• HOME
 • »
 • NEWS
 • »
 • life
 • »
 • Sand Art | ഈ ദീപാവലിക്ക് പടക്കങ്ങൾ വേണ്ട; പരിസ്ഥിതി സൗഹൃദ ആഘോഷങ്ങൾ പ്രചരിപ്പിക്കാൻ സാൻഡ് ആർട്ടുമായി വിദ്യാർത്ഥികൾ

Sand Art | ഈ ദീപാവലിക്ക് പടക്കങ്ങൾ വേണ്ട; പരിസ്ഥിതി സൗഹൃദ ആഘോഷങ്ങൾ പ്രചരിപ്പിക്കാൻ സാൻഡ് ആർട്ടുമായി വിദ്യാർത്ഥികൾ

പടക്കങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു

 • Share this:
  ലോകത്തിലെ തന്നെ ഏറ്റവും അന്തരീക്ഷ മലിനീകരണം (Atmospheric Pollution) നിലനില്‍ക്കുന്ന നഗരങ്ങളില്‍ (Cities) മുന്‍പന്തിയിലാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങള്‍ (ഡല്‍ഹിയും, നോയിഡയും. വരാണാസിയും.). കാലാകാലങ്ങളായി ദീപാവലിക്ക് (Diwali) ശേഷം ഈ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിക്കാറുമുണ്ട്. ദീപാവലിയോട് അനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങളും പടക്കം പൊട്ടിക്കലുമൊക്കെയാണ് അതിന് പ്രധാന കാരണങ്ങളിലൊന്ന്. ഹരിയാനയിലെയും (Haryana)മറ്റും കരിമ്പുപാടങ്ങളില്‍ തീയിടുന്നതും അഅന്തരീക്ഷ മലിനീകരണത്തിന് മറ്റൊരു കാരണമാണ്.

  ഈ വര്‍ഷത്തെ ദീപങ്ങളുടെ ആഡംബരോത്സവത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തെ നഗരങ്ങള്‍ ആഘോഷത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. അതിനായി ആളുകള്‍ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ വാങ്ങുന്നതിനിടയില്‍, ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതിയോട് ഇണങ്ങിയ ദീപാവലി ആഘോഷങ്ങള്‍ (Eco-friendly Diwali) നടത്താനുള്ള പ്രചരണത്തിലാണ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ സന്ദേശം നല്‍കുവാന്‍ ഉത്തര്‍പ്രദേശിലെ അലഹബാദ് സര്‍വകലാശാലയിലുള്ള വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ ഒരു മാര്‍ഗ്ഗമാണ് തിരഞ്ഞെടുത്തത്. ഇക്കോ ഫ്രണ്ട്ലി ദീപാവിലിയ്ക്കായി അവര്‍ മനോഹരമായ മണല്‍ ചിത്രങ്ങളും മണല്‍ ശില്‍പങ്ങളും തയ്യാറാക്കുകയാണ്.

  പടക്കങ്ങള്‍ക്ക് പകരമായി മണലില്‍ മനോഹരമായ രംഗോലികളും വിളക്കുകളും തീര്‍ത്തിരിക്കുകയാണ് ഈ കലാകാരന്മാര്‍. ''ദീപാവലി, ദീപങ്ങളുടെ ഉത്സവമാണ്. വിളക്കുകള്‍, സമാധാനം, ഐക്യം എന്നിവയോടെ വേണം ആ ദിവസം ആഘോഷിക്കപ്പേടണ്ടത്. മലിനീകരണം പടര്‍ത്തുന്ന പടക്കങ്ങളിലൂടെയല്ല ആഘോഷിക്കേണ്ടത്. സാന്‍ഡ് ആര്‍ട്ടിലൂടെ ഈ സന്ദേശം എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,'' വിദ്യാര്‍ത്ഥിയും സാന്‍ഡ് ആര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരികളിലൊരാളുമായ വര്‍ഷ പറഞ്ഞു. ഈ വര്‍ഷം പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കുന്നതിനുള്ള രീതികള്‍ ആളുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വര്‍ഷയും അവരോടൊപ്പമുള്ള സുഹൃത്തുക്കളും വെളിപ്പെടുത്തി.

  ''ഞങ്ങള്‍ ദീപാവലിയെ അടിസ്ഥാനമാക്കി സാന്‍ഡ് ആര്‍ട്ട് നടത്തിയിരിക്കുകയാണ്. ആളുകള്‍ സ്റ്റിക്കറുകളും ഫാക്ടറി നിര്‍മ്മിത അലങ്കാരവസ്തുക്കളും വാങ്ങുന്നത് ഒഴിവാക്കുന്നതിനായി, നമ്മുടെ പാരമ്പര്യം ചിത്രീകരിക്കുന്ന രംഗോലികള്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മലിനീകരണ വസ്തുക്കള്‍ ഒഴിവാക്കി പകരം ആളുകള്‍ വീടുകളില്‍ രംഗോലികള്‍ വരയ്ക്കണം. ഫൈബര്‍-പ്ലാസ്റ്റിക്കുകളില്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ ഒഴിവാക്കി കളിമണ്ണില്‍ നിര്‍മ്മിച്ച വിളക്കുകളും പാത്രങ്ങളും വാങ്ങാന്‍ ആളുകള്‍ ശ്രമിക്കണം. അതുപോലെ മലിനീകരണം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാല്‍ നിര്‍മ്മിച്ച പടക്കങ്ങളെ (ഗ്രീന്‍ ക്രാക്കേഴ്സ്) പൊട്ടിക്കാവൂ,'' മറ്റൊരു വിദ്യാര്‍ത്ഥിയായ അജയ് എഎന്‍ഐയോട് പറഞ്ഞു.

  നവംബര്‍ 4 നാണ് രാജ്യവ്യാപകമായി ദീപാവലി ആഘോഷങ്ങള്‍ നടക്കുക. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ്‌  നിയന്ത്രണങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച നടപടികളിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പുകമഞ്ഞിന്റെയും മലിനീകരണത്തിന്റെയും തോത് കുറയ്ക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

  പടക്കങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. നിയമലംഘനം നടന്നാല്‍ നിയമപാലകര്‍ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
  Published by:Jayashankar AV
  First published: