ഈ വർഷം ഏപ്രിൽ 22നാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഹിന്ദു മതവിശ്വാസപ്രകാരം ഏറ്റവും ശുഭകരമായ മുഹൂർത്തമായാണ് ഈ ദിവസം കണക്കാക്കുന്നത്. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്. ഇത്തവണ ബുധനാഴ്ച ദിവസം രോഹിണി നക്ഷത്രത്തിൽ വരുന്നതിനാൽ അക്ഷയതൃതീയ കൂടുതൽ ഐശ്വര്യപൂർണ്ണമാകുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഈ ദിവസം സ്വർണം വാങ്ങിയാൽ ഇത് ഭാവിയിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വിജയവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
അതിനാൽ തന്നെ മിക്ക ആളുകളും ഈ ദിവസം സ്വർണം വാങ്ങുന്നത് പതിവാണ്. കൂടാതെ അക്ഷയ തൃതീയ ദിനമായതിനാൽ ഈ ദിവസം വാങ്ങുന്ന സ്വർണ്ണം ഒരിക്കലും കുറയുകയില്ലെന്നും മറിച്ച് അത് വർദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുമെന്നും ആളുകൾ വിശ്വസിക്കുന്നു. അതേസമയം അക്ഷയ തൃതീയ ദിനത്തിൽ ചില കാര്യങ്ങൾ ദാനം ചെയ്യുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതത്തിന് ഈ അഞ്ച് വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമമാണെന്നാണ് വിശ്വാസം
കുങ്കുമം
വിശേഷ ദിവസങ്ങളിൽ കുങ്കുമം ദാനം ചെയ്യുന്നതിലൂടെ ആളുകളുടെ സമ്പത്ത് വർദ്ധിക്കും എന്നാണ് ഹിന്ദു മതവിശ്വാസം. ഇതിലൂടെ ആളുകൾക്ക് സമൂഹത്തിൽ പേരും പ്രശസ്തിയും കൈവരുമെന്നും കരുതപ്പെടുന്നു. കൂടാതെ ഇത് വിവാഹിതരായ ദമ്പതിമാർ തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കാനും പ്രയോജനകരമാണെന്നും കണക്കാക്കുന്നു.
വെള്ളം
അക്ഷയ തൃതീയ ദിനത്തിൽ വെള്ളം ദാനം ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും ഭാഗ്യവും നൽകുമെന്നാണ് വിശ്വാസം. കൂടാതെ മൃഗങ്ങൾക്കും ആവശ്യക്കാർക്കും വെള്ളം ദാനം ചെയ്യുന്നത് വിഷ്ണു ഭഗവാന്റെ അനുഗ്രഹം നേടാനും സഹായിക്കുന്നു. അതിനാൽ വെള്ളം ദാനം ചെയ്യുന്നത് വളരെ മംഗളകരമായാണ് കണക്കാക്കുന്നത്.
നാളികേരം
ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച് അക്ഷയ തൃതീയ ദിനം ദാനം ചെയ്യുന്നതിനും അതിന്റെ ഗുണങ്ങൾ ആസ്വദിക്കാനും കഴിയുന്ന മറ്റൊരു വസ്തുവാണ് നാളികേരം. ഇത് പലപ്പോഴും മോക്ഷവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ മംഗളകരമായ ദിനത്തിൽ നാളികേരം ദാനം ചെയ്യുന്നത് മുൻകാല പാപങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കും എന്നാണ് വിശ്വാസം.
ധാന്യങ്ങൾ
ദരിദ്രരും അവശരുമായ ആളുകൾക്ക് ധാന്യങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഈ ദിവസം ദാനം ചെയ്യുന്നത് ഏറ്റവും മഹത്തായ കാര്യമായാണ് കണക്കാക്കുന്നത്. ഈ പ്രത്യേക ദിനത്തിൽ ദരിദ്രർക്കും പാവപ്പെട്ടവർക്കും ധാന്യങ്ങൾ ദാനം ചെയ്യുന്നത് മരണത്തിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും ഒരാളെ സംരക്ഷിക്കുമെന്നാണ് വിശ്വാസം.
പാലും പാൽ ഉൽപ്പന്നങ്ങളും
പാല്, നെയ്യ്, തൈര് എന്നിവയും മറ്റ് പാൽ ഉൽപ്പന്നങ്ങളും അക്ഷയ തൃതീയ ദിനത്തിൽ ദാനം ചെയ്യാവുന്ന പദാർത്ഥങ്ങളാണ്. പാലുല്‍പ്പന്നങ്ങള്‍ പൂജകള്‍ നടത്തുന്നതിനും മറ്റുമായി ധാരാളം അമ്പലങ്ങളിൽ ഉപയോഗിക്കാറുണ്ട്. അതിനാൽ അക്ഷയ തൃതീയ ദിവസം ഇവ ദാനം ചെയ്യുന്നത് വിഷ്ണു ഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും എന്നാണ് വിശ്വസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.