2050 ആകുമ്പോഴേക്കും ഇന്ത്യൻ ജനസംഖ്യ 1.6 ബില്യനായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ആളോഹരി ജലലഭ്യതയും കുറയാൻ സാധ്യതയുണ്ട്. 2025 ആകുമ്പോഴേക്കും ഇന്ത്യയുടെ ആളോഹരി ജലലഭ്യത 1,465 ക്യുബിക് മീറ്ററായി കുറയുമെന്നും 2050 ഓടെ ഇത് 1,235 ക്യുബിക് മീറ്ററായി കുറയുമെന്നും ഐസിഎആറിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ കണക്കുകൾ 1,000 ക്യുബിക് മീറ്ററിൽ താഴുകയാണെങ്കിൽ, ഇന്ത്യയെ ജല സമ്മർദ്ദ രാജ്യമായി പ്രഖ്യാപിക്കും.
ജലക്ഷാമത്തിന് പരിഹാരം
എന്നാൽ ജലക്ഷാമത്തിന് പരിഹാരമായി ബെംഗളൂരുവിലെ നാഷണൽ അക്കാദമി ഫോർ ലേണിംഗിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഷഭ് പ്രശോബ് (14) ജല മിഷൻ എന്ന പദ്ധതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു വർഷത്തിൽ 70 ലക്ഷം ലിറ്റർ വെള്ളം വരെ ലാഭിക്കാൻ കഴിയുന്ന പദ്ധതിയാണിത്. ഹോട്ടലുകളിലും സ്കൂളുകളിലും ഹൌസിംഗ് സൊസൈറ്റികളിലുമൊക്കെ വാട്ടർ ടാപ്പുകളിൽ എയറേറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ വെള്ളത്തിന്റെ നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഈ ഒൻപതാം ക്ലാസുകാരന്റെ കണ്ടെത്തൽ.
എന്താണ് എയറേറ്ററുകൾ?
വാട്ടർ ടാപ്പുകളിൽ ഘടിപ്പിക്കാൻ കഴിയുന്ന ചെറിയ ഉപകരണമാണ് എയറേറ്ററുകൾ. ഇത് വായുവിനെ വെള്ളവുമായി കലർത്തി ടാപ്പിലൂടെ മികച്ച രീതിയിൽ ജലപ്രവാഹം ഉണ്ടെന്ന് ഉറപ്പാക്കുന്നു. സമ്മർദ്ദത്തിലെ മാറ്റം മൂലമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ തന്നെ ടാപ്പിലൂടെ വെള്ളം ഒഴുകും. മിനിറ്റിൽ 15 ലിറ്റർ വെള്ളം നൽകുന്ന ടാപ്പുകളിൽ, എയറേറ്ററുകൾ ഘടിപ്പിക്കുന്നത് വഴി ഒഴുക്ക് പകുതിയിൽ കൂടുതൽ കുറയ്ക്കാൻ കഴിയും. മിനിറ്റിൽ ആറ് ലിറ്റർ വരെയായി വെള്ളത്തിന്റെ അളവ് കുറയ്ക്കാം. ഈ ഉപകരണം ഘടിപ്പിക്കുന്നത് വഴി പ്രതിമാസം 1,274 ലിറ്റർ വെള്ളം ലാഭിക്കാൻ കഴിയുമെന്ന് റിഷഭ് പറയുന്നു.
Also Read-
'ദി ഗ്രേറ്റ് ഇന്ത്യന് സോളോ'; മലകള് താണ്ടി, പുഴ കടന്ന്, കാടിറങ്ങി നിധിയുടെ ഏകാന്ത യാത്ര
കണ്ടുപിടുത്തത്തിന് പിന്നിൽ
2019ന്റെ തുടക്കത്തിൽ, ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള എൻജിഒയായ 1 മില്യൺ 1 ബില്ല്യൺ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തതോടെ റിഷഭ് വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനിടയായി. അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും, റിഷഭിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് ജലക്ഷാമമാണ്. ഏത് പാരിസ്ഥിതിക പ്രശ്നത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിശകലനം ചെയ്യാൻ മൂന്ന് മാസം ചെലവഴിച്ചതായി റിഷഭ് ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു.
ജല ഉപഭോഗം കുറയ്ക്കൽ
ജലക്ഷാമത്തെക്കുറിച്ച് കൂടുതലറിയാൻ ബംഗളൂരുവിലെ നിരവധി എൻജിഒകൾ, പാരിസ്ഥിതിക പ്രവർത്തകർ, ജലസംരക്ഷണ പ്രവർത്തകർ എന്നിവരുമായി റിഷഭ് സംസാരിച്ചു. ഇതിനെ തുടർന്ന് വെള്ളം ലാഭിക്കാനുള്ള ഏക പരിഹാരം ഉപഭോഗം കുറയ്ക്കുക എന്നതാണെന്ന് റിഷഭ് കണ്ടെത്തി. അങ്ങനെയാണ് ജല ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി വാട്ടർ ടാപ്പുകളിൽ എയറേറ്ററുകൾ ഘടിപ്പിക്കുന്ന രീതി റിഷഭ് കണ്ടെത്തിയത്. സാധാരണയായി ടാപ്പുകളിൽ നിന്ന് മിനിറ്റിൽ 6 ലിറ്റർ വെള്ളം പുറത്തേയ്ക്ക് വരുമ്പോൾ എയറേറ്ററുകൾ ഘടിപ്പിച്ചാൽ അവയെ 3 അല്ലെങ്കിൽ 4 ലിറ്ററായി കുറയ്ക്കാൻ കഴിയും.
ആദ്യ പരീക്ഷണം മുത്തശ്ശിയുടെ വീട്ടിൽ
എയറേറ്ററുകളുടെ പ്രവർത്തം മനസ്സിലാക്കാൻ 2019 ജൂലൈയിൽ റിഷഭ് ബെംഗളൂരുവിലെ മുത്തശ്ശിയുടെ വീട്ടിൽ ഒരെണ്ണം സ്ഥാപിച്ചു. എയറേറ്റർ ഘടിപ്പിച്ച് ഒരു മാസത്തിനുള്ളിൽ, മുത്തശ്ശിയുടെ വാട്ടർ ബില്ലിൽ 30% കുറവുണ്ടായി. നേരത്തെ ബിൽ 340 രൂപയായിരുന്നു, എന്നാൽ എയറേറ്ററുകൾ ഘടിപ്പിച്ചതിന് ശേഷം നിരക്ക് 250 രൂപയായി കുറഞ്ഞുവെന്ന് റിഷഭ് പറയുന്നു.
റസിഡൻസ് സൊസൈറ്റിയിൽ
എയറേറ്ററുകൾ ഒരു പരിഹാരമായി പ്രവർത്തിക്കുമെന്ന് ബോധ്യപ്പെട്ടതോടെ 2019 ഓഗസ്റ്റിൽ റിഷഭ് താൻ താമസിക്കുന്ന റെസിഡന്റ്സ് അസോസിയേഷനെ സമീപിക്കുകയും എയറേറ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അതിനെ തുടർന്ന് ഓരോ അപ്പാർട്ട്മെന്റിലും രണ്ട് എയറേറ്ററുകൾ വീതം ഘടിപ്പിച്ചു. ഒന്ന് അടുക്കള സിങ്കിലും മറ്റൊന്ന് ബാത്ത്റൂമിലെ വാഷ് ബേസിനിലുമാണ് ഘടിപ്പിച്ചത്. ഒരു എയറേറ്ററിന് ഏകദേശം 300 രൂപ വിലവരും. ഒരു വർഷത്തിനുള്ളിൽ അപ്പാർട്ട്മെന്റിലെ ജല ഉപഭോഗം 20 ലക്ഷം ലിറ്റർ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞതായി റിഷബ് പറയുന്നു.
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ
2019 ഓഗസ്റ്റിൽ കൊച്ചിയിലെ രണ്ട് മാരിയറ്റ് ഹോട്ടലുകളെ സമീപിച്ച് റിഷഭ് തന്റെ ആശയം അവതരിപ്പിച്ചിരുന്നു. മാനേജർ ഉടനടി സമ്മതിക്കുകയും രണ്ട് ഹോട്ടലുകളിലും എല്ലാ ബാത്ത്റൂമിലും ഓരോ എയറേറ്റർ വീതം സ്ഥാപിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ ഹോട്ടലിന് 50 ലക്ഷം ലിറ്റർ വെള്ളം ലാഭിക്കാൻ കഴിഞ്ഞതായും റിഷഭ് പറയുന്നു.
ലക്ഷ്യങ്ങൾ
2019 നവംബറിൽ റിഷഭ് തന്റെ ആശയവുമായി നാഷണൽ അക്കാദമി ഫോർ ലേണിംഗ് സ്കൂളിന്റെ പ്രിൻസിപ്പൽ ഇന്ദിര ജയകൃഷ്ണനെ സമീപിച്ചു. റിഷഭിന്റെ കണ്ടെത്തലിൽ അഭിമാനം തോന്നിയ പ്രിൻസിപ്പൽ ഉടൻ തന്നെ സ്കൂളിലും എയറേറ്ററുകൾ സ്ഥാപിക്കാൻ അനുമതി നൽകി. 2021 ൽ കൂടുതൽ സ്കൂളുകളിലേക്കും ഹോട്ടലുകളിലേക്കും നഗരത്തിലുടനീളമുള്ള സിനിമാ തിയേറ്ററുകളിലും മാളുകളിലുമെല്ലാം എയറേറ്റർ വിതരണം ചെയ്യാൻ മുൻകൈയെടുക്കുമെന്ന് റിഷഭ് ബെറ്റർ ഇന്ത്യയോട് പറഞ്ഞു. ഒരു കോടി ലിറ്റർ വെള്ളം ലാഭിക്കാൻ നഗരത്തെ സഹായിക്കുക എന്നതാണ് റിഷഭിന്റെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.