ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഇസ്ലാം മത വിശ്വാസികളാണ് റമദാൻ അല്ലെങ്കിൽ റംസാൻ എന്നു വിളിക്കുന്ന ഈ പുണ്യ മാസം ആചരിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിൽ നോമ്പ് നോൽക്കൽ ഇസ്ലാമിൻറെ അഞ്ച് അടിസ്ഥാന കർമ്മങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഈ പരിശുദ്ധ മാസത്തിൽ മുസ്ലിങ്ങൾ നിത്യ ജീവിതത്തിൽ പതിവിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനായി വിശ്വാസികൾ കർമ്മങ്ങൾ അധികരിപ്പിക്കുന്ന ഒരു മാസം കൂടിയാണിത്.
പകൽ സമയം മുഴുവൻ നോമ്പനുഷ്ഠിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസികൾ പാവപ്പെട്ടവർക്കും, മറ്റു നിരാലംബർക്കും വേണ്ട സഹായങ്ങൾ നൽകുകയും കൂടുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു മാസം കൂടിയാണ് റമദാൻ.
റംസാൻ പിറ പ്രത്യക്ഷപ്പെടുന്നതിനെ അടിസ്ഥാനമാക്കിയാണ് വ്രതം ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ തന്നെ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഇതു കൊണ്ടാണ് എല്ലാ വർഷവും ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ആചാരങ്ങളുടെ തിയതി വ്യത്യസ്ഥമായി വരുന്നത്.
ഈ വർഷം ഏപ്രിൽ 12 (തിങ്കളാഴ്ച) മുതൽ റമദാൻ തുടങ്ങുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. 30 ദിവസത്തെ നോമ്പ് കർമ്മം അവസാനിച്ചാൽ മെയ് 12 (ബുധനാഴ്ച) നായിരിക്കും ഈദുൽ ഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുക. എന്നാൽ പിറ കാണുന്നതിനനുസരിച്ച് ഈ തിയതികളിൽ മാറ്റം ഉണ്ടായേക്കാം.
പ്രവാചകർ മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാടുണ്ടായ മാസമാണ് റമളാൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ചന്ദ്രക്കല കണ്ടുതുടങ്ങുന്ന റമദാൻ അടുത്ത ചന്ദ്രക്കല കാണുന്നതുവരെ അവശേഷിക്കും. പ്രായപൂർത്തിയായ വിശ്വാസികൾക്ക് റമദാൻ മാസം വ്രതം നിർബന്ധമാണ്. അതേസമയം രോഗികളും യാത്രക്കാരും ഗർഭിണികളും നോമ്പ് നോൽക്കേണ്ടതില്ല.
പ്രവാചകർ മുഹമ്മദ് നബിക്ക് ഖുർആൻ അവതരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഈ പരിശുദ്ധ മാസത്തെ ഓർമിക്കാൻ വിശ്വാസികൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് വ്രതം അനുഷ്ഠിക്കുക. ഹിന്ദിയിൽ റോസ എന്നാണ് നോമ്പിനെ വിളിക്കുന്നത്. സൂര്യനുദിക്കുന്നതിനു മുന്പ് വിശ്വാസികൾ ഭക്ഷണം കഴിക്കും. സുഹൂർ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വൈകിട്ട് നോമ്പ് അവസാനിപ്പിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന് ഇഫ്താർ എന്നാണ് പറയുന്നത്.
ഈദുൽ ഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതോടു കൂടിയാണ് റമദാൻ മാസത്തിന് അന്ത്യം കുറിക്കുക. വിശ്വാസികൾ കൊച്ചു കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും, പുതിയ വസ്ത്രങ്ങൾ ധരിക്കുകയും, മധുരമൂറുന്ന വിഭവങ്ങൾ ഉണ്ടാക്കുകയുമൊക്കെ പെരുന്നാളിന്റെ ഭാഗമാണ്. പെരുന്നാൾ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളെ സന്ദർശിക്കലും വിശ്വാസികൾ പുണ്യമായി കാണുന്നു.
Keywords: ramadan, ramzan, ramzan date, ramzan 2021, eid ul fitr, eid, നോമ്പ്, പെരുന്നാൾ, റംസാൻ, റമദാൻ, പെരുന്നാൾ, ഇഫ്താർ, അത്താഴം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Islamic calendar, Islamic new year, Ramadan