ഗവേഷകയും എഴുത്തുകാരിയും ബഹുജന മുന്നേറ്റങ്ങൾക്ക് പേരുകേട്ട വ്യക്തിയുമായിരുന്ന ഗെയ്ൽ ഓംവിത് അന്തരിച്ചു. 81 വയസ്സായിരുന്നു.
അമേരിക്കയിൽ ജനിച്ച ഇന്ത്യൻ എഴുത്തുകാരി ദളിത് രാഷ്ട്രീയത്തെ കുറിച്ചും, സത്രീകളുടെ പോരാട്ടങ്ങളെ കുറിച്ചും, ജാതി വിരുദ്ധ സമരങ്ങളെ കുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ മിക്ക ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു ഓംവിത്. കൊയ്ന ഡാം നിർമ്മാണത്തെ തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ഓംവിതിന്റെ സമരങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഭർത്താവും, സാമൂഹിക പ്രവർത്തകനുമായ ഭാരത് പത്നാകറിനൊപ്പം ചേർന്നാണ് ഓംവിത് ശ്രാമിക് മുക്തി ദൾ എന്ന സംഘടന രൂപീകരിച്ചത്. ഇവരുടെ മകളും മരുമകനും, പേരമകളും അമേരിക്കയിലാണ് താമസിക്കുന്നത്.
യുഎസിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ഓംവിത് യുദ്ധ വിരുദ്ധ മുന്നേറ്റങ്ങളിലെ സ്ഥിരം സാനിധ്യമായിരുന്നു. ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായാണ് അവർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ സാമൂഹിക മുന്നേറ്റങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ഓംവിത് മഹാത്മാ ഫൂലെയെ കുറിച്ചായിരുന്നു ഗവേഷണം നടത്തിയത്. ‘പടിഞ്ഞാറൻ ഇന്ത്യയിലെ ബ്രാഹ്മണേതര മൂന്നേറ്റങ്ങൾ’ എന്നാണ് ഓംവിതിന്റെ തീസിസ്.
ഇന്ത്യയിലേക്ക് താമസം മാറാൻ തീരുമാനിച്ച ശേഷം മുതിർന്ന സാമൂഹിക പ്രവർത്തകനായ ഇന്ദുതായ് പതങ്കറുമായുള്ള ഓംവിതിന്റെ ബന്ധം ഇന്ത്യയിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും അവയുടെ ഭാഗമാകാവും അവരെ സഹായിച്ചു.
ഓംവിത് 25 പുസത്കങ്ങൾ ഇതുവരെ രചിച്ചിട്ടുണ്ട്. ഇൻ കൊളോണിയൽ സെസൈറ്റി - നൊൺ ബ്രാഹ്മിൺ മൂവ്മെന്റ് ഇൻ വെസ്റ്റേൺ ഇന്ത്യ, സീകിംഗ് ബേഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ ബാബാസാഹബ് അംഹേദ്കർ, മഹാത്മ ഫൂലേ, ദളിത് ആന്റ് ഡെമോക്രാറ്റിക് റെവൊല്യൂഷൻ, അണ്ടർസ്റ്റാന്റിംഗ് കാസ്റ്റ്, വി വിൽ സമാഷ് ദ പ്രിസൺ, ന്യൂ സോഷ്യൽ മൂവ്മെന്റ് ഇൻ ഇന്ത്യ എന്നിവ ഓംവിതിന്റെ പുസ്തകങ്ങളിൽ പെടുന്നു.
പൂനെ സർവകലാശാലയിലെ സോഷ്യോളജി ഡിപ്പാർട്മെന്റിലെ ഫൂലേ-അംബേദ്കർ ചെയർ അധ്യക്ഷയായിരുന്നു ഓംവിത്. കൂടാതെ കോപൻഹേഗനിലെ ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറായും, ഡൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എന്നിവിടങ്ങളിലും ഓംവിത് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അമേരിക്കയിലെ മിനിയാപോളീസിലാണ് ഗെയ്ൽ ഓംവിത് ജനിച്ചത്. കാർലേടൺ കോളേജിൽ നിന്നായിരുന്നു അവർ ബിരുദം നേടിയത്. 1973 ൽ യു സി ബെർക്കിലിയിൽ നിന്ന് സോഷ്യോളജിയിൽ പി എച്ച് ഡി നേടി. 1983 ലാണ് ഓംവിത് ഇന്ത്യൻ പൗരത്വം നേടിയത്. ഇതിന് ശേഷം ഇന്ത്യയിൽ തന്നെയാണ് അവർ താമിസിച്ചത്. ഭാരത് പത്നാകറുമായുള്ള വിവാഹ ശേഷം മഹാരാഷ്ട്രയിലെ കാസിഗാവോവയിൽ അദ്ദേഹത്തിന്റെ അമ്മയോടൊപ്പമാണ് ഇരുവരും കഴിയുന്നത്.
ഓഗസ്റ്റ് 26 ന് സംഗ്ലി ജില്ലയിലെ കസിഗോവോവിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.