സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS, Delhi) എല്ലാ വനിതാ ജീവനക്കാര്‍ക്കുമായി എയിംസ് ഐസിസി (AIIMS ICC) എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കി. ചൊവ്വാഴ്ച അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആപ്പില്‍ ഒരു പാനിക് ബട്ടണ്‍ (Panic Button) ഉണ്ട്. അത് ഉപയോഗിച്ച് വനിതാ ജീവനക്കാർക്ക് ആശുപത്രിയിലെ സുരക്ഷാ സംഘത്തിന് അപായ സന്ദേശം അയയ്ക്കാന്‍ കഴിയും.
അപായ സൂചന ലഭിച്ചുകഴിഞ്ഞാല്‍ ഒരു മിനിറ്റിനുള്ളില്‍ ആപ്പ് അത് അയയ്ക്കപ്പെട്ട സ്ഥാനം കൃത്യമായി കണ്ടെത്തും. ഉടന്‍ തന്നെ രക്ഷാസംഘം അങ്ങോട്ടേക്ക് പുറപ്പെടുകയും ചെയ്യും. ആപത്കരമായ സാഹചര്യങ്ങളിൽപ്പെടുന്ന വനിതാ ജീവനക്കാര്‍ക്ക് അടിയന്തിര സഹായം തേടാൻ ആപ്പ് ഉപയോഗിക്കാമെന്ന് എയിംസ് പ്രസ്താവനയില്‍ പറഞ്ഞു.
ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് 2013ലെ ലൈംഗികാതിക്രമ നിയമത്തെക്കുറിച്ചും ആപ്പിലൂടെ അറിയാന്‍ കഴിയും. ഇതുകൂടാതെ, ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിയ്ക്ക് നേരിട്ട് പരാതികള്‍ നല്‍കാനും ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ സഹായത്തോടെ ഒരു ഉപയോക്താവിന് എവിടെ നിന്നും പരാതി ഫയല്‍ ചെയ്യാം.
എയിംസിലെ എല്ലാ കേഡറുകളിലുമുള്ള വനിതാ ജീവനക്കാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് ആപ്പെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ന്യൂഡല്‍ഹിയിലെ എയിംസിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ആപ്പ് പുറത്തിറക്കിയത്. ''സംവാദങ്ങള്‍, തുടര്‍ച്ചയായുള്ള മെഡിക്കല്‍ വിദ്യാഭ്യാസം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടിയുള്ള പോസ്റ്റര്‍ മത്സരങ്ങള്‍ എന്നിവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍'', എയിംസ് പത്രക്കുറിപ്പില്‍ പറയുന്നു.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം പത്തോ അതില്‍ കൂടുതലോ ജീവനക്കാരുള്ള എല്ലാ ജോലിസ്ഥലങ്ങളിലും പരാതികള്‍ സ്വീകരിക്കാനും അന്വേഷണം നടത്താനും കൈക്കൊള്ളേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനും കഴിയുന്ന ഒരു ആഭ്യന്തര സമിതിയെ നിയമിക്കേണ്ടത് ആവശ്യമാണ്.
Also Read-
Over-Exercise | അമിതവ്യായാമം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ ദോഷകരമായി ബാധിച്ചേക്കും; എങ്ങനെയെന്നല്ലേ?വനിതാ ദിനത്തോടനുബന്ധിച്ചാണ് എയിംസ് സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള ആപ്പ് പുറത്തിറക്കിയത്. സ്ത്രീകളുടെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ ആഘോഷിക്കുക എന്നതാണ് ലോക വനിതാ ദിനത്തിന്റെ ലക്ഷ്യം. കൂടാതെ ലിംഗ സമത്വം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനമായും ഈ ദിനാചരണത്തെ പൊതുവെ കണക്കാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം, സ്ത്രീ സുരക്ഷ, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നത് കൂടി ഈ ദിനാചരണത്തിന് പിന്നിലെ ലക്ഷ്യമാണ്. സാധാരണയായി പര്‍പ്പിള്‍ നിറമാണ് വനിതാ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുന്നത്. 'സുസ്ഥിരമായ നാളേയ്ക്കായി ഇന്ന് ലിംഗ സമത്വം'' എന്നതാണ് 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായി യുഎന്‍ പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.