Air Pollution | രാജ്യത്ത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രണ്ടാമത്തെ വലിയ ഘടകം വായുമലിനീകരണമെന്ന് റിപ്പോർട്ട്
Air Pollution | രാജ്യത്ത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രണ്ടാമത്തെ വലിയ ഘടകം വായുമലിനീകരണമെന്ന് റിപ്പോർട്ട്
ജനങ്ങളുടെ രോഗ സാധ്യത ഉയർത്തുന്ന രണ്ടാമത്തെ വലിയ ഘടകമായി വായുമലിനീകരണം മാറിയിരിക്കുകയാണ്. വായു മലിനീകരണം മൂലമുണ്ടാകുന്ന സാമ്പത്തിക ചെലവ് പ്രതിവർഷം 150 ബില്യൺ യുഎസ് ഡോളറിന് മുകളിൽ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്
ഇന്ത്യയിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രണ്ടാമത്തെ വലിയ ഘടകം വായു മലിനീകരണം (Air Pollution) ആണെന്ന് പുതിയ റിപ്പോർട്ട്. ഇത് മൂലമുണ്ടാകുന്ന സാമ്പത്തിക ചെലവ് പ്രതിവർഷം 150 ബില്യൺ യുഎസ് ഡോളറിലധികമാണെന്നാണ് സ്വിസ് സംഘടനയായ ഐക്യു എയർ (IQAir) തയ്യാറാക്കിയ എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.
ഇന്ത്യയുടെ പിഎം 2.5 നില (Particulate Matter 2.5) കോവിഡ് ലോക്ക്ഡൗണിന് മുമ്പ് 2019ൽ കണക്കാക്കിയപ്പോൾ ഉണ്ടായിരുന്ന അതേ ഗാഢതയിലേക്ക് തിരിച്ചെത്തിയതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. "വായു മലിനീകരണം ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇവിടത്തെ ജനങ്ങളുടെ രോഗ സാധ്യത ഉയർത്തുന്ന രണ്ടാമത്തെ വലിയ ഘടകമായി വായുമലിനീകരണം മാറിയിരിക്കുകയാണ്. വായു മലിനീകരണം മൂലമുണ്ടാകുന്ന സാമ്പത്തിക ചെലവ് പ്രതിവർഷം 150 ബില്യൺ യുഎസ് ഡോളറിന് മുകളിൽ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്", റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ, വൈദ്യുതി ഉത്പാദനം, വ്യാവസായിക മാലിന്യങ്ങൾ, പാചകത്തിനുള്ള ജൈവഇന്ധന ഉപയോഗം, നിർമ്മാണ മേഖല, ഇടയ്ക്കിടെ ഉണ്ടാകുന്ന വിള കത്തിക്കൽ എന്നിവയാണ് ഇന്ത്യയിൽ പ്രധാനമായും വായു മലിനീകരണത്തിന് കാരണമാകുന്നത്.
വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം 2019ൽ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) നടപ്പിലാക്കിയിരുന്നു. 2024 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളിലെ പിഎം ഗാഢതയിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വരുത്താനും വായുവിന്റെ ഗുണ നിലവാരം വർധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതുപോലെ നഗരങ്ങളും പ്രാദേശിക മേഖലകളും സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക ക്ലീൻ എയർ പ്രോഗ്രാം നടപ്പിലാക്കാനുഉള്ള ശ്രമങ്ങളും നടത്തും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കൊവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും കാരണം വായുമലിനീകരണത്തിന്റെ തോത് മാത്രം അടിസ്ഥാനമാക്കി എൻസിഎപിയുടെ അനന്തരഫലം നിർണ്ണയിക്കുന്നത് ദുഷ്ടകരമായതായും റിപ്പോർട്ടിൽ പറയുന്നു.
നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള കർമ്മ പദ്ധതികൾ ഒഴികെ എൻസിഎപി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ മറ്റു പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല എന്നും ഇതിൽ പറയുന്നു."കൂടാതെ, എൻസിഎപിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ പദ്ധതിയുടെ കീഴിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി മന്ദഗതിയിലായതിലുള്ള പൊതുജനങ്ങളുടെ അതൃപ്തി ഇല്ലാതാക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. നഗരങ്ങളിലെ മൊത്തം പിഎം2.5 ഗാഢതയുടെ 20 മുതൽ 35 ശതമാനം വരെ മോട്ടോർ വാഹനങ്ങളിലെ എഞ്ചിനുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കാരണം നേരിട്ടോ അല്ലാതെയോ ഉണ്ടാകുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ വാർഷിക വാഹന വിൽപ്പന ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2030 ഓടെ വാഹന വിൽപ്പന 10.5 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്”, റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Key words :
Link : https://www.news18.com/news/india/air-pollution-2nd-biggest-health-risk-in-india-annual-economic-cost-over-50-billion-dollars-report-4902197.html
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.