• HOME
  • »
  • NEWS
  • »
  • life
  • »
  • ജയാബച്ചന് വേണ്ടി ക‍ർവാചൗത്ത് ദിവസം വ്രതമെടുത്തിരുന്നു; അമിതാഭ് ബച്ചന്റ വെളിപ്പെടുത്തൽ

ജയാബച്ചന് വേണ്ടി ക‍ർവാചൗത്ത് ദിവസം വ്രതമെടുത്തിരുന്നു; അമിതാഭ് ബച്ചന്റ വെളിപ്പെടുത്തൽ

അമിതാഭ് ബച്ചൻെറ 80-ാം പിറന്നാൾ ആഘോഷത്തിൻെറ ഭാഗമായിട്ടുള്ള കോൻ ബനേഗ ക്രോർപതി സ്പെഷ്യൽ എപ്പിസോഡിലാണ് ബിഗ് ബിയുടെ തുറന്നുപറച്ചിൽ

  • Share this:
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള താരദമ്പതികളാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി എന്തെന്ന് ബോധ്യപ്പെടുതത്തിയിട്ടുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോൻ ബനേഗാ ക്രോർപതി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമായി ഈയടുത്ത് ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ആദ്യമായാണ് ഇങ്ങനെ ഇരുവരും ഒരുമിച്ച് ഒരു ടെലിവിഷൻ ഷോയിൽ പ്രത്യക്ഷപ്പെടുന്നത്. ഷോയുടെ 14ാമത്തെ സീസണാണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

ഇരുവരും ഒരുമിച്ചുള്ള എപ്പിസോഡ് പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓരോ നിമിഷവും കാഴ്ചക്കാരെ ആസ്വദിപ്പിച്ച് കൊണ്ടാണ് ഇരുവരും ചേർന്ന് ഷോ മുന്നോട്ട് കൊണ്ടുപോയത്. അമിതാഭ് ബച്ചൻെറ 80-ാം പിറന്നാൾ ആഘോഷത്തിൻെറ ഭാഗമായിട്ടായിരുന്നു ഈ സ്പെഷ്യൽ എപ്പിസോഡ്. അമിതാബ് – ജയ ദമ്പതികളുടെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ് ഈ എപ്പിസോഡ് അവതരിപ്പിച്ചത്.

ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം പങ്കെടുത്ത എപ്പിസോഡിൽ നിരവധി രസകരമായ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. ചില പുതിയ വെളിപ്പെടുത്തലുകളും ഇതിലുണ്ടായി. ക‍ർവ ചൗത്ത് ദിവസം താൻ ജയ ബച്ചന് വേണ്ടി ഉപവാസം എടുക്കാറുണ്ടെന്ന് ബച്ചൻ പരിപാടിക്കിടയിൽ വെളിപ്പെടുത്തി. ഇരുവരുടെയും വിവാഹം കഴിഞ്ഞ കാലത്തായിരുന്നു ബച്ചൻ ഉപവസിച്ചിരുന്നത്.

കോൻ ബനേഗാ ക്രോർപതിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ തനിക്ക് മുന്നിലെത്തുന്ന മത്സരാർഥിയുടെ നീളൻ മുടിയെ അമിതാഭ് ബച്ചൻ പുകഴ്ത്തുന്നുണ്ട്. “ഞാൻ എൻെറ ഭാര്യയെ വിവാഹം ചെയ്തത് അവൾക്ക് നീളൻ മുടി ഉള്ളത് കൊണ്ടാണ്,” ഇങ്ങനെയായിരുന്നു ബച്ചൻെറ പരാമർശം. ഈ എപ്പിസോഡിൻെറ പ്രൊമോ വീഡിയോ സോണി ടിവിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

1971ൽ ഹൃഷികേഷ് മുഖർജി സംവിധാനം ചെയ്ത ഗുഡ്ഡി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അമിതാഭ് ബച്ചനും ജയ ബച്ചനും ആദ്യമായി തമ്മിൽ കണ്ടുമുട്ടുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഞ്ജീർ, അഭിമാൻ, ചുപ്കേ ചുപ്കേ, ഷോലെ, കഭി ഖുശി ഗം എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്. 1973ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്.

നടൻ അഭിഷേക് ബച്ചനും എഴുത്തുകാരിയും വ്യവസായിയുമായ ശ്വേത ബച്ചൻ നന്ദയുമാണ് അമിതാഭ് – ജയ ദമ്പതികളുടെ മക്കൾ. അഗസ്ത്യ നന്ദ, നവ്യ നന്ദ, ആരാധ്യ ബച്ചൻ എന്നിവർ കൊച്ചുമക്കളാണ്. അഭിഷേക് ബച്ചൻ ബോളിവുഡ് സൂപ്പർ താരം ഐശ്വര്യ റായിയെയാണ് വിവാഹം ചെയ്തത്. നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്.

അമിതാഭ് ബച്ചൻ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രം ‘ഊഞ്ചായ്’ ഈയടുത്ത് തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. അനുപം ഖേർ, ബൊമൻ ഇറാനി, ഡാനി ഡെൻസൊങ്പ, പരിണീതി ചോപ്ര, സരിഗ, നീന ഗുപ്ത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നവാഗതനായ സൂരജ് ബർജാട്യയാണ് ചിത്രത്തിൻെറ സംവിധായകൻ.
Published by:Anuraj GR
First published: