YouTube Stars| ഒബാമ മുതൽ വിൽ സ്മിത്ത് വരെ ഫോളോ ചെയ്യുന്ന ലൈസ കോശി എന്ന അമേരിക്കൻ മലയാളി യൂട്യൂബർ

സനൂജ് സുശീലൻ

News18 Malayalam | news18-malayalam
Updated: September 1, 2020, 1:42 PM IST
YouTube Stars| ഒബാമ മുതൽ വിൽ സ്മിത്ത് വരെ ഫോളോ ചെയ്യുന്ന ലൈസ കോശി എന്ന അമേരിക്കൻ മലയാളി യൂട്യൂബർ
Liza Koshy
  • Share this:
അമേരിക്കയിലെ പ്രശസ്തമായ ഡോളർ സ്റ്റോറുകളെക്കുറിച്ചുള്ള തമാശകൾ ഒരുപാടുണ്ട്. ഇവിടെ നിന്നും സോഫ്റ്റ്‌വെയർ പണികൾക്കായി അമേരിക്ക പിടിക്കുന്ന പല വേന്ദ്രന്മാരും ഡോളർ സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ ടൺ കണക്കിന് വാങ്ങിക്കൊണ്ടുവരുന്നതും ലേബൽ ഇളക്കി മാറ്റി നാട്ടിൽ വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതുമൊക്കെ ഇത്രയും വർഷത്തെ ബാംഗ്ലൂർ ജീവിതത്തിൽ ഒരുപാടു കണ്ടിട്ടുണ്ട്.

ഒരിക്കൽ എന്തോ ആവശ്യത്തിനായി ഡോളർ സ്റ്റോറുകളെക്കുറിച്ച് ഗൂഗിളിൽ തപ്പിക്കൊണ്ടിരുന്നപ്പോളാണ് യാദൃശ്ചികമായി ഒരു വീഡിയോ കണ്ണിൽപ്പെട്ടത്. സുന്ദരിയായ ഒരു വെപ്രാളക്കാരി പെൺകുട്ടി നിർത്താതെ സംസാരിച്ചുകൊണ്ട് ചുറുചുറുക്കോടെ ഡോളർ സ്റ്റോറിൽ പാഞ്ഞു നടന്നു ഷോപ്പ് ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഉഗ്രൻ തമാശകളുടെ അകമ്പടിയോടെ സ്റ്റോറിലെ പല സാധനങ്ങളും കാണിക്കുന്ന വളരെ രസകരമായ ഒരെണ്ണം.

ചാനലിന്റെ പേര് ലൈസ കോശി എന്നാണ്. ഏതൊരു മലയാളിയെയും പോലെ "കോശി" എന്ന ലാസ്റ്റ് നെയിം എന്നെയും ആകർഷിച്ചു. കോശിയുടെ വേരുകൾ തപ്പി ഞാൻ അലഞ്ഞു. Big Bang Theory യിലെ കൂത്രപ്പള്ളിയുടെ പേര് കണ്ടിട്ട് അവനൊരു കോട്ടയംകാരനാണ് എന്ന് തെറ്റിദ്ധരിച്ച് അബദ്ധം പറ്റിയത് പോലെ ലൈസാ കോശി ഒടുവിൽ വല്ല മെക്സിക്കനോ ആഫ്രിക്കനോ ഒന്നുമാവല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഗൂഗിളിൽ തപ്പിയപ്പോൾ കണ്ടത് അക്ഷരാർത്ഥത്തിൽ എന്റെ കണ്ണ് തള്ളിച്ചു. ( സാന്ദർഭികമായി പറയട്ടെ, ലൈസാ കോശി എന്ന പേര് ഞാൻ ആദ്യം വായിച്ചത് ലൈസാ കൊച്ചി എന്നായിരുന്നു. എന്തെങ്കിലും അസുഖമാണോ ഇല്യൂഷനാണോ എന്നറിയില്ല, shy എന്നത് chy എന്ന് രണ്ടു മൂന്നു സ്ഥലത്ത് വായിച്ച് അബദ്ധം പറ്റിയിട്ടുണ്ട് ).

ഊഹിച്ചത് പോലെ ലൈസ മലയാളി തന്നെയായിരുന്നു. സാങ്കേതികമായി മാത്രം. എലിസബത്ത് ഷൈലാ കോശി എന്നാണ് യഥാർത്ഥ പേര്. അച്ഛൻ മലയാളിയായ ജോസ് കോശി. അമ്മ ജർമൻകാരിയാണ്. ലൈസ ജനിച്ചതും വളർന്നതും പഠിച്ചതും അമേരിക്കയിലാണ്.

ഇരുപത്തിനാലുകാരിയായ ലൈസയുടെ യൂട്യൂബ് ചാനൽ ഒരു വൻ സംഭവമാണ്. ഈ ചാനലിന് പതിനെട്ടു മില്യൺ സബ് സ്ക്രൈബേഴ്‌സാണുള്ളത്. അതായത് ഏകദേശം രണ്ടു കോടി ജനങ്ങൾ ഈ ചാനൽ ഫോളോ ചെയ്യുന്നുണ്ട്. ഏഴു വർഷം പഴക്കമുള്ള ലൈസയുടെ ചാനലിന്റെ ഇതുവരെയുള്ള മൊത്തം വ്യൂസ് ഇരുനൂറ്റമ്പത്‌ കോടിയോളം വരും. ഏതൊരു അമേരിക്കൻ നഗരത്തിലും കാണാൻ കിട്ടുന്ന ഒരു അർബൻ ടീനേജറുടെ എല്ലാ ഊർജ്ജവും പ്രസരിപ്പിക്കുന്നതാണ് ലൈസയുടെ വിഡിയോകൾ.

വിചിത്രവും രസകരവുമായ മുഖഭാവങ്ങൾ, വളരെ വേഗതയിലുള്ള സംസാരം, ലേസർ ഷാർപ്പ് കട്ടുകൾ, അസാധാരണമായ ക്യാമറ ആംഗിളുകൾ തുടങ്ങി വളരെ ആകർഷകമാണ് ഇതിലെ ഉള്ളടക്കം. കൗമാരത്തിലൂടെ കടന്നു പോകുന്ന ഏതൊരു പെൺകുട്ടിയുടെയും ജീവിതവും അതിലെ കൗതുകവും സന്തോഷവും സങ്കടവും എല്ലാം ഇതിലെ വീഡിയോകളിൽ കാണാം. ബ്യൂട്ടി ടിപ്സ്, ഷോപ്പിംഗ് ടിപ്സ്, തുടങ്ങി David Dobrikഎന്ന മറ്റൊരു പ്രശസ്ത യൂട്യൂബറുമായി ഡേറ്റിങ്ങിലായിരുന്ന സമയത്ത് ഡേവിഡുമൊന്നിച്ചുള്ള ചെയ്ത വിഡിയോകൾ (ബ്രേക്കപ് സഹിതം) വരെ ഇതിലുണ്ട്. സ്വാഭാവികമായും ആ ഒരു പ്രായത്തിലുള്ളവരുടെയിടയിൽ ലൈസയുടെ വിഡിയോകൾ തരംഗം സൃഷ്ടിച്ചതിൽ അതിശയമില്ല.

ഇത്രയും വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവാം, ഇതിലെന്താണ് ഇത്ര വലിയ പ്രത്യേകതയെന്ന്. ഇങ്ങനെ സ്മാർട്ടായ പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ വേറെയുമുണ്ടല്ലോ. മറ്റൊരു പ്രശസ്ത അമേരിക്കൻ ഇന്ത്യൻ യൂട്യൂബറായ ലില്ലി സിങ് തന്നെ ഉദാഹരണം. എന്നാൽ കാര്യമുണ്ട്. കേവലം യൂട്യൂബിൽ മാത്രം ഒതുങ്ങുന്നതല്ല ലൈസ എന്ന പേര്. നരസിംഹത്തിലെ പൂവുള്ളി ഇന്ദുചൂഡനെ പോലെ ലൈസ ഇന്നൊരു ബ്രാൻഡായി മാറിയിട്ടുണ്ട്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പല പ്രശസ്തർക്കും സാധിക്കാത്ത ഒരുപാടു നേട്ടങ്ങൾ ഈ പെൺകുട്ടിയുടെ പേരിലുണ്ട്. ഏറ്റവും വേഗത്തിൽ പത്ത് മില്യൺ സബ്സ്ക്രൈബേഴ്‌സ് നേടിയ ആദ്യ യൂട്യൂബറായ ലൈസയുടെ ചാനൽ ലോകപ്രശസ്തരായ പല സെലിബ്രിറ്റികളും സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കാൻ വേണ്ടി ചാനലിൽ നടത്തിയ ഒരു അഭിമുഖ പരിപാടിയിൽ അതിഥിയായി വന്നത് സാക്ഷാൽ ബരാക് ഒബാമയായിരുന്നു.

ചാനൽ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലോകപ്രശസ്ത ഹോളിവുഡ് താരമായ വിൽ സ്മിത്ത് സ്വന്തം ചിത്രമായ "Gemini Man" പ്രദർശനത്തിനൊരുങ്ങുന്ന സമയത്ത് ലൈസയെ ക്ഷണിച്ചു വരുത്തി അദ്ദേഹത്തിന്റെ ചാനലിൽ ഒരു പ്രൊമോഷൻ വീഡിയോ വരെ ചെയ്തിരുന്നു എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ ലൈസയുടെ റീച്ച് എത്രത്തോളമുണ്ടെന്ന്. ഒന്ന് രണ്ടു മാസം മുമ്പ് സ്മിത്ത് ലൈസയെ വീഡിയോ കോൺഫെറെൻസിങ് ടൂളായ സൂമിൽ കൂടി ഒരു ഡാൻസ് ചാലഞ്ചിന്‌ ക്ഷണിച്ചതും വാർത്തയായിരുന്നു.

"Liza on Demand" എന്ന ഒരു കോമഡി വെബ് സീരീസിൽ ലൈസ പൂർണ നഗ്നയായും അഭിനയിച്ചു. 2017 -ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിന് മുമ്പായി ട്വിറ്ററിൽ ലൈസ അവതരിപ്പിച്ച ഒരു ലൈവ് പ്രീ-ഷോ നേടിയത് രണ്ടര മില്യൺ വ്യൂസ് ആണ്. അതൊരു റെക്കോർഡ് ആയിരുന്നു. MTV മൂവി അവാർഡുകൾ അവതരിപ്പിക്കാൻ അവസരം കിട്ടിയ ആദ്യത്തെ സോഷ്യൽ മീഡിയ താരം, പ്രശസ്ത ഫാഷൻ മാസികയായ "Vogue" നടത്തുന്ന "73 Questions" എന്ന സീരീസിൽ അഭിമുഖം ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ സ്റ്റാർ തുടങ്ങി ഈ ചെറിയ പ്രായത്തിനുള്ളിൽ ലൈസ നേടിയ ബഹുമതികൾ അനവധിയാണ്. നാലഞ്ച് സിനിമകളിലും ലൈസ അഭിനയിച്ചിട്ടുണ്ട്. ലൈസ അഭിനയിച്ച "Work It" എന്ന കോമഡി ചിത്രം സ്ട്രീമിങ് പ്ലാറ്റ്ഫോമായ Netflix-ൽ കൂടി കഴിഞ്ഞയാഴ്ച റിലീസായിട്ടുണ്ട്. എന്നാൽ ഈ കുറിപ്പ് ഇപ്പോൾ പോസ്റ്റ് ചെയ്യാൻ അതല്ല കാരണം. ഈയിടെയുണ്ടായ മറ്റൊരു സംഭവമാണ്.അമേരിക്കൻ ഡ്രീം എന്ന പ്രലോഭനത്തിൽ അവിടെ എത്തിപ്പെടുന്ന ഇന്ത്യക്കാർ പ്രധാനമായും രണ്ടു തരമാണ്. ഒന്ന് - അവിടെ എന്തെങ്കിലും ജോലിയോ ബിസിനസ്സോ ചെയ്തു പണമുണ്ടാക്കി തിരികെ ഇന്ത്യയിൽ വന്നു ആഢംബരമായി ജീവിക്കുക എന്ന ഉദ്ദേശത്തോടു കൂടി വരുന്നവർ. രണ്ട് - സ്ഥിരമായി അവിടെ താമസമാവുക, മികച്ച ജീവിത സൗകര്യങ്ങളിൽ ജീവിക്കുക എന്ന ഉദ്ദേശത്തോടെ വരുന്നവർ. ഉദാഹരണം പഞ്ചാബികൾ. തങ്ങളുടെ ഇന്ത്യൻ വ്യക്തിത്വം പുറത്തു കാണിക്കാൻ പലപ്പോളും അവർ അത്ര താല്പര്യം കാണിക്കാറില്ല. വേഷം, പേര് തുടങ്ങിയവയൊക്കെ പരിഷ്കരിച്ച് ഒരു അമേരിക്കനായി അവർ മാറും.

You may also like:YouTube Stars| അതിർത്തി തർക്കമില്ലാത്ത രുചിവൈവിധ്യം; മലയാളികൾക്കും പരിചിതയായ ചൈനക്കാരി

എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തയാണ് ലൈസ. ഇരുണ്ട നിറമുള്ളതും വെളുത്ത നിറമുള്ളതുമായ അച്ഛനമ്മമാർക്ക് പിറന്ന തവിട്ടു നിറമുള്ള പെണ്ണാണ് താൻ എന്ന് അഭിമാനത്തോടെ പറയുന്നയാളാണ് ലൈസ. താനൊരു മലയാളി കൂടിയാണെന്നും ലൈസ ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി കൊടുത്തിരുന്നു. ഇങ്ങനെ ഒരു രീതിയിലും കറുത്തവരുടെ അപകർഷതാ ബോധം കൊണ്ട് നടക്കാതിരിക്കുകയും തൊലിയുടെ നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ പച്ചയ്ക്കു വിമർശിക്കുകയും എതിർക്കുകയുമൊക്കെ ചെയ്യുന്ന, ചെയ്തിരുന്ന ലൈസ ഇപ്പോൾ ചെന്ന് പെട്ട ഒരു വിവാദത്തിൽ നിന്ന് നമുക്കും പലതും പഠിക്കാനുണ്ട്. ലൈസയുടെ സിനിമ ഇറങ്ങുന്നത് പ്രമാണിച്ച് അണിയറക്കാർ നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടാണോ ഇതെന്നറിയില്ല. അങ്ങനെയായാൽ പോലും അതിന്റെ പ്രാധാന്യം ഇല്ലാതാവുന്നില്ല.

രണ്ടു മൂന്നു വർഷം മുമ്പ് വരെ ലൈസ മറ്റൊരു യൂട്യൂബറായ ഡേവിഡുമായി ഡേറ്റിങ്ങിലായിരുന്നു എന്ന് പറഞ്ഞല്ലോ. അക്കാലത്തൊരിക്കൽ അവർ രണ്ടു പേരും കൂടി ഒരു വീഡിയോ ചെയ്തിരുന്നു. രുചികരമായ ജാപ്പനീസ് ജെൽ കാൻഡികളെക്കുറിച്ചുള്ള രസകരമായ ഒരു വീഡിയോ. "ഈ മിട്ടായി കഴിച്ചാൽ ജപ്പാൻകാരെ പോലെ നമുക്കും സംസാരിക്കാൻ പറ്റുമോ?" എന്ന് തമാശയായി പറഞ്ഞുകൊണ്ട് ഡേവിഡ് അവരുടെ സംഭാഷണം അനുകരിക്കാൻ ശ്രമിക്കുന്നു. "Oh No !!" എന്ന് ലൈസ അതിനോട് പ്രതികരിക്കുന്നതും വീഡിയോയിലുണ്ട്. ജപ്പാൻകാർ സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ഭാഷ മനസ്സിലാവാത്തതുകൊണ്ടും അനുനാസികങ്ങളുടെ പ്രയോഗം കൊണ്ടും മറ്റുള്ളവർക്കതൊരു തമാശയായി തോന്നാമെന്നത് വാസ്തവമാണ്. അതാണ് ഡേവിഡും ഉദ്ദേശിച്ചതെങ്കിലും @callmesukiwi എന്ന ടിക്‌ടോക് ഹാൻഡിൽ ഇതിലെ റേസിസം ചൂണ്ടിക്കാണിച്ചതോടെയാണ് ഇത് വിവാദമായത്.

ഏഷ്യൻ വംശജർ തങ്ങളുടെ ശാരീരികമായ പ്രത്യേകതകൾ, മുഖത്തിന്റേയും കണ്ണുകളുടെയും മൂക്കിന്റേയും ആകൃതി തുടങ്ങി പല കാരണങ്ങളാലും പ്രത്യക്ഷമായിട്ടല്ലെങ്കിലും വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് പണ്ടേയുള്ള ആക്ഷേപമാണ്. അതിൽ സത്യമുണ്ട് താനും. വെറുമൊരു തമാശയാണെന്നു ഡേവിഡ് അവകാശപ്പെട്ട ആ സംഭവം എങ്ങനെയാണ് "normalized racism" എന്ന നിർവചനത്തിനു കീഴിൽ വരുന്നതെന്നറിയണമെങ്കിൽ ആ ടിക്റ്റോക്കറുടെ ഭാഗത്ത് നിന്ന് നമ്മൾ ചിന്തിക്കേണ്ടി വരും. കൗമാരം കടക്കാത്ത അവർക്കും ആ ബോധം അന്നില്ലായിരുന്നു.

ഇപ്പോൾ ഇത് വിവാദമായതോടെ ലൈസ വിഷയത്തോട് പ്രതികരിച്ചു. അറിഞ്ഞുകൊണ്ടല്ലെങ്കിലും ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് രണ്ടു പേജുള്ള ഒരു കുറിപ്പ് ലൈസ ട്വിറ്ററിലും യൂട്യൂബിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. "A little brown girl" എന്ന് സ്വയം വിശേഷിപ്പിക്കുന്ന താൻ പോലും യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവത്തിൽ കൂടി ഒരു റേസിസ്റ്റ് ആയി മുദ്ര കുത്തപ്പെട്ടതെങ്ങനെയെന്നു മാത്രമല്ല അവൾ അതിൽ വിവരിക്കുന്നത്. നിരുപദ്രവം എന്ന് നമ്മൾ കരുതുന്ന പല തമാശകളും എങ്ങനെയാണ് മറ്റു ചിലരെ വേദനിപ്പിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കേണ്ടത് അത്ര അത്യാവശ്യമാണ് എന്ന് എടുത്തു പറയുന്നു ലൈസ.

നമ്മുടെ കൊച്ചു മലയാളത്തിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് സംബന്ധമായ ചൂടൻ ചർച്ചകളിൽ സ്ഥിരം കാണാറുള്ള ഒരു വിഷയം കൂടിയാണിത്. കടുത്ത പുരോഗനവാദം സംസാരിക്കുന്നവർ പലരും തമിഴൻമാരെ പാണ്ടികളെന്നും തെലുങ്കന്മാരെ ഗുൽട്ടികളെന്നും ഒക്കെ മറയില്ലാതെ വിളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ബംഗാളികളുടെയും ഒഡിയകളുടെയും ബുദ്ധിയെ കളിയാക്കുന്നതും നമുക്ക് തമാശയാണ്. എന്നാൽ സത്യത്തിൽ ഈ തമാശ പറയുന്നവരൊക്കെ റേസിസ്റ്റുകളാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. ഇത്തരം തമാശകളൊക്കെ ഇപ്പോളും ഉപയോഗിക്കുന്ന ഒരാളാണ് ഞാനും. അതോടൊപ്പം സ്വയം കളിയാക്കാനും മടിയില്ല എന്ന് മാത്രം.

ഒരുപക്ഷെ മലയാളിക്ക് മാത്രമുള്ള ഒരു ഗുണമാണത്. മറ്റുള്ളവരെ കളിയാക്കുന്നതിനോടൊപ്പം സ്വയം ഒരു തമാശ കഥാപാത്രമാവാനും മലയാളിക്ക് മാത്രമേ പറ്റൂ. ഇങ്ങനെയൊക്കെ ന്യായീകരിക്കാമെങ്കിലും എപ്പോളാണ് ഇത് വിമർശിക്കപ്പെടേണ്ടത് എന്ന് ചോദിച്ചാൽ ഇക്കാരണങ്ങൾ കൊണ്ട് മാത്രം ഒരാൾ മാറ്റി നിർത്തപ്പെടുമ്പോളാണ് എന്ന് ഞാൻ പറയും. പണ്ടത്തെ പോലുള്ള പരസ്യമായ തൊട്ടുകൂടായ്മയും തീണ്ടായ്മയും ഒന്നുമല്ല ഇപ്പോളുള്ളത്, ലോകം ഒരുപാടു മാറിപ്പോയി എന്ന് അഭിമാനിക്കുന്ന പലരും ഇപ്പോളും മിഡിൽ ക്ലാസ് - അപ്പർ ക്ലാസ് സൊസൈറ്റിയിൽ ജാതിയുടെയും നിറത്തിന്റെയും പേരിൽ നിശബ്ദമായി നടക്കുന്ന ഒതുക്കലുകൾ കാണുന്നില്ല. അഥവാ നമ്മളും അതിനെ നിശബ്ദമായി അംഗീകരിക്കുന്നു.

"normalized racism" എന്ന പ്രയോഗത്തിന്റെ സാംഗത്യം ഇവിടെയാണ്. ലൈസയ്ക്കു പറ്റിയത് നമുക്കും പറ്റാം. എപ്പോൾ വേണമെങ്കിലും. അവളുടെ കുറിപ്പ് ശ്രദ്ധേയമാകുന്നതും ആ സാഹചര്യത്തിലാണ്. "YOUR NEW FAVORITE BLACK ARTISTS • 1 VIEW = 1 DONATION " എന്ന പേരിൽ ലൈസ ഇപ്പോൾ ഒരു ഫണ്ട് റെയ്സർ കാമ്പയിൻ നടത്തുന്നുണ്ട്. എന്നാലും ഈ സംഭവം അവൾക്കുണ്ടാക്കിയ ഡാമേജ് ചെറുതല്ല.

മാറിവരുന്ന ലോകത്തിൽ എല്ലാം ഒരു കച്ചവടച്ചരക്കാണെന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ. വേണമെന്ന് വച്ചാൽ ചില സാഹചര്യങ്ങളിൽ നമുക്കും അല്പസ്വല്പം കറക്ട്നെസ്സ് ഒക്കെയാവാം. എല്ലായിടത്തും അത് സാധിക്കില്ല, അങ്ങനെ നോക്കാൻ തുടങ്ങിയാൽ ജീവിതം തന്നെ യാന്ത്രികമായി മാറും എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യൻ ആത്യന്തികമായി പല ബലഹീനതകളുമുള്ള ഒരു മൃഗം തന്നെയാണ്. എത്രയൊക്കെ പെയിന്റടിച്ച് വച്ചാലും അവന്റെ തനിനിറം അറിയാതെ പുറത്തു വരാതിരിക്കില്ല.
Published by: Naseeba TC
First published: September 1, 2020, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading