HOME » NEWS » Life » AFTER SEVEN YEARS MOHAMMAD AMIR RETURNS TO MUSLIM PARENTS FROM HIS HINDU PARENTS

ഏഴ് വർഷം ഹിന്ദു മാതാപിതാക്കളുടെ മകനായി ജീവിതം; മുഹമ്മദ് ആമിറിന്റെ അപൂർവ കഥ

ഏഴ് വർഷം മുമ്പാണ് അയ്യൂബ് ഖാനും മെഹ്റുന്നിസയ്ക്കും മകനെ നഷ്ടമാകുന്നത്. ഇക്കാലമത്രയും സ്വന്തം മകനായി അവനെ വളർത്തുകയായിരുന്നു ലക്ഷ്മിയും ഭർത്താവും

News18 Malayalam | news18-malayalam
Updated: July 13, 2021, 1:51 PM IST
ഏഴ് വർഷം ഹിന്ദു മാതാപിതാക്കളുടെ മകനായി ജീവിതം; മുഹമ്മദ് ആമിറിന്റെ അപൂർവ കഥ
പ്രതീകാത്മക ചിത്രം
  • Share this:
ഏഴ് വർഷങ്ങൾക്ക് ശേഷം യഥാർത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നതിന് മുമ്പ് അമ്മയുടെ പിറന്നാളിന് വരുമെന്ന് മുഹമ്മദ് ആമിർ അച്ഛനും അമ്മയ്ക്കും ഉറപ്പ് നൽകിയിരുന്നു. ജുലൈ 12 ന് തന്റെ വാക്ക് പാലിക്കാൻ ജബൽപൂരിൽ നിന്നും 300 കിലോമീറ്റർ യാത്ര ചെയ്ത് ആമിർ എത്തുകയും ചെയ്തു.

ജാതിയും മതവും മനുഷ്യനെ ഓരോ കള്ളികളിൽ ഒതുക്കി നിർത്തുന്ന കാലത്താണ് മുഹമ്മദ് ആമിർ എന്ന പത്തൊമ്പതുകാരനും അവന്റെ മാതാപിതാക്കളും വ്യത്യസ്തരാകുന്നത്. തനിക്ക് രണ്ട് അമ്മയും രണ്ട് അച്ഛനും ഉണ്ടെന്ന് അഭിമാനത്തോടെ ആമിറിന് പറയാം. ഏഴ് വർഷം സ്വന്തം മകനെ പോലെ സ്നേഹിച്ച് വളർത്തിയ ഹിന്ദു മാതാപിതാക്കളും മകനെ കാത്ത് ഇത്രയും വർഷം പ്രാർത്ഥനയോടെ കാത്തിരുന്ന മുസ്ലീം മാതാപിതാക്കളുമുള്ള മുഹമ്മദ് ആമിർ എന്ന 19 കാരൻ ഭാഗ്യവാൻ തന്നെയാണ്.

ജൂൺ 30 നാണ് തന്റെ യഥാർത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് ആമിർ തിരിച്ചെത്തുന്നത്. ഏഴ് വർഷമായി കാണാതായ മകനെ തിരിച്ചു കിട്ടിയപ്പോൾ അയ്യൂബ് ഖാനും മെഹറുന്നിസയും ദൈവത്തിനൊപ്പം അവർ നന്ദി പറഞ്ഞത് സംറത്ത് ദാംലേയോടും ഭാര്യ ലക്ഷ്മി ദാംലയോടുമായിരുന്നു.

You may also like:നടുറോഡില്‍ കേരളാ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്; അടിക്കുറിപ്പ് മത്സരവുമായി പൊലീസ്

2012 ലാണ് മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ആമിറിനെ കാണാതാകുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ മാതപിതാക്കൾ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഈ സമയം നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു തിരിയുകയായിരുന്നു ആമിർ. പൊലീസ് കുട്ടിയെ രക്ഷിച്ചെങ്കിലും മറ്റുവിവരങ്ങളൊന്നും ലഭിച്ചില്ല.

തുടർന്ന് ആമിറിനെ നഗരത്തിലെ ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റി. ഇവിടെ നിന്നാണ് സമർഥ് ദാംലെയുടെ കൈകളിലേക്ക് ആമിർ എത്തുന്നത്. കുട്ടികളെ സ്വന്തം ഉത്തരവാദിത്തത്തിൽ സംരക്ഷിച്ചു വരികയായിരുന്നു സാമൂഹിക പ്രവർത്തകനായ സമർത്ഥ്. ഇവിടേക്ക് ആമിറും എത്തി. എന്നാൽ സമർഥിന്റെ സ്ഥാപനം പിന്നീട് അടച്ചു പൂട്ടിയതോടെ അന്തേവാസികളായ കുട്ടികളെല്ലാം രക്ഷിതാക്കളുടെ അടുത്തേക്കോ ബന്ധു വീടുകളിലേക്കോ മടങ്ങി. എങ്ങോട്ട് പോകണമെന്ന് അറിയാതെ ബാക്കിയായത് ആമിർ മാത്രമായിരുന്നു.

തന്റെ വീടോ മാതാപിതാക്കളോ എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആമിർ. ഇതോടെ ആമിറിനെ സംരക്ഷിക്കാൻ സമർഥും ഭാര്യ ലക്ഷ്മിയും തീരുമാനിക്കുകയായിരുന്നു. സ്വന്തം മകനായി ആമിറിനെ ലക്ഷ്മിയും സമർഥും വളർത്തി.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കഥയിൽ വീണ്ടും വഴിത്തിരിവുണ്ടാകുന്നത്. കുട്ടിയുടെ യഥാർത്ഥ പേര് അറിയാത്തതിനാൽ 'അമൻ' എന്നായിരുന്നു സമർഥും ലക്ഷ്മിയും നൽകിയ പേര്. ഈ വർഷം അമന്റെ പരീക്ഷകൾക്ക് വേണ്ടി ആധാർ കാർഡിന് ശ്രമിച്ചപ്പോഴാണ് യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് സൂചന ലഭിക്കുന്നത്.

You may also like:ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് ആവശ്യമില്ല, വിമര്‍ശനവുമായി നായകന്‍ ഹാരികെയ്ന്‍

ആധാർകാർഡിന് വേണ്ടി അമന്റെ വിവരങ്ങൾ നൽകിയപ്പോൾ ഈ കുട്ടി ഒരുപക്ഷേ, ജബൽപൂരിലുള്ള മുഹമ്മദ് ആമിർ ആകാം എന്ന സംശയം അധികൃതർക്ക് തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജബൽപൂരിലുള്ള ആമിറിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നത്. പിന്നാലെ അയ്യൂബ് ഖാനേയും മെഹറുന്നിസയേയും വിവരം അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച 'അമ്മ' ലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാൻ അയ്യൂബ് ഖാനും മെഹറുന്നിസയ്ക്കുമൊപ്പം ആമിറും നാഗ്പൂരിൽ എത്തി. ലക്ഷ്മി തന്റെ മക്കളായ മോഹിത്(28), ഗുഞ്ചൻ(25) എന്നിവർക്കൊപ്പം സ്വന്തം മകനായിട്ടായിരുന്നു അമൻ എന്ന ആമിറിനേയും വളർത്തിയത്. എല്ലാവും ഒന്നിച്ച് പിറന്നാൾ കെങ്കേമമായി ആഘോഷിച്ചു.

ഏഴ് വർഷം തങ്ങൾക്കൊപ്പം ജീവിച്ച മകന് 'അമൻ സുരേഷ് ദംഗ്രേ' എന്നായിരുന്നു ലക്ഷ്മിയും സമർഥും പേര് നൽകിയിരുന്നത്. ആമിറിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തിയ കഥ സമർഥ് പറയുന്നത് ഇങ്ങനെ,

"അമന് ആധാർ കാർഡ് ലഭിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പ്രധാന ആധാർ സേവ കേന്ദ്രത്തിലേക്ക് പോയി. അമന്റെ ആധാർ കാർഡിനുള്ള അപേക്ഷ തള്ളാനുള്ള കാരണം സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ അനിൽ മറാഠേ വിശദമായി അന്വേഷിച്ചു. അമന് നേരത്തേ ആധാർ കാർഡ് ഉണ്ടെന്ന് കണ്ടെത്തിയത് ഈ അന്വേഷണത്തിലാണ്. മുഹമ്മദ് ആമിർ എന്ന പേരിൽ അമന് നേരത്തേ ആധാർ കാർഡ് ഉണ്ടെന്ന് ഇതോടെ മനസ്സിലായി". അങ്ങനയൊണ് ജബൽപൂരിലേക്ക് അന്വേഷണം എത്തുന്നത്.

മകൻ ജീവനോടെ മറ്റൊരു സ്ഥലത്ത് സുരക്ഷിതനായി ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അയ്യൂബ് ഖാനും മെഹറുന്നിസയ്ക്കും പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ഇതിനായി സഹായിച്ചത് അനിൽ മറാഠേ ആയിരുന്നു. ജൂൺ 28 ന് അയ്യൂബും മെഹ്റുന്നിസയും ലക്ഷ്മിയേയും സമർഥിനേയും കാണാനെത്തി.

പക്ഷേ, അമന് തന്റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇത് അൽപം നിരാശയുണ്ടാക്കിയെങ്കിലും പതിയെ ആമിറിന് തന്റെ മാതാപിതാക്കളെ കുറിച്ചുള്ള ചില ഓർമകൾ തിരിച്ചു കിട്ടി. ഇതോടെ ജൂൺ മുപ്പതിന് യഥാർത്ഥ മാതാപിതാക്കൾക്കൊപ്പം ആമിർ ജബൽപൂരിലേക്ക് യാത്ര തിരിച്ചു.

ആമിർ തിരിച്ചു പോകുമ്പോൾ തനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ലക്ഷ്മി പറയുന്നു. പക്ഷേ തന്റെ പിറന്നാൾ ആഘോഷിക്കാൻ അവൻ വീണ്ടും വന്നു. ആമിറിനെ പിരിയുന്നത് ഏറെ വിഷമകരമായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

തന്റെ മകനെ പൊന്നുപോലെ നോക്കിയ ലക്ഷ്മിയോടും സമർഥിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് അയ്യൂബ് ഖാൻ പറയുന്നത്. മകനെ തിരിച്ചു കിട്ടുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ആ വിളി വരുന്നത്. എന്നെങ്കിലും മകനെ കാണാൻ കഴിയുമെന്ന് മനസ്സിൽ എവിടെ താൻ വിശ്വസിച്ചിരുന്നതായും അയ്യൂബ് ഖാന‍് പറയുന്നു.
Published by: Naseeba TC
First published: July 13, 2021, 1:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories