പാളയത്തെ സായിപ്പിനെ കാണുമ്പോൾ യൂണിവേഴ്സിറ്റി കോളജിലെ പൂർവ വിദ്യാർത്ഥികൾ കവാത്ത് മറന്നതെന്തുകൊണ്ട്?

പാളയത്ത് സായിപ്പിനെപോലെ നിരവധി വിളക്കുമരങ്ങളുണ്ട്: നമ്മളെ കരുതുന്നവർ: അവരിൽ പ്രധാനിയാണ് വിടവാങ്ങിയത്.. പ്രിയ സായിപ്പ്... മരിക്കാതിരിക്കട്ടെ... നമ്മുടെ ഹൃദയങ്ങളിൽ...

News18 Malayalam | news18-malayalam
Updated: August 1, 2020, 1:49 PM IST
പാളയത്തെ സായിപ്പിനെ കാണുമ്പോൾ യൂണിവേഴ്സിറ്റി കോളജിലെ പൂർവ വിദ്യാർത്ഥികൾ കവാത്ത് മറന്നതെന്തുകൊണ്ട്?
പാളയത്ത് സായിപ്പിനെപോലെ നിരവധി വിളക്കുമരങ്ങളുണ്ട്: നമ്മളെ കരുതുന്നവർ: അവരിൽ പ്രധാനിയാണ് വിടവാങ്ങിയത്.. പ്രിയ സായിപ്പ്... മരിക്കാതിരിക്കട്ടെ... നമ്മുടെ ഹൃദയങ്ങളിൽ...
  • Share this:
ജോയ് തമലം

തിരുവനന്തപുരം: ജീവിതത്തെ വൈകാരികമെന്നും വെറും ഭൗതികമെന്നും വിശേഷിപ്പിക്കാം. പാളയത്തെ സായിപ്പിനെ അടയാളപ്പെടുത്താൻ വൈകാരികതയ്ക്കപ്പുറമുള്ള അതിവൈകാരിക തലത്തിൽ നിന്ന് പറയണം. എനിക്ക് സായിപ്പ് ആരായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റി കോളജിലും ലോ കോളജിലുമൊക്കെ പഠിച്ചിരുന്ന സീനിയർ കൂട്ടുകാർ എഴുതിയതും എന്നെ പോലുള്ള ജൂനിയർ കക്ഷികൾ വായിച്ചതും. ശരിക്കും ആരായിരുന്നു എനിക്ക് സായിപ്പ്? ‌

വേണു (വേണു ബാലകൃഷ്ണൻ) ചേട്ടനോ സാബ്ലു (സാബ്ലു തോമസ്) ചേട്ടനോ പറഞ്ഞു പോലെയാണോ, അതോ കലാധരൻ ചേട്ടനും ഐ പി ബിനുവും (തിരുവനന്തപുരം കൗൺസിലർ) പറഞ്ഞതു പോലെയാണോ അങ്ങനെയൊന്നുമല്ല, പഴയ വിദ്യാർഥി പ്രതാപ കാലത്തെ കുരുത്തം ( സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നവർ) കെട്ടവരുടെ പാളയം വാട്സാപ്പ് കൂട്ടായ്മയിൽ മുബാറക്ക് ചേട്ടനും അഭിരാം ചേട്ടനുമൊക്കെ അടയാളപ്പെടുത്തിയതുപോലെ ആണോ ? ആരാണ് ശരിക്കും സായിപ്പ്..

തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളജിനും ലൈബ്രറിക്കും മധ്യേ വഴിയരികിൽ ഒരു മുറുക്കാൻ കട (തട്ടുകട) നടത്തിയിരുന്ന അബുബക്കർ എന്ന പച്ചയായ മനുഷ്യനും മനുഷ്യ സ്നേഹിയുമാണ് സായിപ്പ്. എന്നെ പോലെ തന്നെ പലർക്കും വളരെ വൈകിയാണ് അദ്ദേഹത്തിന്റെ പേര് പിടികിട്ടുന്നത് തന്നെ. അദ്ദേഹത്തെ എന്തിനാണ് സായിപ്പെന്ന് വിളിക്കുന്നതെന്നും അറിയില്ല (ഒരുപക്ഷെ സാഹിബ് എന്ന വിളി ആയിരിക്കും സായിപ്പ് എന്നായി മാറിയത് എന്നു കരുതാം) അദ്ദേഹത്തെ കണ്ടാൽ അങ്ങനെ വിളിക്കാൻ തോന്നും. അങ്ങനെയാണ് ഞാനും സായിപ്പെന്ന് അദ്ദേഹത്തെ വിളിച്ചത്.

2000ൽ യൂണിവേഴ്സിറ്റി കോളജിലെ 5 വർഷത്തെ പഠനം കഴിഞ്ഞ് പുറത്തിറങ്ങി ജോലി തുടങ്ങിയിട്ടും ദേശാന്തര യാത്രകളൊക്കെ പലത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധി പടരും മുമ്പ് വരെ പാളയത്ത് അല്ലറ ചില്ലറ ആവശ്യങ്ങൾക്ക് പോകുമ്പൊഴൊക്കെയും അദ്ദേഹത്തെ നേരിൽ കണ്ട് അദ്ദേഹത്തിൽ നിന്ന് ഉപ്പിട്ട നാരങ്ങാവെള്ളമോ സോഡാ നാരങ്ങയോ കുടിച്ചിരുന്നു.

ആ ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം അദ്ദേഹം തിരക്കും.കോളജിൽ പഠിക്കുമ്പോൾ കാഴ്ച പരിമിതരായ എന്‍റെ കൂട്ടുകാരെ തിരക്കിയാണ് പലപ്പോഴും സായിപ്പിന്‍റെ കടയിൽ പോയിരുന്നത്.ബൈജു ( ഇപ്പോൾ ലോട്ടറി വിൽക്കുന്നു) ചന്ദ്രബാബു (അധ്യാപകൻ) ഇവരൊക്കെ എന്നെ തിരക്കി വരുന്നതും സായിപ്പിന്‍റെ കടയിലായിരുന്നു. കൺഫ്യൂഷൻ ടീമൊക്കെ വരുന്നതിന് മുമ്പ് ബാലഭാസ്കറും (സംഗീത സംവിധായകൻ) എവിടെയെങ്കിലും പോവുകയാണെങ്കിൽ സായിപ്പിന്‍റെ കടയിൽ പറയും എന്നെ കണ്ടാൽ അങ്ങോട്ട് ചെല്ലാൻ പറയണമെന്നാവും അവൻ പറയുക. അങ്ങനെ കൂട്ടുകാരെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം. പഠനകാലത്ത് വിശന്നാലും സായിപ്പിനെ തേടി നമുക്ക് പോകാം, കാശ് പിന്നെത്തരാം എന്നൊക്കെ പറഞ്ഞ് ഉപ്പിട്ട് ഒരു സോഡാ നാരങ്ങ ധൈര്യമായി കുടിക്കാം.

ഡ‍ിഗ്രി കഴിഞ്ഞ് പിജിക്ക് ചേർന്ന സമയത്ത് ഞാൻ വല്ലാതങ്ങ് പെരുത്ത ബുദ്ധിജീവി ആയെന്ന തോന്നലോടെ ഒരിക്കൽ സായിപ്പിന്റെ ക‌‌‌ടയിൽ പോയി രണ്ട് വിൽസ് സിഗരറ്റ് വാങ്ങിയത് ഇന്നും ഓർമയുണ്ട്. അദ്ദേഹം സിഗരറ്റ് തന്നു, ആർക്കാണെന്ന് ചോദിച്ചു. പ്രൊഫസർ അലിയാർ സാറിനെന്ന് ഗംഭീര നുണ ഞാൻ തട്ടി വിട്ടു. സിഗരറ്റൊന്നും വലിക്കരുതെന്ന് സായിപ്പിന്‍റെ സ്നേഹോപദേശം. അന്ന് ബാലുവിന്‍റെ ക്ലാസ് മുറിയിലിരുന്ന് സിഗരറ്റ് വലിച്ച് ഞാൻ കുറെ നേരം കിറുങ്ങിക്കിടന്നു.

എപ്പോൾ കണ്ടാലും കൂട്ടുകാരെക്കുറിച്ചും ഒപ്പം പഠിച്ചവരെക്കുറിച്ചും പേരെടുത്ത് സായിപ്പ് തിരക്കുമായിരുന്നു. അദ്ദേഹം ഇത്രയധികം പേരെങ്ങനെ പഠിച്ചുവെന്നും മറക്കാതെ ഓർത്തുവച്ചുവെന്നും അറിയില്ല.

പാളയത്ത് സായിപ്പിനെപോലെ നിരവധി വിളക്കുമരങ്ങളുണ്ട്: നമ്മളെ കരുതുന്നവർ: അവരിൽ പ്രധാനിയാണ് വിടവാങ്ങിയത്.. പ്രിയ സായിപ്പ്... മരിക്കാതിരിക്കട്ടെ... നമ്മുടെ ഹൃദയങ്ങളിൽ...
Published by: Asha Sulfiker
First published: August 1, 2020, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading