• HOME
 • »
 • NEWS
 • »
 • life
 • »
 • Poet Akkitham Achuthan Namboothiri | അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഓർമ്മകൾ പുതുക്കി കാവ്യലോകം

Poet Akkitham Achuthan Namboothiri | അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഓർമ്മകൾ പുതുക്കി കാവ്യലോകം

കുട്ടിക്കാലത്ത് തന്നെ വേദവും ഇംഗ്ലിഷും കണക്കും തമിഴും അഭ്യസിച്ചു. അപ്പോൾ തന്നെ കവിതയെഴുത്തും തുടങ്ങി. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ ആളാണ് അക്കിത്തം

News18 Malayalam

News18 Malayalam

 • Share this:
  മലയാളത്തിലെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മവാർഷിക ദിനമാണ് ഇന്ന്. അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞ അദ്ദേഹത്തിന്‍റെ ഓർമ്മകൾ വീണ്ടെടുക്കുകയാണ് ഈ ദിനത്തിൽ മലയാള കാവ്യലോകം. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ വേദവും ഇംഗ്ലിഷും കണക്കും തമിഴും അഭ്യസിച്ചു. അപ്പോൾ തന്നെ കവിതയെഴുത്തും തുടങ്ങി. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

  കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ച അക്കിത്തം, ദേശീയ പ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

  മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ അക്കിത്തത്തിനു ലഭിച്ചു. ഇതു കൂടാതെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94-ാം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:10 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാലാണ് അക്കിത്തം അന്തരിച്ചത്.

  ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും അഭ്യസിച്ചു. 1946- മുതൽ മൂന്നു കൊല്ലക്കാലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും അക്കിത്തം പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചു. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

  Also Read- അക്കിത്തം: ഒരു പുഞ്ചിരി കൊണ്ട് നിത്യ നിർമ്മല പൗർണമി പരത്തിയ കാവ്യപ്രപഞ്ചത്തിന്റെ ശില്പി

  അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ അദ്ദേഹത്തിന് പ്രചോദനമായത്. ഇ. എം. എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി.

  ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, ഒരു കുല മുന്തിരിങ്ങ, മധുവിധു, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, നിമിഷ ക്ഷേത്രം, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

  ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അക്കിത്തം വിടവാങ്ങിയത്.  പുരസ്കാരങ്ങൾ

  ബലിദർശനം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1972) ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973), ഓടക്കുഴൽ അവാർഡ് (1974), സഞ്ജയൻ പുരസ്കാരം(1952), പത്മപ്രഭ പുരസ്കാരം (2002), അമൃതകീർത്തി പുരസ്കാരം (2004), എഴുത്തച്ഛൻ പുരസ്കാരം (2008), മാതൃഭൂമി സാഹിത്യ പുരസ്കാരം(2008),
  വയലാർ അവാർഡ് -2012 - അന്തിമഹാകാലം, പത്മശ്രീ (2017), ജ്ഞാനപീഠം (2019), പുതൂർ പുരസ്കാരം(2020) എന്നിവയാണ് അക്കിത്തത്തെ തേടിയെത്തിയ സുപ്രധാന പുരസ്ക്കാരങ്ങൾ.
  Published by:Anuraj GR
  First published: