നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • വീട്ടാവശ്യത്തിനുളള 'പാര' വികസിപ്പിച്ചു; തനിക്കെതിരെ വന്ന 'പാര' തകര്‍ത്തു; പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എഎം മൈക്കിൾ അന്തരിച്ചു

    വീട്ടാവശ്യത്തിനുളള 'പാര' വികസിപ്പിച്ചു; തനിക്കെതിരെ വന്ന 'പാര' തകര്‍ത്തു; പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എഎം മൈക്കിൾ അന്തരിച്ചു

    ഇന്ന് മിക്കവാറും വീടുകളിൽ തേങ്ങ പൊതിക്കുന്നതിനുള്ള ലഘുയന്ത്രം (ആധുനിക പാര) അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യാഥാർത്ഥ്യമായത്.

    ഡോ. എ എം മൈക്കിൾ

    ഡോ. എ എം മൈക്കിൾ

    • Share this:
      തിരുവനന്തപുരം: ഇന്ത്യൻ അഗ്രിക്കൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന (Kerala Agriculture University Former Vice Chancellor) അന്തരിച്ച ഡോ. എ എം മൈക്കിൾ (Dr AM Michael) ഓരോ കുടുംബത്തിനും മറക്കാനാകാത്ത ഒരു 'സ്മാരകം' സമ്മാനിച്ചാണ് കടന്നുപോകുന്നത്. എല്ലാ വീടുകളിലും ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രയോജനപ്രദമായ ഒരു ഉപകരണം അദ്ദേഹത്തിന്റെ സംഭാവനയാണ്. തേങ്ങ പൊതിക്കുന്നതിനുള്ള ലഘുയന്ത്രം (ആധുനിക പാര) അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യാഥാർത്ഥ്യമായത്.

      തായ്ലൻഡ് സന്ദർശനത്തിനിടെയാണ് സമാനമായ ഒരു ഉപകരണം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. സന്ദർശനം കഴിഞ്ഞ് മൈക്കിൾ കേരളത്തിലേക്ക് തിരിച്ചെത്തിയത് അവിടെ കണ്ട തേങ്ങ പൊതിക്കൽ യന്ത്രത്തിന്റെ ബ്ലൂ പ്രിന്റുമായാണ്. ഇതു കൂറേക്കൂടി ലളിതമായി നിർമിക്കാൻ അദ്ദേഹം വകുപ്പ് തലവനെ ഏൽപിച്ചു. പേറ്റന്റിന് അപേക്ഷ വരെ തയാറാക്കിയാണ് വൈസ് ചാൻസലറെ യന്ത്രം കാണിക്കാൻ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ പ്രവർത്തന രീതി അതായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ അതിന്റെ കൂടെ ഉറച്ചുനിൽക്കും.

      ഒഴിവാക്കിയ കസേരയിൽ തിരിച്ചെത്തി അന്നു വൈകിട്ട് രാജി

      യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒഴിവാക്കിയ കസേരയിൽ തിരിച്ചെത്തി അന്ന് വൈകിട്ട് രാജിവച്ച വൈസ് ചാൻസലറാണ് ഡോ. എ എം മൈക്കിൾ. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായിരിക്കെ ഡോ. മൈക്കിളിനെ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറായി ക്ഷണിച്ചത് കൃഷി മന്ത്രിയായിരുന്ന പി പി തങ്കച്ചനാണ്.

      വിസി ആയ ശേഷം രാഷ്ടീയ സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനങ്ങളെടുത്ത അദ്ദേഹത്തെ കാലാവധി തീരും മുൻപ് പുറത്താക്കി. ആ അപമാനത്തിനെതിരെ കോടതിയിൽ പോരാടി വിജയം നേടിയ അദ്ദേഹം ഇറക്കിവിട്ട സർവകലാശാലയിൽ വീണ്ടും വി സി ആയി. രാവിലെ ജോലിയിൽ പ്രവേശിച്ച് വൈകിട്ട് രാജിവച്ചു പടിയിറങ്ങി.

      രാജസ്ഥാൻ, പഞ്ചാബ്, കേരള കാർഷിക സർവകലാശാലകളിലും കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലും ഒട്ടേറെ വിദേശ സർവകലാശാലകളിലും രാജ്യാന്തര ഏജൻസികളിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഔദ്യോഗികജീവിതത്തിൽ 5 വർഷം മാത്രമേ അദ്ദേഹം കേരളത്തിലുണ്ടായുള്ളൂ. ഈ കാലയളവിൽ സർവകലാശാലയിൽ സെൻട്രൽ ലൈബ്രറി, സെൻട്രൽ ഓഡിറ്റോറിയം, തവനൂർ കാർഷിക കോളജ്, കുഫോസിന്റെ പ്രധാന കെട്ടിടം, കാർഷിക സർവകലാശാലയ്ക്കു കീഴിലെ മിക്കവാറും ക്യാംപസുകളിൽ ഹോസ്റ്റലുകൾ എന്നിവ യാഥാർഥ്യമാക്കി സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കി. ഇതിനായി കാർഷിക ഗവേഷണ കേന്ദ്രം, കാർഷിക മന്ത്രാലയം എന്നിവയുടെ ഫണ്ടുകളും കൊണ്ടുവന്നു.

      എന്നാൽ, ശുപാർശകൾക്കു വഴങ്ങാതെ പ്രവർത്തിച്ച അദ്ദേഹത്തിനെതിരെ പ്രതിഷേധം പുകഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഒന്നായി ശബ്ദമുയർത്തി. അദ്ദേഹത്തെ പുറത്താക്കാനായി സർക്കാർ യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് പരിഷ്കരിച്ച് വൈസ് ചാൻസലർക്ക് 65 എന്ന പ്രായപരിധി നിശ്ചയിച്ചു. ഇതിന് മുൻകാല പ്രാബല്യം ശരിയല്ലെന്നു വാദിച്ച് അദ്ദേഹം കോടതിയിലെത്തി അനുകൂല ഉത്തരവ് നേടുകയായിരുന്നു.

      കാർഷിക എൻജിനീയറിങ്ങിൽ അഗ്രഗണ്യൻ

      കാർഷിക എൻജിനീയറിങ് മേഖലയിൽ ലോകത്തിലെതന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായ മൈക്കിൾ അലഹബാദ് സർവകലാശാലയിൽ നിന്നു കാർഷിക എൻജിനീയറിങ് ബിരുദവും ഖരക്പുർ ഐഐടിയിൽ നിന്നു എംടെക്കും പിഎച്ച്ഡിയും നേടി.

      പല വിദേശ സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ഐസിഎആർ നൽകുന്ന റഫി അഹമ്മദ് കിദ്വായി പുരസ്കാരം, രാജേന്ദ്രപ്രസാദ് പുരസ്കാരം, എൻജിനീയർ ഓഫ് ദി ഇയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച പുസ്തകങ്ങൾ പലതും വിദേശത്തെയടക്കം സർവകലാശാലകളിൽ പാഠപുസ്തകങ്ങളാണ്.

      ലോക ഭക്ഷ്യ കാർഷിക സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡവലപ്മെന്റ് ഏജൻസി, വിൻറോക് ഇന്റർനാഷനൽ, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയിൽ കൺസൽറ്റന്റ് ആയിരുന്ന അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രി എൻജിനീയേഴ്സ് എന്നിവയിൽ ഫെലോ ആയി സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി ഓഫ് നയ്റോബി, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.

      സംസ്കാരം ഇന്ന്

      എംഎ മൈക്കിൾ (91) ഇന്നലെയാണ് അന്തരിച്ചത്. പൂഞ്ഞാർ പാതാമ്പുഴ അരയത്തിനാൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

      ഭാര്യ വഴിത്തല കൊച്ചുപറമ്പിൽ കൊച്ചുത്രേസ്യ. മക്കൾ: വിജയൻ മൈക്കിൾ (പ്രതിരോധ വകുപ്പ് റിട്ട. ഡപ്യൂട്ടി സെക്രട്ടറി), ഉദയൻ മൈക്കിൾ (ബിസിനസ് - യുഎസ്), ഡോ. വിമല വിനോദ് (ഡെർമറ്റോളജിസ്റ്റ് - ദുബായ്). മരുമക്കൾ: ജാൻസി വിജയൻ (എൻജിനീയർ) ഫെതർ, ഡോ. വിനോദ് തോമസ് (ന്യൂറോളജിസ്റ്റ് - ദുബായ്).
      Published by:Rajesh V
      First published:
      )}