററാണ്.  എന്നെ മനുഷ്യനാക്കിയതും മധു മാഷാണ്. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനാക്കിയതും അത്തരമൊരു സംഘടനയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും അദ്ദേഹമാണ്. സംവിധായകൻ ജോൺ ഏബ്രഹാമിനെ പരിചയപ്പെടുത്തുന്നതും ഒരർഥത്തിൽ മധു മാഷാണ്. ‘കയ്യൂർ’ സിനിമയുടെ തിരക്കഥ ജോണും മധുമാഷും ചേർന്ന് എഴുതുമ്പോൾ ഞാൻ അവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു. ഞാൻ അഭിനയിക്കേണ്ട സിനിമയായിരുന്നു. പല കാരണങ്ങളാൽ ആ സിനിമ നടന്നില്ല.

  അനാഥമാകുന്ന ഒറ്റയാൾ പോരാട്ടങ്ങളുടെ തെരുവ്
  സ്വാതന്ത്ര്യത്തെ മുറുകെപ്പിടിക്കുക എന്നത് ഒരു ഉന്മാദം പോലെ കൊണ്ടുനടന്നിരുന്ന ഒരാളായായിരുന്നു മധു മാഷെന്ന് അടുത്തറിയുന്നവർക്കറിയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടുങ്ങിയ ചതുരങ്ങൾക്കപ്പുറം സ്വാതന്ത്ര്യം എന്നൊന്നുണ്ടെന്നും,അത് അടിയറവെച്ചുള്ള ഒന്നും തനിക്ക് വേണ്ടെന്നും പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സലാം പറയാനും മാഷ് തയ്യാറായി. കൂടെയുണ്ടായിരുന്ന മറ്റു പലരെയും പോലെ മറ്റേതെങ്കിലും പാർട്ടി വിരിച്ചുകൊടുത്ത പായിൽ കിടക്കാനോ കാവി പുതയ്ക്കാനോ പോയില്ല മറിച്ച് അരാജകവാദത്തിന്റെ കുപ്പിച്ചില്ലുകളിൽ ചവിട്ടി നൃത്തം വെക്കാനാണ് മാഷ് താല്പര്യപ്പെട്ടത്.പറയാനുള്ളത് ഒറ്റയ്ക്കാണെങ്കിൽ പോലും തെരുവിൽ നിന്നു പറയാൻ മടി കാണിക്കാത്ത ഊർജം അദ്ദേഹത്തിനുണ്ടായിരുന്നു. അത് പലപ്പോഴും ഒറ്റയാൾ നാടകമായും .തെരുവ് പ്രസംഗമായും ചിലപ്പോഴൊക്കെ തെരുക്കൂത്തായും സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമോ ആഘോഷമോ ഒക്കെയായി മാറി. കോഴിക്കോട്ടുകാർക്ക് അത് സുപരിചിതവുമായി.

  ഇത്തരം ഒറ്റയാൾ പോരാട്ടങ്ങൾ മധു മാഷിന്റെ വേർപാടോടെ കുറ്റിയറ്റു പോയേക്കാം.

  (എഴുത്തുകാരനും നടനും സംവിധായകനുമാണ് ലേഖകൻ)
  Published by:Chandrakanth Viswanath
  First published: