ഇന്റർഫേസ് /വാർത്ത /Life / അക്കിത്തം: ഒരു പുഞ്ചിരി കൊണ്ട് നിത്യ നിർമ്മല പൗർണമി പരത്തിയ കാവ്യപ്രപഞ്ചത്തിന്റെ ശില്പി

അക്കിത്തം: ഒരു പുഞ്ചിരി കൊണ്ട് നിത്യ നിർമ്മല പൗർണമി പരത്തിയ കാവ്യപ്രപഞ്ചത്തിന്റെ ശില്പി

അക്കിത്തം അച്യുതൻ നമ്പൂതിരി

അക്കിത്തം അച്യുതൻ നമ്പൂതിരി

ഇഎംഎസിന്റേയും വിടിയുടേയും സഹയാത്രികനായിരുന്നയാൾ. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ ചൂലെടുത്ത് അടിക്കുന്ന ഭാഷയിൽ തല്ലിച്ചതച്ചയാൾ.

  • Share this:

അനൂപ് പരമേശ്വരൻ

മലയാള ഭാഷ ഒരുപക്ഷേ ഏറ്റവും ഗദ്ഗദപ്പെട്ട ദിവസമാകും ഇന്ന്. എഴുത്തച്ഛന്റെ വിവർത്തനകാവ്യം കൊണ്ടു നാലു നൂറ്റാണ്ടു പിടിച്ചുനിന്ന ഭാഷയിലേക്ക് ആധുനികതയുടെ തീപ്പന്തമെറിഞ്ഞയാളാണ് വിടവാങ്ങിയത്. കവിത തന്നെ മാറിപ്പോയി അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തോടെ. ഒരുകണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കുമ്പോൾ ആത്മാവിൽ ഉദിക്കുന്ന നിത്യ നിർമല പൗർണമിയെക്കുറിച്ചു പഠിപ്പിച്ചയാൾ.

ഒരു കണ്ണീർക്കണം മറ്റു-

ള്ളവർക്കായ് ഞാൻ പൊഴിക്കവേ

ഉദിക്കയാ ണെന്നാത്മാവി-

ലായിരം സൗരമണ്ഡലം

ഒരു പുഞ്ചിരി ഞാൻ മറ്റു

ള്ളവർക്കായ് ച്ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു

നിത്യ നിർമ്മല പൗർണമി

ഇതാണ് പുതിയലോകത്തെ മലയാളിക്കു പരിചയപ്പെടുത്തിയ വരികൾ. മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കുമ്പോൾ ആത്മാവിൽ ഉദിക്കുന്നത് ആയിരം സൗരമണ്ഡലങ്ങൾ. ഒരു പുഞ്ചിരി ചെലവാക്കുമ്പോൾ ഹൃദയത്തിലുലാവുന്നത് നിത്യ നിർമ്മല പൗർണമി.

Also Read:അക്കിത്തം മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനവുമായി പ്രമുഖർ

വെളിച്ചം ദുഖമാണുണ്ണീ എന്ന വരികൾ വരുന്നത് ആയിരം ശിശുമരണങ്ങളെ ചൂണ്ടിക്കാണിച്ചാണ്. കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് വിശന്നുമരിച്ച കുഞ്ഞുങ്ങളെ ഓർത്തെഴുതിയതാണ് ആ വരികൾ. അരിവയ്ക്കുന്നവന്റെ തീയിൽച്ചെന്നീയാംപാറ്റ പതിച്ചു. അതിനാൽ പിറ്റേന്നിടവഴിക്കുണ്ടിൽ മരിച്ചുവീഴുന്ന കുട്ടികളെയാണ് കാണുന്നത്. കവിതാകൽപനയുടെ ഉത്തുംഗശൃംഗം.

അരിവെപ്പോന്റെ തീയിൽച്ചെ-

ന്നീയാംപാറ്റ പതിക്കയാൽ

പിറ്റേന്നിടവഴിക്കുണ്ടിൽ-

കാണ്മൂ ശിശു ശവങ്ങളെ

കരഞ്ഞു ചൊന്നേൻ ഞാനന്ന്

ഭാവി പൗരനോടിങ്ങനെ;

വെളിച്ചം ദുഖമാണുണ്ണി

തമസ്സല്ലോ സുഖപ്രദം

ശാന്തിക്കാരനും തികഞ്ഞ വിശ്വാസിയും ആയിരിക്കുമ്പോഴും അക്കിത്തത്തിന് വേറിട്ട നിലപാട് ഉണ്ടായിരുന്നു. ക്ഷേത്രങ്ങളുടെ ധൂർത്തിനെ വിമർശിച്ചെഴുതിയതാണ് എന്റെയല്ലെന്റയല്ലീക്കൊമ്പനാനകൾ. പദപ്രയോഗംകൊണ്ട് മലയാളത്തിൽ സമാനതകൾ ഇല്ലാത്ത വരികൾ.

ആനവലിച്ചാലനങ്ങാത്ത ഭണ്ഡാര-

മാകാശഭേദിയാം സ്വർണക്കൊടിമരം

പൊൻതാഴികക്കുടം വച്ചൊരാക്കോവിലിൽ-

ച്ചെന്താർമണവാളർതന്നംഘ്രിയിൽ

എൻകൈതടഞ്ഞതു പുണ്യവിപാകമാ-

ണെങ്കിലും, അർച്ചനാപുഷ്പദളങ്ങളിൽ

ഊരാളനെന്നോട് ചൊല്ലിയവാക്കിനാലൂ-

റിയ കണ്ണീർ പടർന്നു പലപ്പോഴും

ഉപ്പിനും ചോറിനും

അക്കിത്തം ആരാണ്? ആ ചോദ്യത്തിന് കക്ഷിരാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ വലിയ സ്ഥാനമുണ്ട്. ഇഎംഎസിന്റേയും വിടിയുടേയും സഹയാത്രികനായിരുന്നയാൾ. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ ചൂലെടുത്ത് അടിക്കുന്ന ഭാഷയിൽ തല്ലിച്ചതച്ചയാൾ. വൈലോപ്പിള്ളി കുടിയൊഴിക്കലിൽ എങ്ങിനെ വിമർശിച്ചോ അതിലും കഠിനമായി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അക്കിത്തം കമ്മ്യൂണിസ്റ്റുകാരെ വിമർശിച്ചു. കമ്മ്യൂണിസത്തെ അണിയുകയും കമ്മ്യൂണിസ്റ്റുകാരെ വിമർശിക്കുകയും ചെയ്ത അക്കിത്തം അതോടെ പുരോഗമന സംഘടനകളുടെ വേദികളിൽ നിന്നു പുറത്തായി. പിന്നെ പങ്കെടുത്ത വേദികൾ നോക്കി അക്കിത്തത്തിന് ചിലർ രാഷ്ട്രീയ നിറവും നൽകി. പക്ഷേ, ആ കവിത ഇതിനെല്ലാമപ്പുറമുള്ള രാഷ്ട്രീയമാണ് സംസാരിച്ചത്.

ബൂർഷ്വയെന്നു വിളിക്കുന്നു ചിലരെത്തത്വവേദികൾ.. ശേഷിക്കുന്നവരെ പെറ്റി ബൂർഷ്വയെന്നും വിളിക്കുന്നു. വൃത്തികേട് കൂടുതലുള്ളവരും പേടിച്ചീടേണ്ടവരും വിശ്വസിക്കരുതാത്തോരും ആണ് പെറ്റി ബൂർഷ്വകൾ എന്നാണ് അക്കിത്തം എഴുതിയത്. നശിച്ചീടേണ്ട വർഗ്ഗത്തിൽ ജനിച്ച അവർക്ക് ഹൃദയമോ ബുദ്ധിയോ ഇല്ലെന്നും കവി.

ബൂർഷ്വയെന്നു വിളിക്കുന്നു

ചിലരെത്തത്വ വേദികൾ,

ശേശിക്കുന്നവരെപ്പെറ്റീ

ബൂർഷ്വയെന്നൊരു പേരിലും

അധികംവൃത്തികെട്ടോരും

പേടിച്ചീടേണ്ട കൂട്ടരും

വിശ്വസിക്കരുതാത്തോരും

രണ്ടാംപേരുള്ള ജീവികൾ

നശിച്ചീടേണ്ട വർഗ്ഗത്തിൽ

ജ്ജനിച്ചോരിരുകൂട്ടരും;

നമ്മളോ മർദ്ദിതർക്കെന്നും

മുന്നണിപ്പടയാളികൾ

അവർക്കുണ്ടായിരുന്നിട്ടി-

ല്ലുണ്ടാവില്ലിനിമേലിലും,

ഇന്നുമില്ലാ ഹൃദയമോ

ബുദ്ധിയോ; ശിലയാണവർ

Also Read:Akkitham Achuthan Namboothiri Passes Away| ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അന്തരിച്ചു

കമ്യൂണിസത്തിന്റെ ഈ തത്വത്തെ നെഞ്ചേറ്റുന്ന കവി വിമർശിക്കുന്നത് ചോരവീഴിക്കുന്ന കമ്മ്യൂണിസ്റ്റ് കലാപങ്ങളെയാണ്. കാവുമ്പായി കരിവെള്ളൂരിലും മുനയൻകുന്നിലും നടന്നതിനെ വിമർശിക്കുന്ന വരികൾ വിപ്‌ളവ സംഘടനകൾക്കു വാരിക്കുന്തമായി തോന്നി.

കാവുമ്പായ്, ക്കരിവെള്ളൂരിൽ

മുനയൻകുന്നിലും വൃഥാ

അലുയുന്നുണ്ടൊരാളാത്മാ-

ചൈതന്യപരിപീഡിതൽ

അവൻ കൈകളുയർത്തുന്നു,

വലിപ്പൂനിജമൂർദ്ധജം;

അപാരാകാശത്തിൽ നോക്കി-

ക്കിച്ചീടുന്നുമുണ്ടവൻ.

ഇസങ്ങൾക്കു വഴങ്ങാത്ത വിശാല മാനവികതയായിരുന്നു അക്കിത്തത്തിന്റെ പഴയ കവിതകളുടെ ഊടും പാവും നെയ്തത്. ഇ.എം.എസിനും വി ടിക്കുമൊപ്പം പ്രവർത്തിച്ച അക്കിത്തത്തിനോട് വിമർശനങ്ങൾക്കതീതമായി പാർട്ടി ചേർന്നു നിൽക്കാൻ ശ്രമിച്ചത് അവസാന കാലത്താണ്.

ചിരിക്കുന്ന മനുഷ്യന്റെ മറക്കാനുള്ള ശക്തിയെക്കുറിച്ചും കരയുന്ന മനുഷ്യന്റെ സഹജീവാനുകമ്പയെക്കുറിച്ചും അക്കിത്തം അന്നേ എഴുതിക്കഴിഞ്ഞതാണ്. പക്ഷേ, പാർട്ടികളെന്നും കവി പോയി നിൽക്കുന്ന അരങ്ങുനോക്കിയാണ് ആ രാഷ്ട്രീയം നിർണയിക്കുന്നത്.

ചിരിക്കുന്ന മനുഷ്യന്റെ

മറക്കാനുള്ള ശക്തിയെ,

കരയുന്ന മനുഷ്യന്റെ

സഹജീവാനുകമ്പയെ.

പുല്ലാണവനു കാന്താരം,

പർവ്വതം പാഴ്മണൽത്തരി,

സമുദ്രമിറവെള്ളം, വി-

ണ്ടലമോ കുടവട്ടവും

ഒന്നും യാദൃശ്ചികമായിരുന്നില്ല. ജന്മനാ ഉണ്ടായിരുന്നു അക്കിത്തത്തിൽ കവിതയുടെ പൂമൊട്ട്. എട്ടാംവയസ്സിൽ ചുമരിൽ കുറിച്ചതു തന്നെ മഹാകാവ്യത്തിന്റെ വരവറിയിപ്പായിരുന്നു.

അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകിൽ

വമ്പനാമീശ്വരൻ വന്നി-

ട്ടെമ്പാടും നാശമാക്കിടും.

എട്ടു വയസ്സുള്ളപ്പോൾ അമ്പല ചുമരിൽ കരിക്കട്ടകൾ കൊണ്ട് അക്കിത്തം കുത്തിക്കുറിച്ച കവിതയാണിത്. ആദ്യ കവിത. പിന്നീട് കടലാസിൽ ആദ്യമായി എഴുതിയ ശ്ലോകം വായിച്ചത് ബന്ധുവായ പാപ്പിയമ്മ. പാപ്പിയമ്മ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു... എന്തൊരു ചേർച്ചയാ വാക്കിന്. അക്കിത്തത്തിന് ലഭിച്ച ആദ്യ അംഗീകാരം. മകനെക്കുറിച്ചുള്ള അഭിനന്ദനങ്ങൾ കേട്ട അമ്മ വാത്സല്യത്തോടെ പറഞ്ഞത് മറ്റൊന്നും വേണ്ടിയിരുന്നില്ല .. ഇതിനായുസ്സുണ്ടായാൽ മതിയായിരുന്നു.

പിന്നീട് നോട്ടുപുസ്തകത്തിൽ കവിതകൾ നിറഞ്ഞു. പതിനൊന്നാം വയസ്സിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. തൃശൂരിൽ നിന്നും ഇറങ്ങിയ രാജർഷി മാസികയിൽ എ എൻ അക്കിത്തം എന്ന തൂലികാനാമത്തിൽ എഴുതിയ പതിനാറു വരി കവിതയായിരുന്നു, അത്. ടാഗോർ.

ഇംഗ്ലീഷ് ട്യൂട്ടറായിരുന്ന ഉണ്ണികൃഷ്ണമേനോൻ അക്കിത്തത്തെ കുട്ടികൃഷ്ണമാരാർക്കും ഇടശ്ശേരി ഗോവിന്ദൻ നായർക്കും പരിചയപ്പെടുത്തി. കവിത വായിച്ച കുട്ടിക്കൃഷ്ണമാരാർ പറഞ്ഞു കവിതയെഴുത്ത് തുടരാം.. ഇടശ്ശേരി ഗുരുതുല്യനായി. ലോകതത്വങ്ങൾ പിന്നെ ആ കവിതകളിൽ വിളങ്ങി.

അജയ്യസ്‌നേഹമാമണ്ഡം

വിരിഞ്ഞുണ്ടാം പ്രകാശമേ,

സമാധാനപ്പിറാവേ, നിൻ-

ചിറകൊച്ച ജയിക്കുക

പാലക്കാട് കുമരനല്ലൂരിലേക്ക് എഴുത്തിന്റെ ജ്ഞാനപീഠം രണ്ടുവട്ടമാണ് എത്തിയത്. ആദ്യം എം ടിക്കും പിന്നീട് അക്കിത്തത്തിനും. കാലത്തെ മാറ്റിമറിച്ച ചിന്തകളും ഭാവനകളും ഉണ്ടായ ആ നാട്ടിലാണ് അക്കിത്തം വളർന്നതും അവസാനകാലംവരെ ജീവിച്ചതും. അക്കിത്തവും എംടിയും തമ്മിൽ എക്കാലവും ഉണ്ടായിരുന്നു ഒരു പാരസ്പര്യം.

പാലക്കാട് കുമരനല്ലൂർ സ്‌കൂളിൽ ആരെയും മോഹിപ്പിക്കുന്ന ആ പ്രവേശന റജിസ്റ്റർ ഇപ്പോഴുമുണ്ട്. ജ്ഞാനപീഠമേറിയ രണ്ടുപേർ കടന്നുപോയ ക്‌ളാസ് മുറികളാണ് ഏട്ടു പതിറ്റാണ്ടു പഴകിയ ഈ അക്ഷരങ്ങൾ ഓർമിപ്പിക്കുന്നത്.

അക്കിത്തം രണ്ടുക്‌ളാസ് മുന്നിലായിരുന്നെങ്കിലും കവിതയുടേയും കഥയുടേയും ഈ രണ്ടു നിളയും ഒന്നിച്ചൊഴുകി.

അമേറ്റൂർ അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റേയും പാർവ്വതി അന്തർജ്ജനത്തിന്റേയും മകൻ കുമരനെല്ലൂർ സ്‌കൂളിലെത്തുന്നത് ഇല്ലത്തെ പഠനത്തിനു ശേഷമാണ്. സംസ്‌കൃതവും ജ്യോതിഷവും കഴിഞ്ഞാണ് സ്‌കൂളിലേക്കുള്ള വരവ്. അന്നേ തുടങ്ങിയതാണ് കവിതയും നാടകവും. പിന്നെ നമ്പൂതിരി സമുദായത്തിലെ അനീതി തുറന്നുകാട്ടിയ ഉണ്ണി നമ്പൂതിരിയുടെ പ്രസാധകനായി. ഇഎംഎസും വി ടി യുമൊക്കെ അടുത്ത സുഹൃത്തുക്കൾ. കവിതകൊണ്ടാണ് നമ്പൂതിരി സ്ത്രീകളെ അക്കിത്തം തിരുത്തിയത്.

Also Read:അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം

1952ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻരെ ഇതിഹാസം. അതോടെ മലയാള കാവ്യശാഖ തന്നെ മാറി. ഹൃദയം പൊട്ടുന്ന വേദനയാൽ നൂറ്റാണ്ടിനെ വരച്ചിട്ട കവിത. ഒപ്പം കൂരമ്പുകൾപോലെ രാഷ്ട്രീയ വിമർശനവും. പിന്നാലെ വന്ന ബലിദർശനം കവിതാശൈലികളെയെല്ലാം പുതുക്കി. കേന്ദ്ര, കേരള അക്കാദമി പുരസ്‌കാരങ്ങൾ നേടിയ കൃതി. കേരളത്തിന്റെ എഴുത്തച്ഛൻ പുരസ്‌കാരവും കേന്ദ്രത്തിന്റെ ജ്ഞാനപീഠവും എത്തും മുൻപ് മലയാളത്തിലെ പ്രധാനപ്പെട്ട പുരസ്‌കാരങ്ങളെല്ലാം കുമരനെല്ലൂരിലെത്തി. വയലാർ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം എന്നിങ്ങനെ. ആകാശവാണി കോഴിക്കോട്, തൃശൂർ സ്‌റ്റേഷനുകളിൽ 29 വർഷം നീണ്ട ഔദ്യോഗിക ജീവിതം. പിന്നെ എണ്ണമില്ലാത്തത്ര കവിയരങ്ങുകളും നാടകസദസ്സുകളും.

നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാൽ ഇതാണഴകി,തേ സത്യം, ഇതു ശീലിയ്ക്കൽ ധർമ്മവും തോക്കിനും വാളിനും വേണ്ടി- ച്ചെലവിട്ടോരിരിമ്പുകൾ ഉരുക്കി വാർത്തെടുക്കാവൂ

ബലമുള്ള കലപ്പകൾ

എത്രയെത്ര കവിതാ ശകലങ്ങളാണ് ഇനിയുള്ള കാലം മലയാളത്തിന് ചൊല്ലാൻ ബാക്കിയുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് വിമർശനം മാത്രമല്ല ജീവിതശൈലീ വിമർശനവും ഇന്നത്തെ മാനദണ്ഡങ്ങളിൽ വിലപ്പോകുന്നതല്ല. ആധുനികതയുടെ ജീവിതശൈലികളെക്കുറിച്ച് എഴുതുമ്പോൾ തന്നെ പരിഹാസരൂപേണയുള്ള വിമർശനവും അക്കിത്തം കൊണ്ടുനടന്നു.

കുങ്കുമം വാരിവീശുന്നു

സായന്തരവിഭാകരൻ

അതുംപൂശി നടക്കുന്നു

ലക്ഷപ്രഭു കുമാരികൾ

ആധുനികത വന്നു തുടങ്ങിയ ലോകത്തെക്കുറിച്ചാണ് അക്കിത്തം എഴുതിയത്. അതുപക്ഷേ, അന്നൊക്കെ കേരളത്തിൽ കണ്ടു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. സൂര്യൻ വാരിവീശിയ കുങ്കുമം പൂശി നടക്കുന്ന ലക്ഷപ്രഭു കുമാരികൾ. ഉയർന്ന സാമ്പത്തിക നിലയുള്ളവരുടെ ജീവിതം. അതുവരെ മുക്കുവർ മീൻപിടിക്കാൻ നടന്ന ബീച്ചുകളിൽ ഉലാത്താൻ എത്തുന്നു. കേരളത്തിന് ബീച്ചുകളിലെ ആ ചടുലായത നേത്രകളുടെ യാത്രകൾ പുതുമയായിരുന്നു.

മുക്കുവൻ ചാട്ടുളികളാൽ

മീൻപിടിക്കുമിടങ്ങളിൽ,

ബീച്ചിലെത്തിയുലാത്തുന്നു

ചടുലായതനേത്രകൾ

ഇതുവരെയുള്ള വരികൾ ആധുനികതയെ കാണിച്ചു തരുന്നവയാണ്. പിന്നെയെഴുതുന്നതിനെ ഇന്നത്തെ ലോകം എങ്ങനെ കാണും. നൂറ്റാണ്ടൊന്നു മാറിയതോടെ അപ്രസക്തമാണ് ആ കാഴ്ചപ്പാട്.

വലപോലുള്ള ബോഡിസ്സും

കണ്ണാടിപ്പട്ടുസാരിയും

വരിഞ്ഞു, മസ്തകം പൊക്കി

വിലസീടുന്ന ലേഡികൾ.

ആവർ പൂമരക്കാടുമുഴുവൻ തലയിൽ കെട്ടിവച്ചവരാണ്. വകഞ്ഞമുടി രണ്ടാക്കി മിടഞ്ഞിട്ടാണ് നടപ്പ്. ഇതിഹാസമെഴുതുമ്പോൾ സൂക്ഷ്മമായ കാര്യങ്ങൾ മാത്രമല്ല ഇന്നു നിസാരമെന്നു തോന്നുന്നവയും കടന്നുവരും.

പൂമരക്കാടു മുഴുവൻ

തലയിൽക്കെട്ടിവെച്ചവർ

വകഞ്ഞമുടി രണ്ടാക്കി

മിടഞ്ഞിട്ടാട്ടിടുന്നവർ

മുടിബോബ് ചെയ്ത സ്ത്രീകളെ കണ്ടു തുടങ്ങിയ തൊള്ളായിരത്തിനാൽപ്പതുകൾ. അലസമവർ നടന്നുവന്ന ലോകം കവിതയിൽ വരച്ചിട്ടിട്ടുണ്ട് കവി.

ബോബ് ചെയ്ത ശിരസാകെ

വലകെട്ടി നടപ്പവർ,

അലസം മുടി കാറ്റത്തു

ചിക്കിയിട്ടു വരുന്നവർ.

കവിത ഒറ്റയടിപ്പാതയിലൂടെ യാത്രചെയ്യുന്ന സംഭവമല്ലെന്ന് ആദ്യം മലയാളത്തെ പഠിപ്പിച്ചത് അക്കിത്തമാണ്.

എന്നും ഒരേ കടവിൽ നിന്നു മറുകരയിലേക്കു കൃത്യമായി തുഴഞ്ഞുപോയിരുന്ന വഞ്ചിയായിരുന്നു അതുവരെ മലയാള കവിത. അവിടെയാണ് കുത്തൊഴുക്കിലേക്ക് കുട്ടവഞ്ചിയുമായി അക്കിത്തം ഇറങ്ങിയത്. പൊന്നാനിക്കളരിയിൽ നിന്നാണ് ആ കവിതയുടെ തുടക്കം.

Also Read:'മഹാമേരുവിന് പൂർണ ചന്ദ്രന്റെ മേലാപ്പ്' അക്കിത്തത്തിന് സ്നേഹാദരവുമായി മോഹൻലാൽ

നാലപ്പാട്ട് നാരായണ മേനോൻ , വി ടി ഭട്ടതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദൻ നായർ, പി സി കുട്ടികൃഷ്ണൻ, പ്രേംജി, എം പി ശങ്കുണ്ണി നായർ, ബാലാമണിയമ്മ, മാധവിക്കുട്ടി.... പൊന്നാനിക്കളരിയിലെ മഹാസാഹിത്യകാരൻമാരിൽ ഒരാൾ കൂടി ഇനി ഓർമ്മയാവുകയാണ്... മഹാകവി അക്കിത്തം. പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരുടെ സാഹിത്യക്കളരി..മലയാള സാഹിത്യത്തിൽ നിർണ്ണായക സംഭാവനകളാണ് നൽകിയത്. 1930 കളിൽ രൂപം കൊണ്ട സാഹിത്യവേദിയായ പൊന്നാനിക്കളരിയെ നയിച്ചത് ഇടശ്ശേരിയായിരുന്നു. അതേ ഇടശ്ശേരിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി എന്നയാളെ അക്കിത്തം എന്ന ഹൃദയത്തിൽ കണ്ണുള്ള കവിയാക്കി മാറ്റുന്നതിൽ വഴികാട്ടിയായി മാറിയത്.

പൊന്നാനി കളരിയിലെ സജീവ സാന്നിധ്യമായിരുന്ന അക്കിത്തത്തിന്റെ കവിതകൾ ആദ്യകാലങ്ങളിൽ ഇടശ്ശേരിയുടെ കരസ്പർശമേറ്റാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

അക്കിത്തം ഉൾപ്പടെ പൊന്നാനിക്കളരിയുടെ ഭാഗമായവരെല്ലാം മലയാളം അഭിമാനിക്കുന്ന സാഹിത്യ പ്രതിഭകളായി. സാഹിത്യ ചർച്ചകൾ നടത്തിയും സാഹിത്യരചനകൾക്ക് പ്രകാശനത്തിന് വഴിയൊരുക്കിയും പൊന്നാനിക്കളരി സജീവമായി നിന്ന കാലം സാഹിത്യത്തിന്റെ സുവർണകാലം കൂടിയായി മാറി. അക്കിത്തം അതിലെ സുവർണ കണ്ണിയായിരുന്നു. എം ടി വാസുദേവൻ നായരും പൊന്നാനിക്കളരിയുടെ ഭാഗമാണ്.

നമ്പൂതിരി സമുദായത്തിൽ കവിതകൊണ്ടു വരുത്താൻ ശ്രമിച്ച തിരുത്തലുകളാണ് അക്കിത്തത്തെ ആദ്യം ശ്രദ്ധേയനാക്കുന്നത്. ഊശിക്കുടുമ മുറിച്ചും മേൽമീശ വളർത്തിയും ചിട്ടകൾ തെറ്റിക്കുന്ന തലമുറയെ അവതരിപ്പിക്കുന്നുണ്ട് കവി.

ഊശിക്കുടുമമുറിച്ചു, വളർത്തി മേൽ-

മീശയും പൂണുനൂലൂരിക്കളഞ്ഞുഞാൻ

പണ്ടത്തെ മേൽശാന്തി ഒരു വിപ്‌ളവകരമായ കവിതയല്ല. അതു തിരുത്തിനെക്കുറിച്ചല്ല പറയുന്നതും. ചത്തയാഥാസ്ഥികത്തത്തെ ഓർത്തുള്ള വിലാപമാണ്. ഇതൊന്നുമല്ല വേണ്ടത് എന്നറിയാമെങ്കിലും ഒന്നും തെറ്റിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥ അവതരിപ്പിക്കുന്ന കവിത.

ഇച്ചത്ത യാഥാസ്ഥിതികത്വസിംഹം

ഗർജ്ജിക്കുമെന്നോർത്തു പരുങ്ങിടാതെ

പുറത്തീറങ്ങീടുക ജന്മസൗഖ്യം

തിരഞ്ഞുനമ്പൂതിരികന്യകേ നീ.

പിന്നോട്ടുകാൽവച്ചു നടന്നുപോകും

മാമൂൽപ്രിയർക്കക്ഷി കലങ്ങിയേയ്ക്കാം;

അവർക്കുകാതേകരു,തില്ല നേര,

മിന്നത്തെ നീ കർമ്മ സുബദ്ധയത്രേ.

ജാതിയേയും മതത്തേയും നാലുവരിയിൽ വിമർശിക്കുന്നുണ്ട് പണ്ടത്തെ അക്കിത്തം. ഗദ്യത്തിൽ മാത്രം സാധാരണ കണ്ടിട്ടുള്ള പരിഹാസമാണ് ആ വരികളുടെ കൂട്ട്.

ജാതിക്കൃഷിയ്ക്കു മലനാ-

ടത്യുത്തമമെന്നു കൃഷിവിദഗ്ധന്മാർ;

എന്നാലവിടെ മതകൃഷി-

യാണധികം മെച്ചമെന്നരവിദഗ്ധൻ.

പുസ്തകജ്ഞാനം വച്ച് ചോരയുള്ള മനുഷ്യരെ വാഴപോലെ മുറിച്ചിട്ടതും ഓർമിപ്പിക്കുന്നുണ്ട് കവി. ലോകം കൈവെള്ളയിലാണെന്ന് അഹങ്കരിക്കുന്നവർക്കുള്ള വിമർശനമാണത്.

പുസ്‌കതജ്ഞാനവും വെച്ചു

ചോരയുള്ള മനുഷ്യരെ

വാഴയെപ്പോലറുപ്പിച്ചു

ഞാനാം പാതാളഭൈരവൻ

കോഴിമുട്ടകണക്കെന്റെ

കൈവെള്ളയിലടക്കിടാം

ഈ മഹാബ്രഹ്മഗോളത്തെ-

യെന്നു തെറ്റിദ്ധരിച്ചു ഞാൻ

ഗുരുവായൂരിൽ ചെന്നു നിന്ന് അക്കിത്തം പാടിയ വരികളുണ്ട്. ഞാനുണ്ട്. ഈശ്വനുണ്ട്. രണ്ടിനുമിടയ്ക്കീ വിശ്വരൂപത്തിൽ കാണപ്പെട്ടവയൊക്കെയുണ്ട് എന്നാണ് വരികൾ. അവിടെ കഴിയുന്നില്ല. പെട്ടെന്നു തോന്നുകയാണ് ഞാനും ഈശ്വരനുമില്ലെന്ന്. കവിയുടെ ആ വരികളുടെ അർത്ഥം ചർച്ചചെയ്തു തീർന്നിട്ടില്ല ഗവേഷക തലമുറ.

ഞാനുണ്ടീശ്വരനുണ്ടു രണ്ടിനുമിട-

യ്ക്കീ വിശ്വരൂപത്തിൽ മേ

കാണപ്പെട്ടവയൊക്കെയുണ്ടു വിമലാ-

കാശത്തു താരംവരെ;

ഞാനില്ലീശ്വരനില്ല രണ്ടിനുമിട-

യ്ക്കീ വിശ്വരൂപത്തിൽ മേ

കാണപ്പെട്ടവയൊന്നുമില്ല വിമലാ-

കാശത്തു താരംവരെ

അക്കിത്തത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. ആ രാഷ്ട്രീയത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാം. പക്ഷേ, അക്കിത്തം ആധുനികതയിലേക്കിട്ട ആ പാലം. അതുപൊളിക്കാൻ മലയാളമുള്ളിടത്തോളം കഴിയില്ല. കാരണം കഴിഞ്ഞ നൂറ്റാണ്ടിലെ ഭാഷ സഞ്ചരിക്കുന്നത് ആ വഴിയിലൂടെയാണ്. മലയാളത്തിൽ വേറെ ഒരുപാട് കാവ്യ ഇതിഹാസങ്ങൾ ഉണ്ടായിട്ടില്ലല്ലോ...

First published:

Tags: Akkitham, Akkitham Achuthan Namboothiri